
കാഴ്ചകളുടെ വിരുന്നായി കാവശ്ശേരി പൂരം ഇന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലത്തൂർ∙ കാഴ്ചവട്ടങ്ങളിൽ നാദവർണമായിക കാഴ്ചകളൊരുക്കി കാവശ്ശേരി പൂരം ഇന്ന് ആഘോഷിക്കും. ഉത്സവപ്പൊലിമയിൽ ലയിച്ചു ചേരാൻ ദേശക്കാർ ആബാലവൃദ്ധം പൂരപ്പറമ്പിലെത്തും. കാവശ്ശേരി, കഴനി, വാവുള്ള്യാപുരം ദേശങ്ങളിൽ ആഘോഷ നിറവ്. ദേവീ സ്തുതികളാൽ നാട്ടിടവഴികൾ ഭക്തിസാന്ദ്രം. പൂരം നവ്യാനുഭവമാക്കാൻ ദേശങ്ങൾ മത്സരിക്കുകയാണ്. ഇന്നു രാവിലെ 4.30നു ക്ഷേത്രം തന്ത്രി ഏറന്നൂർ മന ഇ.വി.പ്രസാദ് നമ്പൂതിരിപ്പാട്, മേൽശാന്തി സി.എച്ച്.രാമചന്ദ്രഭട്ട് എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽപൂജകൾ.
തുടർന്ന് കാവശ്ശേരി ബ്രാഹ്മണ സമൂഹത്തിന്റെ വേദപാരായണം. 10നു ക്ഷേത്രാങ്കണത്തിൽ പഞ്ചാരിമേളം. രാവിലെ 7നു കഴനി ദേശത്തിന്റെ കുതിരയെ അണിയിക്കാനുള്ള കിണ്ണം പ്രത്യേക പൂജകൾക്കു ശേഷം പരയ്ക്കാട്ട് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്ന് ആന, ശിങ്കാരിമേളം എന്നിവയോടെ കഴനി ദേശമന്ദിലേക്ക് എഴുന്നള്ളിക്കും. 8നു കഴനി, കല്ലേപ്പുള്ളി ചീർമ്പ ഭഗവതി ക്ഷേത്രാങ്കണത്തിൽ വനിതകളുടെ സ്പെഷൽ ശിങ്കാരിമേളം. 10നു ജയഭാരത് വായനശാല അങ്കണത്തിൽ വനിതകളുടെയും പുരുഷന്മാരുടെയും ശിങ്കാരിമേളം. 12നു വാവുള്ള്യാപുരം, കഴനി, കാവശ്ശേരി ദേശക്കാർ കഴനി ചുങ്കം കേന്ദ്രീകരിച്ച് ഈടുവെടി ആചരിക്കും.
ഉച്ചയ്ക്ക് 1.30നു പരയ്ക്കാട്ട് ഭഗവതി ക്ഷേത്രസന്നിധിയിൽ നിന്നു ശ്രീമൂലസ്ഥാനമായ കൂട്ടാലയിലേക്കു തിടമ്പ് എഴുന്നള്ളിക്കും. ഗുരുവായൂർ നന്ദൻ തിടമ്പേറ്റും. രണ്ടിനു കൂട്ടാലയിൽ കേളിപറ്റ്. തുടർന്നു പഞ്ചവാദ്യം. 4.30ന് 9 ആനകളെയും നൂറോളം വാദ്യകലാകാരന്മാരെയും അണിനിരത്തി എഴുന്നള്ളത്ത് ആരംഭിക്കും. വൈകിട്ട് 5നു ഗണപതി ക്ഷേത്ര പരിസരത്തെത്തും. 5.30ന് ഈടുവെടിയാൽ ഗണപതി ക്ഷേത്രത്തിനു സമീപമുള്ള പന്തലിൽ ആനകൾ അണിനിരക്കും. പഞ്ചവാദ്യത്തിനു കലാശമാകും. മേളം ആരംഭിക്കും. രാത്രി 7നു പകൽപൂരകമ്മിറ്റിയുടെ (കാവശ്ശേരി എസ്എൻഡിപി) വെടിക്കെട്ട് ആരംഭിക്കും.
എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തുമ്പോൾ പകൽപൂരത്തിനു സമാപ്തിയാകും. രാത്രി 9നു കുത്തുവിളക്കുമായി കഴനി, വാവുള്ള്യാപുരം ദേശങ്ങളെ ക്ഷണിക്കാൻ പോകും. വാവുള്ള്യാപുരം ദേശത്തു വൈകിട്ട് 5 മുതൽ 9 വരെ അഭീഷ്ടസിദ്ധിക്കായി പണ്ടാരക്കുതിരയുടെ തിരുസന്നിധിയിൽ നാണയ സമർപ്പണം. 6നു തായമ്പക, കഴനി കല്ലേപ്പുള്ളി ജയഭാരത് വായനശാല അങ്കണത്തിൽ രണ്ടിനു ശിങ്കാരിമേളം, 9നു കുറുംബഭഗവതി ക്ഷേത്രത്തിൽ നിന്ന് ആചാരാനുഷ്ഠാന പ്രകാരം കൊളുത്തിയ പന്തങ്ങളുമായി വാദ്യമേളത്തോടെ ആർപ്പുവിളികളുമായി ദേശമന്ദത്തേക്കു യാത്ര തിരിക്കും.
10നു കുത്തുവിളക്കിനു സ്വീകരണം നൽകും. 10.30ന് ആഘോഷത്തോടെ മന്ദത്തു നിന്നു ദേവീ ക്ഷേത്ര സന്നിധിയിലേക്കു ദേശക്കുതിരകളെ എഴുന്നള്ളിക്കും. 10.30നു വാവുള്ള്യാപുരത്തിന്റെ ബന്ധുദേശമായ അത്തിപ്പൊറ്റ ദേശക്കാരുടെ വരവും കുതിര വണങ്ങലും. 10.45ന് ഊർവലവും കുതിര എടുപ്പുമായി ആർപ്പുവിളികളോടെ പരയ്ക്കാട്ട് കാവിലേക്കു പൂരപ്പുറപ്പാട് ആരംഭിക്കും.
രാത്രി 12 മുതൽ വാവുള്ള്യാപുരം, കഴനി, കാവശ്ശേരി ദേശങ്ങൾ ദേശക്കുതിരകളെ എഴുന്നള്ളിച്ചു പരിവാരസമേതം കാവുകയറുന്നതിനൊപ്പം അതതു ദേശങ്ങളുടെ വെടിക്കെട്ടു തുടങ്ങും. കാവിലേക്ക് ആന എഴുന്നള്ളിച്ചു കമ്മാളൻ കുതിരയുടെ സാന്നിധ്യത്തിൽ 3 ദേശക്കുതിരകളും ക്ഷേത്രം വലംവച്ചു കാവിറങ്ങി അതതു ദേശങ്ങളിലേക്കു മടങ്ങുന്നതോടെ പൂരം സമാപിക്കും. ചാന്തഭിഷേകത്തോടെ നടയടയ്ക്കും.
പഞ്ചവാദ്യത്തിനു കുനിശ്ശേരി അനിയൻ മാരാർ, കുട്ടനെല്ലൂർ രാജൻ മാരാർ, നല്ലേപ്പിള്ളി കുട്ടൻ മാരാർ, പല്ലശ്ശന മുരളി, കോങ്ങാട് മോഹനൻ, കല്ലേക്കുളങ്ങര കൃഷ്ണ വാരിയർ, കലാമണ്ഡലം കുട്ടിനാരായണൻ, നെല്ലുവായ് ശശി, തൃപ്പാളൂർ ശിവൻ, പഴമ്പാലക്കോട് മണികണ്ഠൻ, കുണ്ടലക്കോട് മധു, തെന്നിലാപുരം രാജൻ, പാഞ്ഞാൾ വേലുക്കുട്ടി, കാമ്പൂർ ബാലകൃഷ്ണൻ, പാലപ്പുറം രാജൻ, തിരുവില്വാമല ജയൻ, പല്ലാവൂർ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകും. രാത്രി 10നു ക്ഷേത്ര സ്റ്റേജിൽ ആറങ്ങോട്ട് ശിവൻ, ശുകപുരം ദിലീപ് എന്നിവരുടെ ഇരട്ടത്തായമ്പക. മേളം ഗുരുവായൂർ ജയപ്രകാശും സംഘവും.
കാവശ്ശേരി പൂരത്തിനു മുന്നോടിയായി മുതലക്കുളം പുറത്തെക്കാവിൽ ഇന്നലെ പറവേല ആഘോഷിച്ചു. കാവശ്ശേരി ദേശത്തു ചേരാനെല്ലൂർ ശങ്കരൻകുട്ടൻ മാരാരുടെ നേതൃത്വത്തിൽ 101 വാദ്യകലാകാരന്മാരെ അണിനിരത്തി ആൽത്തറമേളം ഉണ്ടായിരുന്നു. രാത്രി സാംപിൾ വെടിക്കെട്ടും നടന്നു. പരയ്ക്കാട്ട് ഭഗവതി ക്ഷേത്രം അമ്പലക്കുളത്തിനു സമീപം കീഴാൽത്തറയിൽ മേജർസെറ്റ് പഞ്ചവാദ്യം നടത്തി. പകൽപൂര കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ക്ഷേത്ര സ്റ്റേജിൽ ആനച്ചമയ പ്രദർശനവും ഉണ്ടായിരുന്നു.