
ചെർപ്പുളശ്ശേരി ∙ സ്വപ്നപദ്ധതിയായ ചെർപ്പുളശ്ശേരി നഗരനവീകരണ പ്രവൃത്തി രണ്ടാഴ്ചകൾക്കകം പൂർത്തിയാകും. പദ്ധതിയുടെ ഉദ്ഘാടനം ഉത്സവപ്പക്കിട്ടോടെ ഈ മാസാവസാനമോ അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യവാരമോ നടത്താനാണു തീരുമാനമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കെടുക്കുമെന്നും പി.മമ്മിക്കുട്ടി എംഎൽഎ അറിയിച്ചു.
നാലുവരിപ്പാതയുടെ ഇരുവശങ്ങളിലും ഇന്റർലോക്ക് കട്ട വിരിക്കൽ പ്രവൃത്തി ഇനി കുറച്ചു ഭാഗം കൂടി പൂർത്തിയാക്കാനുണ്ട്.
ആകർഷണീയമായ വഴിവിളക്കുകൾ സ്ഥാപിക്കലും നടപ്പാതയിൽ ടൈൽ വിരിക്കലും ഈ മാസാവസനത്തോടെ പൂർത്തിയാക്കാനാണു ലക്ഷ്യം.
2023 ഓഗസ്റ്റിൽ നെല്ലായയിൽ നിന്നാണു പ്രവൃത്തി ആരംഭിച്ചത്. ഒന്നര വർഷം കൊണ്ടു പ്രവൃത്തി പൂർത്തിയാക്കാനായിരുന്നു കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായുള്ള ധാരണ.
എന്നാൽ ചില തടസ്സങ്ങൾ കാരണം ആറു മാസം കൂടി നീട്ടി രണ്ടു വർഷമാക്കുകയായിരുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 39.6 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് പ്രവൃത്തികൾക്കായി ലഭിച്ചത്.
ഇതിൽ നിർമാണ പ്രവൃത്തികൾക്കു മാത്രം 31 കോടി രൂപ ചെലവായി. ബാക്കിയുള്ള തുക വാട്ടർ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയവയ്ക്കു മാറ്റേണ്ടി വരും.
നാലു കിലോമീറ്റർ ദൈർഘ്യത്തിൽ നെല്ലായ സിറ്റി മുതൽ കച്ചേരിക്കുന്നു വരെ ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തി പൂർത്തിയായി.
ഗവ. ആശുപത്രി മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള പട്ടണത്തിന്റെ ഹൃദയഭാഗം നാലുവരിപ്പാതയാക്കി ടാറിങ് പൂർത്തിയാക്കി.
റോഡിന്റെ ഇരുവശവും അഴുക്കുചാൽ നിർമിക്കുകയും ഇതിനു മുകളിൽ സ്ലാബ് ഇടുകയും ചെയ്തിട്ടുണ്ട്. നടപ്പാതയോടു ചേർന്ന കൈവരികൾ സ്ഥാപിക്കൽ പ്രവൃത്തിയും അവസാനഘട്ടത്തിലാണ്.
നെല്ലായയിൽ നിന്ന് കാവുവട്ടം വരെയും പുത്തനാൽക്കൽ കവല മുതൽ കച്ചേരിക്കുന്ന് വരെയുമുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ രണ്ടുവരിപ്പാതയായിക്കിയിട്ടുണ്ട്.
റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് പ്രവൃത്തിയും പൂർത്തീകരിച്ചു. പട്ടണത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും പൊതുസ്ഥലം പൂർണമായും ഉപയോഗപ്പെടുത്തിയുമാണ് വീതി കൂട്ടിയുള്ള റോഡ് നവീകരണം നടത്തിയിട്ടുള്ളത്. പട്ടണം നേരിട്ടിരുന്ന ഗതാഗതക്കുരുക്കിനു കൂടിയാണ് ഇതോടെ പരിഹാരമായത്. നാലുവരിപ്പാതയായി വികസിപ്പിക്കുന്ന മുണ്ടൂർ–തൂത സംസ്ഥാന പാതയുടെ മാങ്ങോട് മുതൽ തൂതവരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തിയും കാക്കാത്തോട് പാലത്തിന്റെ അവസാനഘട്ട നിർമാണവും പൂർത്തിയാകുന്നതോടെ ചെർപ്പുളശ്ശേരിയുടെ മുഖമാകെ മാറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]