കൂറ്റനാട് ∙ തിരുമിറ്റക്കോട് നിന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിലായി. ഒറ്റപ്പാലം പനമണ്ണ കോരച്ചംകുന്നു പറമ്പിൽ അഭിജിത്ത് (26) ആണ് പൊലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടു പോകുന്നതിനായി ക്വട്ടേഷൻ സംഘത്തെ സഹായിച്ചതിനാണ് ഇയാൾക്കെതിരെ കേസ്. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് ചാലിശ്ശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
പട്ടാമ്പി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികൾക്കു വാഹന സൗകര്യമൊരുക്കിയും വസ്ത്രങ്ങൾ എടുത്തുകൊടുത്തുമാണ് യുവാവു സഹായിച്ചതെന്നു പൊലീസ് പറഞ്ഞു. മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായും ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരൻ അറിയിച്ചു. കഴിഞ്ഞ ദിവസം ചെറുതുരുത്തി കൂട്ടുപാത പാതയിൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിനു സമീപത്തുവച്ചാണ് മലപ്പുറം വണ്ടൂർ പൂങ്ങോട് വലിയപീടിയേക്കൽ വി.പി.മുഹമ്മദലിയെ (ആലുങ്ങൽ മുഹമ്മദലി – 72) ക്വട്ടേഷൻ സംഘം കാർ തടഞ്ഞു തട്ടിക്കൊണ്ടുപോയത്.
മുഹമ്മദലിയുടെ ഡ്രൈവർ മഞ്ചേരി അയ്യപ്പൻതൊടിയിൽ ഷഹനാസ് ബാബുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം കാറിന്റെ രണ്ടു വശങ്ങളിലെയും ചില്ലുകൾ തല്ലിപ്പൊട്ടിച്ച് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതായി പരാതിയിൽ പറയുന്നു. തട്ടിക്കൊണ്ടുപോയ മുഹമ്മദലിയെ കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം പത്തംകുളത്തു പരുക്കുകളോടെ കണ്ടെത്തിയത്.
ജിദ്ദ നാഷനൽ ഹോസ്പിറ്റൽ, റയാൻ മെഡിക്കൽ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വി.പി.മുഹമ്മദലി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട
തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമായി പൊലീസ് പറയുന്നത്.
മുഹമ്മദലിയുടെ ആരോഗ്യനിലയിൽ പുരോഗതി
ഒറ്റപ്പാലം ∙ ക്വട്ടേഷൻ സംഘത്തിന്റെ തടവിൽ നിന്നു പരുക്കുകളോടെ രക്ഷപ്പെട്ട വ്യവസായി വി.പി.മുഹമ്മദലിയുടെ ആരോഗ്യനിലയിൽ പുരോഗതി.വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദലിയുടെ മുഖത്തേറ്റ പരുക്കിന്റെ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ പൂർത്തിയായി.
ഏതാനും ദിവസങ്ങൾ വിശ്രമം വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടനില തരണം ചെയ്തെങ്കിലും സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് അദ്ദേഹം പൂർണമായി മുക്തനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
ക്വട്ടേഷൻ സംഘത്തിന്റെ കാറിൽ കയറ്റി അൽപദൂരം യാത്ര ചെയ്ത ശേഷം മറ്റൊരു കാറിലേക്കു മാറ്റിക്കയറ്റിയാണു മുഹമ്മദലിയെ രാത്രിയോടെ ഒറ്റപ്പാലം പത്തംകുളം കുണ്ടിടയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചത്.
ഇവിടെ വച്ചു മുഹമ്മദലിയുടെ മകന്റെ മൊബൈൽ ഫോണിലേക്ക് ക്വട്ടേഷൻ സംഘം 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ശബ്ദസന്ദേശവും അയപ്പിച്ചു. തുടർന്ന് സംഘം മദ്യപിച്ചുറങ്ങിയതിനു പിന്നാലെയാണ്, മർദനമേറ്റ് അവശനിലയിലായ മുഹമ്മദലി രക്ഷപ്പെട്ടതും നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

