
മലമ്പുഴ ∙ അകമലവാരം എലിവാലിൽ സ്ഥാപിച്ച പുലിക്കൂട് കണ്ട് പുലി പോലും നാണിച്ചുപോകും. കെണി ഒരുക്കാതെ കൂടു വച്ചതു പുലിയെ പിടിക്കാൻ തന്നെയാണോ എന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടിയില്ലാതെ വനംവകുപ്പ്.
ഇപ്പോൾ കൂട് ടാർപോളിൻ കൊണ്ടു മറയ്ക്കുകയും ചെയ്തു. എലിവാലിൽ മൂന്നര വയസ്സുകാരി അവനിക പുലിയുടെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവത്തിനു ശേഷം മേയ് 20ന് ആണു വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
മന്ത്രി എ.കെ.ശശീന്ദ്രനും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ പ്രത്യേക ശ്രദ്ധ ചെലുത്താൻ ജീവനക്കാർക്കു നിർദേശവും നൽകി. ആദ്യത്തെ നാലു ദിവസം കൂട്ടിൽ നായയെ കെട്ടി കെണി ഒരുക്കി.
അടുത്തുള്ള വനംവകുപ്പിന്റെ ഓഫിസിൽ നിന്നു ജീവനക്കാരെത്തിയാണു നായയെ കെട്ടിയിരുന്നത്.
നായയെ വൈകിട്ട് കെട്ടി, രാവിലെ അഴിച്ചു കൊണ്ടുപോകും. പക്ഷേ നാലു ദിവസത്തിനുശേഷം പിന്നെ നായയെ കെട്ടാതായി.
പരാതി പറഞ്ഞെത്തിയ നാട്ടുകാരോട് ഇരയില്ലാതെ പുലിയെ പിടിക്കാൻ സംവിധാനമുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചത്. പക്ഷേ അങ്ങനെ ഒരു ‘ടെക്നോളജി’ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണു ഡിഎഫ്ഒ അറിയിച്ചത്.
നാട്ടുകാരെ തെറ്റിധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവും ഉയർന്നു. കുറച്ചു ദിവസത്തിനുശേഷം കൂട് ടാർപോളിൻ കൊണ്ട് മറച്ചു. കഴിഞ്ഞ ദിവസം എലിവാലിൽ എത്തിയ പുലി ഈ കൂടിനു മുകളിലൂടെയാണു ചാടിപ്പോയത്.
പുലർച്ചെ അവനികയുടെ വീട്ടിലാണു പുലി എത്തിയത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവനികയുടെ പിതാവ് കെ.കൃഷ്ണനും അയൽവാസി കെ.മണികണ്ഠനും ചേർന്നു ബഹളമുണ്ടാക്കിയാണു പുലിയെ തുരത്തിയത്. എലിവാലിൽനിന്ന് ഈ വർഷം മാത്രം പുലി പിടിച്ചതു 3 പശുക്കളെയും 5 ആടുകളെയും 4 വളർത്തു നായ്ക്കളെയുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]