
വാണിയംകുളം ∙ പാലക്കാട് – കുളപ്പുള്ളി പാതയിൽ വാണിയംകുളത്തു ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ കയിലിയാട് സ്വദേശി കൃഷ്ണപ്രസാദിനു (32) പരുക്കേറ്റു.
വാണിയംകുളം അജപാമടത്തിനു സമീപം ഇന്നലെ വൈകിട്ട് 4 നായിരുന്നു അപകടം നടന്നത്. ഒറ്റപ്പാലം ഭാഗത്ത് നിന്നും അജപാമഠം ബസ് സ്റ്റോപ് ഭാഗത്തേക്ക് റോഡ് മറികടക്കുന്നതിനിടെ ഒറ്റപ്പാലത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ അകപ്പെട്ട ബൈക്കുമായി 30 മീറ്ററോളം ദൂരം ബസ് ഓടി.
ഈ സമയം ബൈക്ക് യാത്രക്കാരൻ ബസിന് അടിയിൽ ആയിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്നാണ് യാത്രക്കാരനെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവാവിന്റെ പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് കുളപ്പുള്ളി പാതയിൽ ഏറെനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്നു പരാതി
പാലക്കാട് കുളപ്പുള്ളി പാതയിൽ ബസുകളുടെ മത്സരയോട്ടങ്ങളാണ് അപകടങ്ങൾ വർധിപ്പിക്കുന്നതെന്ന് പരാതിയുമായി നാട്ടുകാർ.
ഒറ്റപ്പാലം തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും പാലക്കാട്–ഗുരുവായൂർ ബസുകളും ചില സമയങ്ങളിൽ ഒപ്പമാണ് ഒറ്റപ്പാലം സ്റ്റാൻഡിൽ നിന്നും ഇറങ്ങുക. പരസ്പരം മറികടന്ന് പോകുന്നതിനു വേണ്ടിയുള്ള മത്സരപാച്ചിലിൽ കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടതെന്നും വഴിയാത്രക്കാർ പറഞ്ഞു. എന്നാൽ കുളപ്പുള്ളിയിൽ നിന്നും ഷൊർണൂർ ഭാഗത്തേക്കുള്ള റോഡിലെ കുഴികൾ ബസുകൾക്ക് സമയനഷ്ടം ഉണ്ടാക്കുന്നു എന്നും ചില സമയങ്ങളിൽ കുളപ്പുള്ളി മുതൽ ഒറ്റപ്പാലം വരെ സർവീസ് നടത്തിയാണ് അത് മറികടക്കുന്നത് എന്നുമാണ് ബസ് തൊഴിലാളികൾ പറയുന്നത്.
മത്സരയോട്ടം നടത്തുന്ന ഇത്തരം ബസുകൾക്കെതിരെ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും ആവശ്യം. പാലക്കാട് കുളപ്പുള്ളി പാതയിൽ തൃശൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്ക് 120 ൽ അധികം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]