
പാലക്കാട് ∙ ഉള്ള സൗകര്യങ്ങൾ ഉപയോഗിച്ച് കുരുക്കില്ലാതെ പാലക്കാട് നഗരത്തിലെ ഗതാഗതം എങ്ങനെ സുഗമമാക്കാം. വികസിപ്പിക്കേണ്ട
സൗകര്യങ്ങളും ഇതിനു വേണ്ട പദ്ധതികളും എന്ത് ? ഉടൻ നടപ്പാക്കേണ്ടതും ഭാവിയിൽ നടപ്പാക്കേണ്ടതുമായ ഗതാഗത പദ്ധതികളെക്കുറിച്ചു പാലക്കാട് ഐഐടിയിലെ വിദഗ്ധരുടെ സഹായത്തോടെ പദ്ധതി തയാറാക്കുന്നു.
ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, മോട്ടർ വാഹന, പിഡബ്ല്യുഡി വകുപ്പുകളും നഗരസഭയും സംയുക്തമായാണു നടപടി. ഇതിന്റെ ഭാഗമായി എല്ലാ വകുപ്പു പ്രതിനിധികളും ഉൾപ്പെട്ട
സംഘം ഐഐടി സിവിൽ എൻജിനീയറിങ് വിഭാഗം അസോഷ്യേറ്റ് പ്രഫ.ബി.കെ.ഭവതിന്റെ നേതൃത്വത്തിൽ നഗരത്തിലെയും പരിസരത്തെയും പ്രധാന ജംക്ഷനുകളിൽ പരിശോധന നടത്തി.
പ്രധാന റോഡുകളിലെ വാഹന സാന്ദ്രത, ഇതു കൂടുതലുള്ള സമയം, വൺവേ സാധ്യത, സിഗ്നൽ ലൈറ്റ്, ഇതിലെ സമയം, പോക്കറ്റ് റോഡുകൾ ഉപയോഗപ്പെടുത്തൽ തുടങ്ങിയവയിൽ ഉടൻ നടപടി ഉണ്ടാകും. മുനിസിപ്പൽ ബസ് സ്റ്റാൻഡ് പൂർണതോതിൽ പ്രവർത്തിപ്പിക്കുമ്പോൾ ബസുകൾ പോകേണ്ട
റൂട്ടുകൾ, എവിടെയൊക്കെ വൺവേ ഏർപ്പെടുത്തണം, അതു വലിയ വാഹനങ്ങൾക്കു മാത്രം മതിയോ തുടങ്ങിയ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്കു മുൻപു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സംഘത്തിന്റെ യോഗവും നടന്നു.
കെഎസ്ആർടിസി ജംക്ഷൻ, ഒലവക്കോട്, കാവിൽപ്പാട്, സുൽത്താൻപേട്ട, മുനിസിപ്പൽ സ്റ്റാൻഡ്, കൽമണ്ഡപം–ശേഖരീപുരം ബൈപാസ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
നഗരത്തിനുള്ളിലെ ജംക്ഷനുകൾ വികസിപ്പിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. മേൽപാലങ്ങൾക്കും പദ്ധതികളില്ല.
മുൻപുണ്ടായിരുന്ന പദ്ധതി എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചിലയിടങ്ങളിൽ വൺവേ അടക്കമുള്ള ക്രമീകരണങ്ങൾ വേണ്ടിവരുമെന്നാണു വിലയിരുത്തൽ.
പരിശോധനാ സംഘത്തിനു വേണ്ട അടിസ്ഥാന വിവരങ്ങൾ അതതു വകുപ്പുകൾ ലഭ്യമാക്കും.
എഎസ്പി രാജേഷ്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.വിജയകുമാർ, നോർത്ത് ഇൻസ്പെക്ടർ വിപിൻ വേണുഗോപാൽ, ട്രാഫിക് എഎസ്ഐ മുഹമ്മദ് ഹാരിസ്, ആർടിഒ ടി.യു.മുജീബ്, നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്മിത, പിഡബ്ല്യുഡി എൻജിനീയർമാരായ സി.ഗിരീഷ്, എസ്.ബാബുരാജ്, ദേശീയപാത വിഭാഗം എൻജിനീയർ സുനിൽ എന്നിവർ പങ്കെടുത്തു. ഐഐടിയിൽ നിന്നു വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾക്കായി ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിന്റെ പരിഗണനയ്ക്കു സമർപ്പിക്കുമെന്ന് ആർടിഒ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]