അഗളി∙ കടുവകളുടെ കണക്കെടുപ്പിനിടെ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഈ വർഷത്തെ കടുവ കണക്കെടുപ്പ് തീർത്തും അശാസ്ത്രീയവും പഴഞ്ചനുമാണെന്ന് അഗളി നെല്ലിപ്പതിയിൽ കൂടിയ യോഗം അഭിപ്രായപ്പെട്ടു.
സെൻസസ് നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയൊന്നും പരിഗണിക്കാതെ സെൻസസ് ബ്ലോക്കുകൾ നിർവചിച്ചതാണ് അപകടം വരുത്തിയത്. ദിവസവും സെൻസസ് വിവരങ്ങൾ കൃത്യമായി ചോദിക്കുന്ന അധികാരികൾ ജീവനക്കാർക്കു ഫീൽഡിൽ ബുദ്ധിമുട്ടുണ്ടോ എന്ന് അന്വേഷിക്കാത്തത് ഖേദകരമാണ്.
സൗകര്യങ്ങൾ അനുവദിക്കാതെ മർക്കട മുഷ്ടി ഉപയോഗിച്ച് കണക്കെടുപ്പ് നടത്താം എന്ന വിചിത്ര ചിന്തയുടെ അനന്തരഫലമാണ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിന്റെ ദാരുണ മരണമെന്ന് കുറ്റപ്പെടുത്തി.
കാളിമുത്തു മരണപ്പെട്ടതറിഞ്ഞ് അട്ടപ്പാടിയിലെത്തിയ ഫീൽഡ് ഡയറക്ടർ, കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജീവനക്കാരോട് പരുഷമായി പെരുമാറിയതായും കാളിമുത്തുവിന് അന്തിമോപചാരങ്ങൾ അർപ്പിക്കാതെ പോയെന്നും അസോസിയേഷൻ ആരോപിച്ചു.
ഈ വർഷത്തെ സെൻസസ് തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി അനിഷ്ട സംഭവങ്ങൾ ഉണ്ടായി.
തിരുവനന്തപുരം ഡിവിഷനിലെ ബോണക്കാട്ടും, പാലക്കാട് അട്ടപ്പാടി റേഞ്ചിലെ പുതൂരിലും സെൻസസ് ഡ്യൂട്ടിക്ക് ഉൾവനത്തിൽ പോയ ജീവനക്കാർക്കു മടങ്ങിയെത്താൻ കഴിയാത്ത സാഹചര്യമുണ്ടായി.
പത്തനംതിട്ട ജില്ലയിലെ റാന്നി ഡിവിഷനിൽ ഉൾവനത്തിലെ ബ്ലോക്കിൽ ഒരു ജീവനക്കാരന് പാമ്പുകടിയേറ്റ് മണിക്കൂറുകൾ കഴിഞ്ഞാണ് പുറത്തെത്തിക്കാൻ കഴിഞ്ഞത്.
ഇടുക്കിയിൽ കടുവ കണക്കെടുപ്പിനിടയിൽ ഒരു പ്രൊട്ടക്ഷൻ വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഫീൽഡ് ജീവനക്കാരുടെ സുരക്ഷയും, അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയില്ലെങ്കിൽ കടുവ കണക്കെടുപ്പ് ഉൾപ്പെടെയുള്ള പരിപാടികളിൽ നിന്നു വിട്ടുനിൽക്കാൻ അംഗങ്ങളോട് സംഘടന ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി എം.ശ്രീനിവാസൻ, സംസ്ഥാന കൗൺസിലർ മുഹമ്മദ് ഹാഷിം, ജില്ലാ പ്രസിഡന്റ് സുധീഷ്കുമാർ, സെക്രട്ടറി കെ.ദീപക് എന്നിവർ അറിയിച്ചു.
കാളിമുത്തുവിന് വിട
നൽകി നാട്
അഗളി∙ കടുവ സെൻസസിനിടെ അട്ടപ്പാടി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് അസിസ്റ്റന്റ് ആർ.കാളിമുത്തുവിന് സഹപ്രവർത്തകരും നാട്ടുകാരും അന്തിമ യാത്രയയപ്പ് നൽകി.
6ന് ഉച്ചയ്ക്ക് ഒന്നരയോടെ പുതൂർ മുള്ളി വനത്തിലാണ് കാളിമുത്തുവിനെ ആന കൊലപ്പെടുത്തിയത്. മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് വിജയാനന്ദ്, മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ് എന്നിവരും വനംവകുപ്പ് ജീവനക്കാരുടെ സംഘടന പ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും ഉൾപ്പെടെ അന്തിമാഭിവാദ്യമർപ്പിക്കാനെത്തി. മൃതദേഹം വൈകിട്ട് കാവുണ്ടിക്കൽ ഊര് ശ്മശാനത്തിൽ സംസ്കരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

