അഗളി ∙ കാട്ടാനയുടെ ആക്രമണത്തിൽ താവളം മുള്ളി റോഡിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ താവളം കവലയിൽ പ്രധാന റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ മുതൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനം മണ്ണാർക്കാട് ആനക്കട്ടി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് തേക്കുവട്ട സ്വദേശി ശാന്തകുമാർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
താവളത്തുനിന്നും തേക്കുവട്ടയിലെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ശാന്തകുമാറിനെ വീട്ടിലെത്തുന്നതിന് ഒരുകിലോമീറ്റർ മുൻപാണ് ആന ആക്രമിച്ചത്.
ഒരാഴ്ച മുൻപ് ഇതിനടുത്ത് തന്നെ കലമാൻ ഓട്ടോറിക്ഷയിലിടിച്ച് കർഷകനായ ബാലസുബ്രമണ്യൻ മരിക്കുകയും ഭാര്യയ്ക്ക് ഇടുപ്പെല്ലിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.ഒരാഴ്ചയ്ക്കിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 2 ജീവൻ നഷ്ടപ്പെട്ടത് അട്ടപ്പാടിയിൽ വ്യാപക പ്രതിഷേധമുണ്ടാക്കി. രാവിലെ 9ന് തുടങ്ങിയ സമരത്തിന് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും നേതൃത്വം നൽകി. ഒരാഴ്ച മുൻപ് കലമാൻ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ച്, പരുക്കേറ്റ് കിടക്കയിൽ കഴിയുന്ന തമിഴ് ശെൽവിയും മക്കളും സമരത്തിനെത്തി.
മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ്, അഗളി ഡിവൈഎസ്പി ആർ.അശോകൻ, അട്ടപ്പാടി ഭൂരേഖ തഹസിൽദാർ അഭിലാഷ് എന്നിവരുമായി നടത്തിയ ചർച്ചയിൽ ജനങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സമരം അവസാനിച്ചു.നേതാക്കളായ ഷിബു സിറിയക്, പി.എം.ഹനീഫ, പി.ജി.ബാബു ആനക്കല്ല്, ധർമ്മരാജ് താവളം, എ.സെന്തിൽ കുമാർ.
വി.കെ.ജയിംസ്, ജോസ് പനക്കാമറ്റം, മണി കാവുണ്ടിക്കല്ല്, സതീഷ് കുമാർ പാടവയൽ, മനോജ് ഭാസ്കരൻ, വെങ്കിടാചലം, ലോകനാഥൻ, ചോലക്കാട് മോഹനൻ, സി.തങ്കവേലു, കെ.കെ.മാത്യു, എം.ആർ.സത്യൻ എന്നിവർ നേതൃത്വം നൽകി.
ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ
ഒത്തുതീർപ്പ് പ്രകാരം മരണപ്പെട്ട ശാന്തകുമാറിന്റെയും ബാലസുബ്രഹ്മണ്യന്റെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായധനം ആദ്യഗന്ധു കൈമാറി.
ആശ്രിതരിലൊരാൾക്ക് ജോലി നൽകാനും ധാരണയായി. വന്യമൃഗ ആക്രമണത്തിൽ മരണപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരതുകയും വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാലും കൃഷിനശിച്ചാലുമുണ്ടാകുന്ന നഷ്ടങ്ങളുടെ പരിഹാര തുകയും വർധിപ്പിക്കണമെന്ന ആവശ്യം ഡിഎഫ്ഒ സർക്കാരിനെ അറിയിക്കും.
പ്രദേശത്തെ ആക്രമണകാരിയായ ആനയെ തിരിച്ചറിഞ്ഞ് പിടികൂടും.
ജനവാസ മേഖലയിലെ തുരുത്ത് വനങ്ങളിലുള്ള ആനകളെ ഉൾവനത്തിലേക്ക് മാറ്റും. ഇതുവരെയുള്ള നഷ്ടപരിഹാര തുകയിലെ കുടിശിക ഉടൻ നൽകും.
വന്യമൃഗശല്യം കൂടിയ സ്ഥലങ്ങളിൽ വിളക്കുകൾ സ്ഥാപിക്കും. പ്രത്യേകം പട്രോളിങ് ഏർപ്പെടുത്തും.
റോഡുകളുടെ വശങ്ങളിലെ കാടുകൾ നീക്കും. വനത്തിൽ മൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കും.
ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് വനംവകുപ്പ് പിന്തുണ നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]