വാൽപാറ ∙ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥിത്തൊഴിലാളി കുടുംബത്തിലെ അഞ്ചു വയസ്സുകാരനു നാടിന്റെ യാത്രാമൊഴി.
വാൽപാറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മാതാപിതാക്കൾക്കു വിട്ടുകൊടുത്തതോടെ ആശുപത്രി പരിസരത്തു കൂട്ടക്കരച്ചിലുയർന്നു. മൃതദേഹം വാൽപാറ മുസ്ലിം പള്ളി കബർസ്ഥാനിൽ കബറടക്കി. വനംവകുപ്പു നൽകുന്ന നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡുവായ 50,000 രൂപ വാൽപാറ റേഞ്ച് ഓഫിസർ സുരേഷ് കൃഷ്ണ കുട്ടിയുടെ മാതാപിതാക്കൾക്കു കൈമാറി.
കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് പ്യാരി ആഗ്രോ കമ്പനിയുടെ അയ്യർപാടി എസ്റ്റേറ്റിലെ ജെഇ ബംഗ്ലാവിനടുത്തുള്ള തൊഴിലാളികളുടെ ലയത്തിൽ താമസിക്കുന്ന അസം സ്വദേശികളായ റോജാവാലിയുടെയും സജിതാ ബീഗത്തിന്റെയും മൂന്നു മക്കളിൽ ഇളയ ആളായ അഞ്ചു വയസ്സുകാരൻ സൈഫുൽ ആലം പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് തേയിലത്തോട്ടത്തിൽ നിന്നു ചാടിവീണ പുലി കുട്ടിയെ കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയത്. തൊട്ടടുത്തു താമസിക്കുന്ന സ്ത്രീയുടെ കണ്മുന്നിലായിരുന്ന സംഭവം. തൊഴിലാളികളും വനപാലകരും ചേർന്നു രണ്ടു മണിക്കൂർ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

