
കാഞ്ഞിരപ്പുഴ ∙ കല്ലമല വാർഡിലെ മാലിന്യം കുഴിയെടുത്തു സംസ്കരിക്കുന്നതിനെ ചൊല്ലി മെംബർമാർ തമ്മിൽ തർക്കം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
തുടർന്നു മാലിന്യം സംസ്കരിക്കാതെ കുഴി മൂടി തുടർ പ്രവൃത്തികൾ നിർത്തിവച്ചു. ഹരിതസേന ശേഖരിക്കുന്ന മാലിന്യം ആദ്യം ചെട്ടിപ്പള്ളിയാലിൽ അങ്കണവാടിക്കു സമീപം മിനി ശേഖരണ കേന്ദ്രത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. പരിസരവാസികൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു എന്നതിനെ തുടർന്നു ജനവാസം കുറവായ റോഡരികിലേക്കു മാറ്റി.
ഇവിടെ മാലിന്യം നിറഞ്ഞതോടെ നീക്കം ചെയ്യണമെന്ന് ആവശ്യം ഉയർന്നു.
രണ്ടാം വാർഡ് മെംബർ എൻ.പ്രദീഷ് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുഴിയെടുത്തു സംസ്കരിക്കാൻ ഒരുങ്ങുന്നതിനിടെ മൂന്നാം വാർഡ് മെംബർ പി.ശോഭനയും രംഗത്തെത്തി. തുടർന്നു വാഗ്വാദത്തിനൊടുവിലാണു നടപടികൾ നിർത്തിവച്ചത്.
കല്ലമല വാർഡിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു ഹരിത സേന പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
ഇക്കാര്യം ഭരണസമിതി യോഗത്തിൽ ഉന്നയിച്ചെന്നു പി.ശോഭന പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ നിന്നു മാലിന്യം നീക്കം ചെയ്യണമെന്ന് അറിയിച്ചിരുന്നു.
ഇതു പ്രകാരം സ്ഥലത്തു വന്നപ്പോൾ രണ്ടാം വാർഡിലെ മെംബർ സ്ഥലത്തു കുഴിയെടുത്തിരുന്നു. തുടർന്നാണു വാഗ്വാദം ഉണ്ടായത്. എന്നാൽ പഞ്ചായത്തിന്റെ നിർദേശത്തെ തുടർന്നാണു താൻ മാലിന്യം നീക്കാൻ ഇറങ്ങിയതെന്ന് എൻ.പ്രദീഷ് പറഞ്ഞു.ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാതെ മാലിന്യം സംസ്കരിക്കണമെന്നും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]