
ആറ്റില വെള്ളച്ചാട്ടത്തിനു താഴെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്ലടിക്കോട് ∙ മുണ്ടനാട് മാവിൻചോട് ആറ്റില വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടിയിൽ നിന്നു തേനെടുക്കാനെത്തിയ സംഘത്തിലെ, കരുവാര ഉന്നതി ചിണ്ടങ്ങി മുരുകേശന്റെ മകൻ മണികണ്ഠനെയാണു (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11ന് പാലക്കാട്ടു നിന്ന് എത്തിയ സ്കൂബ സംഘമാണു മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ടു നിർത്തിവച്ചിരുന്ന തിരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിക്കുകയായിരുന്നു. 20 അടിയിലധികം താഴ്ചയുള്ള ചെറിയ വെള്ളച്ചാട്ടത്തിനു താഴെയുള്ള കുഴിയിലെ ചുഴിയിലകപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം വളരെ പരിശ്രമിച്ചാണു സ്കൂബ സംഘം പുറത്തെടുത്തത്.
കോങ്ങാട് സ്റ്റേഷൻ ഓഫിസർ എൻ.കെ.ഷാജി, മണ്ണാർക്കാട് സ്റ്റേഷൻ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഷിന്റോ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് നിന്നുള്ള സ്കൂബ ടീം അംഗങ്ങളായ ആർ.രഞ്ജിത്, എസ്.സതീഷ്. എ.ശിവൻ, കെ.സുനിൽകുമാർ, പി.ആർ.വികാസ്, നവനീത് കണ്ണൻ, ബി.ആർ. അരുൺകുമാർ തുടങ്ങിയവരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും തിരച്ചിലിൽ പങ്കെടുത്തു. ഇൻസ്പെക്ടർ സി.പ്രശാന്ത്, സബ് ഇൻസ്പെക്ടർ ഡി.വി പാട്ടീൽ എന്നിവരുടെ നേതൃത്വത്തിൽ 19 അംഗ എൻഡിആർഎഫ് സംഘവും തിരച്ചിലിനായി എത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി 8 മണിയോടെയാണു വെള്ളത്തിലിറങ്ങാൻ ശ്രമിക്കുന്നതിനിടെ മണികണ്ഠൻ കാൽവഴുതി വീണത്. തിരച്ചിലിൽ യുവാവിന്റെ ചെരിപ്പും ടോർച്ച് ലൈറ്റും ആദ്യ ദിവസം കണ്ടെത്തിയിരുന്നു.
മണ്ണാർക്കാട് തഹസിൽദാർ പി.പി സീന, പാലക്കയം വില്ലേജ് ഓഫിസർ സെബാസ്റ്റ്യൻ, റവന്യു ഇൻസ്പെക്ടർ ഷാജി എന്നിവരും കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി. വാഹനങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിനൽകി നാട്ടുകാരും ദൗത്യത്തിൽ പങ്കാളികളായി. പട്ടികജാതി വകുപ്പിന്റെ സഹായധനം മണികണ്ഠന്റെ കുടുംബത്തിനു പ്രോജക്ട് ഓഫിസർ വി.കെ.സുരേഷ് കുമാർ കൈമാറി. സംസ്കാരം ഇന്നു നടക്കും.
അട്ടപ്പാടിയിൽ നിന്നു കാട്ടുതേൻ ശേഖരിക്കാനെത്തിയ 9 അംഗ സംഘത്തിലെ അംഗമായിരുന്നു. മണികണ്ഠൻ. മണികണ്ഠനും അച്ഛനും അടുത്ത ബന്ധുക്കളുമടങ്ങുന്ന ഇവരുടെ സംഘം കഴിഞ്ഞ വർഷവും തേൻ ശേഖരിക്കാനായി എവിടെ എത്തിയിരുന്നു. അട്ടപ്പാടി കരുവാര ഉന്നതിയിലുള്ളവരാണ്. തേനെടുക്കാനെത്തിയാൽ വനാതിർത്തിയിലെ പുഴയോടു ചേർന്ന് പാറയിടുക്കിൽ ദിവസങ്ങളോളം താമസിച്ച് തേനെടുത്താണ് ഇവർ മടങ്ങുക. രാത്രിയാണ് തേനെടുക്കാൻ തിരഞ്ഞെടുക്കുന്ന സമയം. ഈച്ചയുടെ സ്വഭാവവും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയാണ് സമയം നിശ്ചയിക്കുക. ഇത്തരത്തിൽ കരിമല ആറ്റില വെള്ളച്ചാട്ടത്തിനു താഴെ മാവിൻചോട് ഭാഗത്താണ് ഇവർ തങ്ങിയിരുന്നത്. ഇവർ തങ്ങിയിരുന്ന ഭാഗത്തുനിന്ന് കുറച്ച് മാറി പുഴയിലേക്ക് ഇറങ്ങിയപ്പോൾ കാൽ വഴുതി ചെറുവെള്ളച്ചാട്ടത്തിന്റെ കുഴിയിലേക്ക് മണികണ്ഠൻ വീഴുകയായിരുന്നെന്ന് പറയുന്നു.
ശബ്ദം കേട്ട് പിതാവ് മുരുകേശനും കൂടെയുള്ളവരും ഉടൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 20 അടിയിലേറെ താഴ്ചയുള്ള കുഴിയിൽ ചുഴിയിൽപെട്ട് പാറയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സ്കൂബ ടീം അംഗങ്ങൾ ഏറെ പണിപ്പെട്ടാണ് മൃതദേഹം കരയ്ക്കു കയറ്റിയത്. 20 വർഷങ്ങൾക്ക് മുൻപും ഇതേ രീതിയിൽ ഒരാൾ ഇതിൽപെട്ട് മരിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.