
ഷൊർണൂർ ∙ ജില്ലയിൽ നിപ്പ രോഗത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷൊർണൂർ ചുഡുവാലത്തൂർ പ്രദേശത്തുള്ള ആയിരക്കണക്കിനു വവ്വാലുകളെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കലക്ടർ നഗരസഭയ്ക്കു നിർദേശം നൽകി. ഒന്നര വർഷമായി പ്രദേശത്ത് കൂട്ടമായി എത്തിയിട്ടുള്ള വവ്വാലുകൾ ജനങ്ങൾക്ക് ഭീഷണിയാണെന്നു കാണിച്ചു നാട്ടുകാർ മാസങ്ങൾക്ക് മുൻപു ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് കലക്ടർ കഴിഞ്ഞ ദിവസം മറുപടി നൽകിയത്. ചുഡുവാലത്തൂർ ക്ഷേത്രത്തിനു സമീപത്തുള്ള മരങ്ങളിൽ ആയിരക്കണക്കിനു വവ്വാലുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. വീടിന്റെ കിണറുകളിൽ വവ്വാലുകൾ മലമൂത്ര വിസർജനം നടത്തുന്നതിനാൽ എല്ലാ വീടുകളിലെ കിണറുകളും ഷീറ്റുകൾ കൊണ്ട് മറച്ചിരിക്കുകയാണ്.
വവ്വാലുകൾ വിസർജിക്കുന്നത് കാരണം ജനങ്ങൾ വീടിനു പുറത്തേക്ക് ഇറങ്ങുമ്പോൾ കുട
ചൂടേണ്ട അവസ്ഥയാണെന്നു നാട്ടുകാർ പറഞ്ഞു.
പകൽ സമയത്ത് മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ രാത്രി പ്രദേശത്ത് കൂട്ടത്തോടെ പറക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കും അപകട ഭീഷണിയാകുന്നുണ്ട്.
പ്രദേശത്ത് നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരങ്ങളിലാണ് വവ്വാലുകൾ കൂട്ടമായി എത്തിയിരിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നഗരസഭയ്ക്കും വനം വകുപ്പിനും ജില്ല കലക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
എന്നാൽ, മരങ്ങൾ മുറിച്ചു മാറ്റിയത് കൊണ്ട് മാത്രം വവ്വാൽ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും വനം വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]