പാലക്കാട് ∙ ഒൻപതുവയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കു വീഴ്ച സംഭവിച്ചെന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ റിപ്പോർട്ട്. ചികിത്സയിലെ വീഴ്ചകൾ ഓരോന്നായി ചൂണ്ടിക്കാണിച്ചാണു സർക്കാരിനു റിപ്പോർട്ട് കൈമാറിയിരിക്കുന്നതെന്നാണു വിവരം.
ഇൻഫെക്ഷൻ പരിശോധന നടത്തിയില്ല, ആന്റിബയോട്ടിക് നൽകിയില്ല എന്നത് ഉൾപ്പെടെയുള്ള വീഴ്ചകളാണു റിപ്പോർട്ടിൽ പറയുന്നതത്രേ.
ആരോഗ്യവകുപ്പിനു ലഭിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. കയ്യിലെ മുറിവിൽ അണുബാധ ഇല്ലാതാക്കാനായി വിനോദിനിക്കു കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ കൂടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി. ഐസിയുവിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണു ഡോക്ടർമാർ പറയുന്നത്.
ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടി: കെജിഎംഒഎ കരിദിനം ആചരിച്ചു
പാലക്കാട് ∙ ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ.
മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും കരിദിനം ആചരിച്ചു.
കറുത്ത ബാഡ്ജ് ധരിച്ചാണു ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവ ഉൾപ്പെടെ ജില്ലയിൽ നൂറ്റിമുപ്പതിലേറെ സർക്കാർ സ്ഥാപനങ്ങളാണുള്ളത്.
ചികിത്സ ഒഴികെയുള്ള മറ്റ് ഔദ്യോഗിക ചുമതലകൾ, മീറ്റിങ്ങുകൾ, പരിശീലനങ്ങൾ, പ്രത്യേക ഡ്യൂട്ടി എന്നിവയിൽ നിന്നു ഡോക്ടർമാർ വിട്ടുനിന്നു. ഇതു 12 വരെ തുടരുമെന്നു ഭാരവാഹികൾ പറഞ്ഞു.
13നു ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കും.
14നു ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഒപി ബഹിഷ്കരിക്കും.ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് സർക്കാർ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് കെജിഎംഒഎ ജില്ലാ ഭാരവാഹികൾ അറിയിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ നടന്ന അക്രമത്തിലും പ്രതിഷേധം രേഖപ്പെടുത്തി. ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. പി.ജി.മനോജ്, സെക്രട്ടറി ഡോ.
വൈശാഖ് ബാലൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

