അഗളി ∙ യാത്രയുടെ ദുരിതപർവത്തിലാണ് അട്ടപ്പാടിക്കാർ. ചുറ്റിലും കാടും മലയുമായി ഒറ്റപ്പെട്ട
ഭൂപ്രദേശം. ജൈവ വൈവിധ്യവും കാലാവസ്ഥയിലെയും സാംസ്കാരികതയിലെയും വ്യത്യസ്തതയും അനുഭവിക്കാൻ ഇവിടെ എത്തുന്നവർക്ക് കേരളത്തിൽ ഇങ്ങനെയൊരു സ്ഥലമുണ്ടോ എന്ന് തോന്നിപ്പോകും.
എന്നാൽ കഴിഞ്ഞ 10 വർഷമായി അട്ടപ്പാടിക്കാർക്ക് തോന്നുന്നത് ഞങ്ങൾ കേരളത്തിലല്ലേ എന്നാണ്. മൂപ്പിൽ നായരുടെ സ്വകാര്യവനത്തിലെ തടി കൊണ്ടുപോകാനുണ്ടാക്കിയ കൂപ്പുറോഡാണ് ഇന്നും അട്ടപ്പാടിയിലെ റോഡുകൾ. ഉപരിതലം ടാറൊഴിച്ചു പരത്തിയതല്ലാതെ കാര്യമായ വികസനമൊന്നും റോഡിനുണ്ടായില്ല.
മുക്കാലി മുതൽ ആനക്കട്ടി വരെയുള്ള 35 കിലോമീറ്റർ പൂർണ തോതിൽ ടാറിങ് നടത്തിയിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു. പലപ്പോഴായി അവിടെയും ഇവിടെയും ഭാഗികമായി കുഴിയടക്കലും ഉപരിതലം മിനുക്കലും മാത്രം.
അട്ടപ്പാടിക്കാർക്ക് ഇത്രയൊക്കെ മതി എന്നാണ് അനന്തപുരിയിലെ ഉദ്യോഗസ്ഥമേലാളർക്ക്.
അതിനപ്പുറത്തേക്ക് അട്ടപ്പാടിക്ക് റോഡും വികസനവും ചോദിച്ചുവാങ്ങി കൊണ്ടുവരാനുള്ള രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളുമില്ല. മുക്കാലിക്കും ആനക്കട്ടിക്കുമിടയിൽ റോഡിലെ കുഴിയെണ്ണുന്നതിനേക്കാൾ എളുപ്പം കുഴിയില്ലാത്തിടം എണ്ണുന്നതാണ്. കിഫ്ബി ഏറ്റെടുത്തതിനുശേഷം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് റോഡ് തകർച്ച കൂടാൻ കാരണം.ബ്രിട്ടിഷ് ഭരണകാലത്ത് തന്നെ മണ്ണാർക്കാട് ചിന്നതടാകം റോഡ് 100 അടി വീതിയിലാണു വിഭാവനം ചെയ്തത്.
ഇതിനുള്ള സ്ഥലം അന്നേ ഏറ്റെടുത്തിരുന്നു. ആനക്കട്ടിക്കും അഗളിക്കുമിടയിൽ നിലവിൽ 100 അടി റോഡിനുള്ള സ്ഥലത്ത് കാര്യമായ കയ്യേറ്റങ്ങളില്ല.
അഗളി മുതൽ മുക്കാലി വരെ കയ്യേറ്റം ഒഴിവാക്കി റോഡിന്റെ സ്ഥലം കണ്ടെത്തേണ്ടി വരും.
മുക്കാലിക്കും പാക്കുളത്തിനും ഇടയിൽ ഒട്ടേറെ സ്ഥലത്ത് റോഡ് കുപ്പിക്കഴുത്ത് പോലെയാണ്. പലയിടത്തും ഒരു വാഹനത്തിനു പോകാവുന്ന വീതിയേ ഉള്ളൂ.
കൊടുംവളവുകൾ ഏറെ. കക്കുപ്പടി ടൗണിലും സ്കൂൾ പരിസരത്തും റോഡിൽ നിറയെ കുഴികളാണ്.
പാക്കുളത്തു കാടുമൂടിക്കിടക്കുന്ന ഭവാനിപ്പുഴയോരത്തു കൂടിയാണു റോഡ്. മഴക്കാലത്ത് ഇടിച്ചിൽ ഭീഷണിയുണ്ട്.
അരികിൽ കൈവരികളും സൂചനാ ബോർഡും ഇല്ല. അടിയകണ്ടിയൂരിന്നടുത്ത് റോഡ് ഉപരിതലം താഴ്ന്നു വലിയ കുഴി രൂപപ്പെട്ടു.
ഇവിടെ ഉപരിതലത്തിലെ ടാറും മെറ്റലും റോഡരികിലേക്കു തള്ളി കൂനയായി കിടക്കുന്നതു കാണാം.കൂക്കംപാളയം ഗവ.സ്കൂളിനടുത്ത് ഇടുങ്ങിയ റോഡിൽ അപകട സാധ്യതയേറെയാണ്.
കൾവർട്ട് ഇടിഞ്ഞ് തകർന്ന് റോഡ് പുതുക്കിപ്പണിത കുറവൻകണ്ടിയിൽ താവളം മുതൽ ഒരു കിലോമീറ്റർ പൂർണമായും തകർന്ന നിലയിലാണ്.
റോഡിന്റെ ഉപരിതലം പലയിടത്തും അരയടിയിലേറെ താഴ്ന്ന് കുഴിയും ചാലുമാണ്. പ്ലാമരത്തിനും കാവുണ്ടിക്കൽ സ്കൂളിനുമിടയിൽ ഒന്നിലേറെ സ്ഥലങ്ങളിൽ റോഡ് ഉപരിതലം താഴ്ന്ന് കുഴിയും ചാലുമായി മാറി.കോട്ടത്തറ ആരോഗ്യമാത ജംക്ഷനടുത്ത് ശിരുവാണിപ്പാലത്തോട് ചേർന്ന് ഇരുചക്ര വാഹനങ്ങൾക്ക് മരണക്കെണിയൊരുക്കുന്ന വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.മട്ടത്തുക്കാട് ജംക്ഷനിലും പോളിടെക്നിക്കിനടുത്തും വട്ടലക്കി റേഷൻകടയുടെ സമീപത്തും റോഡ് ഉപരിതലമാകെ തകർന്നു.
മീറ്ററുകളോളം ദൂരം ദുർഘടാവസ്ഥയിലാണ്.
വട്ടലക്കി ലക്ഷം വീടിനടുത്തുള്ള കൾവർട്ട് ബലക്ഷയത്തിലാണ്. അടിഭാഗം ദ്രവിച്ച് കമ്പികൾ തുരുമ്പെടുത്ത് കോൺക്രീറ്റ് അടർന്നുപോയ സ്ഥിതിയിലാണ്.
കൾവർട്ട് താഴേക്ക് ഇരുന്നുപോയതിനാൽ ഇവിടെ വാഹനങ്ങൾ പ്രയാസപ്പെട്ടാണു കടന്നുപോകുന്നത്.നൂറിലേറെ ഹോംസ്റ്റേകളും റിസോർട്ടുകളുമുള്ള അട്ടപ്പാടിയിൽ ദിവസവും നൂറുകണക്കിനു സഞ്ചാരികളെത്തുന്നുണ്ട്. അവധിദിവസങ്ങളിൽ അട്ടപ്പാടിയിലെ റോഡുകളിൽ വാഹനങ്ങളുടെ വലിയ തിരക്കാണ്.
പുതുവത്സര ദിവസങ്ങളിൽ പതിനായിത്തിലേറെ പേർ അട്ടപ്പാടിയിലെത്തിയെന്നാണു കണക്ക്.
താവളം മുള്ളി റോഡ് ഉൾപ്പെടെ ഉൾപ്രദേശങ്ങളിലെ പാതകളെല്ലാം നന്നാക്കിയ സർക്കാർ അട്ടപ്പാടിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിനെ അവഗണിച്ചു.റോഡിനായി നടത്തിയ പ്രക്ഷോഭങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റുകൾ മാത്രമായി. റോഡ് നന്നാക്കാത്തതിന്റെ കാരണക്കാരെന്നു പരസ്പരം ആരോപിച്ച് ഭരണപക്ഷവും പ്രതിപക്ഷവും അട്ടപ്പാടിക്കാരെ കബളിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ തിളച്ചു. ചില കൂട്ടായ്മകൾ റോഡിലിറങ്ങി സമരം നടത്തിയെങ്കിലും തുടർച്ചയുണ്ടായില്ല.
നടുവൊടിക്കുന്ന റോഡിലൂടെ ഗുരുതരരോഗികളെയും ഗർഭിണികളെയുമായി പോകുമ്പോൾ ജീവൻ പോകരുതേ എന്ന പ്രാർഥന മാത്രമാണുള്ളതെന്ന് ആംബുലൻസ് ഡ്രൈവർമാർ പറയുന്നു.മണ്ണാർക്കാട് – ചിന്നത്തടാകം റോഡ് എന്ന പേരിലെ ചിന്നത്തടാകം തമിഴ്നാട്ടിലാണ്. അങ്ങോട്ടുള്ള റോഡ് കണ്ടുപഠിക്കണം.
അതേക്കുറിച്ചു നാളെ.
ചുരം റോഡ്: 29.8 കോടിയുടെ നവീകരണം
മണ്ണാർക്കാട് ∙ മണ്ണാർക്കാട്– ചിന്നത്തടാകം റോഡിന്റെ രണ്ടാം റീച്ചായ ചുരം റോഡ് നവീകരണത്തിന് 29.8 കോടി രൂപയുടെ സാങ്കേതിക അനുമതിയാണു ലഭിച്ചിട്ടുള്ളത്. ആനമൂളി മുതൽ മുക്കാലി വരെയുള്ള 11 കിലോമീറ്റാണു രണ്ടാം റീച്ച്.
കരാർ എടുത്ത കമ്പനി സർവേ നടപടികൾ പൂർത്തിയാക്കിയതായി കേരള റോഡ് ഫണ്ട് ബോർഡ് അറിയിച്ചു. ചുരം റോഡ് നിലവിലുള്ള വീതിയിലാണു നവീകരിക്കുന്നത്.
ഇരുവശവും വനഭൂമിയായതിനാൽ വീതി കൂട്ടാൻ കഴിയില്ല. സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, വളവുകളിൽ കട്ട
വിരിക്കൽ എന്നിവയാണു നടത്തുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിൽ ഗാബിയോൺ ഭിത്തികൾ നിർമിക്കും.
അപകടകരമായ 44 മരങ്ങൾ നേരത്തെ മുറിച്ചുമാറ്റിയിട്ടുണ്ട്. വർക്ക് പ്ലാൻ സമർപ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്.
അട്ടപ്പാടിയിലേക്കുള്ള ഏക റോഡായതിനാൽ പൂർണമായി അടച്ചിട്ട് നവീകരണം നടത്താൻ കഴിയില്ല.
ഇതിനെല്ലാം സമയം എടുക്കുമെന്നതിനാൽ അതുവരെ കുഴികൾ താണ്ടി യാത്ര ചെയ്യാനാവില്ല. അടിയന്തരമായി കുഴികൾ അടച്ച് യാത്രാ സൗകര്യം ഒരുക്കുകയാണു വേണ്ടതെന്നു മേഖലയിലെ താമസക്കാരും യാത്രക്കാരും പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

