
കുമരനല്ലൂർ ∙ കല്ലടത്തൂർ ഗോഖലെ സ്കൂളിന് സമീപം പിഞ്ചുകുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു കല്ലടത്തൂർ, ഒതളൂർ പ്രദേശത്താണ് തെരു നായയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.ഒതളൂർ ഭാഗത്ത് രണ്ട് പേരെ കടിച്ച നായ പിന്നീട് ഗോഖലെ സ്കൂൾ പരിസരത്തേക്ക് ഓടി വരികയായിരുന്നു.
രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും കടിച്ചു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനാണു കടിയേറ്റത്.
തലയ്ക്കും കയ്യിലുമാണ് കടിച്ചത്. കുട്ടിയെ രക്ഷിക്കാൻ എത്തിയ മുത്തശ്ശിക്കും കടിയേറ്റു.
പരുക്കേറ്റവർ ചാലിശ്ശേരി, പട്ടാമ്പി, തൃശൂർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.
അക്രമകാരിയായ തെരുവു നായ മറ്റ് ഒട്ടേറെ നായ്ക്കളെയും കടിച്ചതായി പ്രദേശവാസികൾ പറഞ്ഞു. പേവിഷ ബാധയുള്ള നായയാണ് ഇതെന്ന സംശയവും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
ഏതാനും ആഴ്ച മുൻപ് കപ്പൂർ പഞ്ചായത്തിൽ എൻജിനീയർ റോഡ്, ചേക്കോട് പ്രദേശത്ത് പേവിഷബാധയേറ്റ തെരുവ് നായയുടെ കടിയേറ്റ് ഒട്ടേറെപ്പേർക്ക് പരുക്കേറ്റിരുന്നു. തുടർന്ന് പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു.
എന്നാൽ ഇത് പൂർണ തോതിൽ നടപ്പാക്കാനായിട്ടില്ല.
പടിഞ്ഞാറങ്ങാടി പറക്കുളം റോഡരികിൽ കൂട്ടംകൂടി നിൽക്കുന്ന നായ്ക്കളുടെ ആക്രമണത്തിൽ നിന്ന്് ഭാഗ്യം കൊണ്ടാണ് കാൽനട യാത്രക്കാർ പലപ്പോഴും രക്ഷപ്പെടുന്നത് എന്ന് ഗോഖലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ പറഞ്ഞു.
ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പറക്കുളത്തേക്കും ഗോഖലെ സ്കൂളിലേക്കും ഇതുവഴി നടന്നു പോകുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]