പത്തിരിപ്പാല ∙ ലക്കിടിപേരൂർ പഞ്ചായത്തിലെ പേരൂർ പള്ളംതുരുത്ത് തടയണയിൽ ചോര്‍ച്ച പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കര്‍ഷകര്‍ രംഗത്ത്. നിലവില്‍ തടയണ ജലസമൃദ്ധമാണെങ്കിലും ഷട്ടറിന്റെ തകരാര്‍ പരിഹരിക്കാന്‍ വൈകുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകുന്ന സ്ഥിതിയുണ്ട്.
മലമ്പുഴ ഡാം തുറന്നതിനാല്‍ ഭാരതപ്പുഴയിലെ തടയണകളില്‍ വെള്ളം നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും ഡാം അടയ്ക്കുന്നതിന് മുന്‍പ് തടയണയിലെ ഷട്ടറിന്റെ തകര്‍ച്ച പരിഹരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി പകുതിയോടെ ഡാമിലെ ജലവിതരണം നിലയ്ക്കുമെന്നറിയുന്നു.
2017ല്‍ പള്ളംതുരുത്തിലെ മുണ്ട്യേൻകടവ് തടയണ മരപ്പലക ഉപയോഗിച്ചു നിര്‍മിച്ച ഷട്ടര്‍ കാലപ്പഴക്കത്തെ തുടര്‍ന്നു നശിച്ചിരുന്നു. മുന്‍ പഞ്ചായത്ത് ഭരണസമിതി തടയണയിലെ ഷട്ടറുകളില്‍ ഇരുമ്പിന്റെ ഷട്ടര്‍ സ്ഥാപിക്കാമെന്നു ഉറപ്പ് നല്‍കുകയും 11 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമായില്ല. തുടര്‍ന്നു പള്ളംതുരുത്ത് നെല്ലുൽപാദക സമിതിയിലെ കർഷകരാണ് ഷട്ടർ സ്ഥാപിച്ചത്.
ഒന്നാം വിള സമയത്ത് 24,380 രൂപ ചെലവഴിച്ചാണു ഷട്ടർ മാറ്റി സ്ഥാപിച്ചത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഷട്ടർ തകരുന്നത് പതിവ് സംഭവമായതിനാൽ ഇരുമ്പിന്റെ ഷട്ടർ സ്ഥാപിക്കണമെന്ന കർഷകരുടെ ആവശ്യം പുതിയ ഭരണസമിതി പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
മരപ്പലകയായതിനാല് മത്സ്യം പിടിക്കാനെത്തുന്നവരും സാമൂഹിക വിരുദ്ധരും മറ്റും ഷട്ടർ തുറന്നു വിടുന്നത് പതിവാണ്.
തടയണയുടെ സമീപത്തായി ലിഫ്റ്റ് ഇറിഗേഷന്റെ പമ്പ് ഹൗസിൽ നിന്നാണു പ്രദേശത്തെ കൃഷിയിടങ്ങളിലേക്കു വെള്ളം വിതരണം ചെയ്യുന്നത്. കലിങ്കൽ, പള്ളംതുരുത്ത്, കയ്പയിൽ, പേരപ്പാടം തുടങ്ങിയ പാടശേഖര സമിതികളിലേക്കു വെള്ളം നൽകുന്നതും ഇവിടെ നിന്നാണ്.
600 ഏക്കര്‍ നെൽക്കൃഷിയും തെങ്ങ്, വാഴ, കവുങ് കൃഷിയും വേനൽക്കാലത്ത് പതിവായി പച്ചക്കറിയും ഈ പമ്പ് ഹൗസിനെ ആശ്രയിച്ചു കൃഷി ചെയ്യുന്നു. തടയണയിൽ നിന്നു പതിവായി 16 മണിക്കൂർ നേരം പമ്പിങ് നടക്കാറുണ്ട്. മാര്‍ച്ച് 15 വരെ നെല്‍ക്കൃഷിക്ക് വെള്ളം വിതരണം ചെയ്യേണ്ടതുണ്ട്.
പുഴയിൽ വെള്ളം ഒഴുകിപ്പോകുന്നതിനു മുന്‍പ് നവീകരണം നടക്കണം. ഭാരതപ്പുഴയ്ക്കും റെയിൽവേ ലൈനിനും ഇടയിലായി കിടക്കുന്ന ഭൂപ്രദേശമാണ് പേരൂർ പള്ളംതുരുത്ത്.
യാത്രാസൗകര്യം പോലും ഇല്ലാത്ത പ്രദേശത്ത് 52 വീട്ടുകാരും ശുദ്ധജലത്തിനായി ആശ്രയിക്കുന്നതും ഈ പദ്ധതിയെ തന്നെ. സ്ഥിരം ഷട്ടർ സ്ഥാപിച്ചാൽ മാത്രമേ കർഷകരുടെ പ്രശ്നത്തിന് പരിഹാരമാകൂ. നിലവില്‍ 15 ഷട്ടറിലൂടെയും വെള്ളം ഒഴുകിപ്പോകുന്ന സ്ഥിതിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

