
ഒറ്റപ്പാലം∙ വാൽവ് തകരാറിനെ തുടർന്ന് കഴുത്തോളം ഉയരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ ഇറങ്ങിനിന്നു പൈപ് ലൈനിലെ ചോർച്ച പരിഹരിക്കാൻ ജല അതോറിറ്റി കരാർ തൊഴിലാളികളുടെ സാഹസിക ശ്രമം.
പനമണ്ണ വായനശാല പരിസരത്തു പൊട്ടിയ വിതരണശൃംഖലയാണു തൊഴിലാളികൾ വെള്ളത്തിൽ ഇറങ്ങിനിന്നു ശ്രമകരമായി അറ്റകുറ്റപ്പണി നടത്തുന്നത്. വീട്ടാമ്പാറയിലെ വാൽവ് തകരാറിലായി ചോരുന്നതാണു പ്രശ്നം. കൃത്യമായി തുറക്കാനും അടയ്ക്കാനും കഴിയാത്ത വാൽവ് ആയതിനാൽ പൈപ് ലൈനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനായില്ല.
കുഴിയെടുത്തു 2 ദിവസം തൊഴിലാളികൾ കാത്തിരുന്നെങ്കിലും വെള്ളം കുറയാതായതോടെ രണ്ടും കൽപിച്ചു പണിക്കിറങ്ങി.
എസി പൈപ്പിൽ പൊട്ടിയ ഭാഗത്ത് ഇരുമ്പു ജോയിന്റ് ഘടിപ്പിച്ചാണ് അറ്റകുറ്റപ്പണി. ജോലി ചെയ്തുള്ള വർഷങ്ങളുടെ പരിചയം കൈമുതലാക്കിയാണു പണി നടത്തുന്നത്.
താഴ്ചയിലുള്ള പൈപ് ലൈനിൽ ജോലി ചെയ്യാൻ പലപ്പോഴും ചെളിവെള്ളത്തിൽ മുങ്ങേണ്ടിവന്നു. കൈകൾക്കൊപ്പം കാലുകൾ കൂടി ഉപയോഗിച്ചായിരുന്നു ജോലികൾ. വർഷങ്ങൾക്കു മുൻപു തകരാറിലായ വാൽവ് മാറ്റി സ്ഥാപിക്കാൻ അമൃത് പദ്ധതിയിൽ പോലും നടപടിയുണ്ടായില്ല.
വീട്ടാമ്പാറയിലെ വാൽവ് തകരാറു മൂലം കണ്ണിയംപുറം, പനമണ്ണ, വട്ടനാൽ ഭാഗങ്ങളിൽ പതിവായി ജലവിതരണം പ്രതിസന്ധിയിലാകുന്ന സാഹചര്യവുമുണ്ട്. വിതരണ ശൃംഖലകളിൽ എവിടെയെങ്കിലും തകരാറു സംഭവിച്ചാൽ പ്രശ്നപരിഹാരത്തിന് അടയ്ക്കേണ്ട വാൽവാണു പലപ്പോഴും പണിമുടക്കാറുള്ളത്.
കഴിഞ്ഞ മേയിൽ അടച്ച വാൽവ് തുറക്കാനാകാത്തിതിന്റെ പേരിൽ ഈ മേഖലയിൽ 10 ദിവസത്തോളം ജലവിതരണം മുടങ്ങി. നഗരസഭാ കൗൺസിലർമാർ ജലഅതോറിറ്റി ഓഫിസിലെത്തി പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായി.
അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വാൽവ് തകരാർ പരിഹരിക്കുമെന്നാണ് അധികൃതരുടെ നിലപാട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]