കഞ്ചിക്കോട് ∙ കേരളത്തിന്റെയും പാലക്കാടിന്റെയും സ്വപ്നപദ്ധതിയായ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനം 3 വർഷത്തിനകം പൂർത്തിയാക്കുമെന്നു മന്ത്രി പി.രാജീവ്. സ്മാർട് സിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ (കെഐസിഡിസി) പ്രോജക്ട് ഓഫിസ് കൊടുമ്പ് ഇരട്ടയാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 12 വ്യവസായ ഇടനാഴികളിൽ ഭൂമി ഏറ്റെടുപ്പും ടെൻഡർ നടപടികളും ആദ്യം പൂർത്തീകരിച്ച പദ്ധതി പാലക്കാട്ടേതാണ്.
ഒക്ടോബർ മാസത്തിൽ ഭൂമിയുടെ സർവേ നടപടികൾ ആരംഭിച്ചു. 42 മാസം കൊണ്ട് അടിസ്ഥാന സൗകര്യവികസനം പൂർത്തിയാക്കാനാണു ലക്ഷ്യമെങ്കിലും അതു 36 മാസംകൊണ്ട് പൂർത്തിയാക്കണമെന്ന വ്യവസായ വകുപ്പിന്റെ ആവശ്യം കരാറുകാർ അംഗീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക ഉദ്ഘാടനത്തിനു കാത്തുനിൽക്കാതെ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾ തുടങ്ങാൻ കേന്ദ്രവും അനുമതി നൽകി.
തമിഴ്നാട്ടിലെ വ്യവസായങ്ങളുമായി പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. വൻകിട
വ്യവസായങ്ങൾ വരുമ്പോൾ അതിനോട് അനുബന്ധിച്ച് ഒട്ടേറെ ചെറുകിട സംരംഭങ്ങൾക്കും സാധ്യത തെളിയുന്നു.
കേരളത്തിലെ വീടുകളുടെ പകുതി ഭാഗം പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. എ.പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി.
വി.കെ. ശ്രീകണ്ഠൻ എംപി, വ്യവസായ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കലക്ടർ എം.എസ്.മാധവിക്കുട്ടി, കെഐസിഡിസി എംഡി സന്തോഷ് കോശി തോമസ് എന്നിവർ പ്രസംഗിച്ചു.
ഐഐടി വ്യവസായ ഗവേഷണ കേന്ദ്രവും കഞ്ചിക്കോട് ആരംഭിക്കും
പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിക്കൊപ്പം പാലക്കാട് ഐഐടി വ്യവസായ ഗവേഷണ കേന്ദ്രവും കഞ്ചിക്കോട് ആരംഭിക്കും.
ഐഐടിക്കു സമീപത്ത് ഉപയോഗശൂന്യമായിരുന്ന 65 ഏക്കർ സ്ഥലം വ്യവസായ വകുപ്പ് തിരിച്ചെടുക്കുകയും 45 ഏക്കർ പുതിയ വ്യവസായങ്ങൾക്കായി അനുവദിക്കുകയും ചെയ്തു. ഇതിലെ 20 ഏക്കർ ഭൂമി പാലക്കാട് ഐഐടിക്ക് വ്യവസായ ഗവേഷണ കേന്ദ്രം തുടങ്ങുന്നതിനായി നൽകിയിട്ടുണ്ട്.
സ്മാർട് സിറ്റി പദ്ധതിയിൽ ഏതെല്ലാം വ്യവസായങ്ങളാണ് വരുന്നതെന്ന് നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ഗവേഷണങ്ങളാണ് ഐഐടിയിൽ ഒരുക്കുക.
പ്രതീക്ഷയോടെ പാലക്കാട് ഇന്റർനാഷനൽ എയർപോർട്ട്’
കൊച്ചി–സേലം ദേശീയപാത, റെയിൽവേ പാത, ജലസേചന പദ്ധതികൾ, കഞ്ചിക്കോട് വ്യവസായ പാർക്കുകൾ, കോയമ്പത്തൂർ വ്യവസായ നഗരം, കോയമ്പത്തൂർ എയർപോർട്ട് തുടങ്ങിയ ഒട്ടേറെ അനുകൂല സാഹചര്യങ്ങളാണ് പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിക്കുള്ളത്.
ഇതിനൊപ്പം പാലക്കാട് ഇന്റർനാഷനൽ എയർപോർട്ട് എന്ന സ്വപ്നവും യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണെന്നു വി.കെ.ശ്രീകണ്ഠൻ എംപി ഇന്നലെ ചടങ്ങിൽ പറഞ്ഞു. നിരന്തരമായ ഇടപെടലിനൊടുവിൽ കേന്ദ്ര വ്യോമയാന മന്ത്രി വിഷയത്തിൽ അനുകൂല നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.
അതിൽ പ്രതീക്ഷയുണ്ടെന്നും വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

