
പാലക്കാട് ∙ സംസ്ഥാനത്തു സ്വകാര്യമേഖലയിലെ ആദ്യ സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി (എസ്ഡിഎഫ്) പാലക്കാട് ജില്ലയിലെ കടമ്പൂരിൽ ഈ മാസം തുടങ്ങും. 5.7 ഏക്കറോളം ഭൂമിയിൽ 30,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്.
ഇതിൽ 20,000 ചതുരശ്ര അടിയിലും സംരംഭങ്ങളായി. വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയ കെട്ടിടങ്ങളാണ് സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറികൾ.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 5 ഏക്കർ ഭൂമി സ്വന്തമായോ 30 വർഷത്തെ പാട്ടത്തിനോ കൈവശമുള്ളവർക്കാണ് വ്യവസായ വകുപ്പ് എസ്ഡിഎഫിന് അനുമതി നൽകുക.
അടിസ്ഥാനസൗകര്യങ്ങളും വ്യവസായത്തിനാവശ്യമായ കെട്ടിടങ്ങളും ഒരുക്കുമ്പോൾ 3 കോടി രൂപ വരെ ധനസഹായം വ്യവസായ വകുപ്പു നൽകും. സ്വകാര്യ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ, സഹകരണസ്ഥാപനങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, കൺസോർഷ്യങ്ങൾ എന്നിവർക്ക് എസ്ഡിഎഫുകൾ ആരംഭിക്കാം.
പാലക്കാടിനു പുറമേ പത്തനംതിട്ട, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോന്നും മലപ്പുറത്തു രണ്ടും എസ്ഡിഎഫുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനു പുറമേ 33 സ്വകാര്യ വ്യവസായ പാർക്കുകൾക്കാണു വ്യവസായാനുമതി നൽകിയത്.
കുറഞ്ഞത് 10 ഏക്കർ സ്ഥലമുണ്ടെങ്കിൽ സ്വകാര്യ പാർക്ക് തുടങ്ങാം എന്നതാണു വ്യവസ്ഥ. കോട്ടയത്താണ് ഏറ്റവും കൂടുതൽ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി ലഭിച്ചത്.
ആറെണ്ണം. മലപ്പുറം: 5, കണ്ണൂർ, തൃശൂർ: 4 വീതം, കാസർകോട്, എറണാകുളം: 3 വീതം, പത്തനംതിട്ട, പാലക്കാട്: 2 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്: ഒരെണ്ണം വീതം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]