
ചിറ്റൂർ ∙ കാത്തിരിപ്പിനൊടുവിൽ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ ഒപി പ്രവർത്തനം ആരംഭിച്ചു. ഇന്നലെ ചികിത്സയ്ക്കെത്തിയത് അഞ്ഞൂറോളം പേർ.
പുതിയ കെട്ടിടം നിർമിച്ചിട്ടും അസൗകര്യങ്ങളുള്ള പഴയ കെട്ടിടത്തിൽ തുടരുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഇഎൻടി എന്നീ ഒപി വിഭാഗങ്ങളിലായി 468 പേരാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്.നിലവിൽ കെട്ടിടം പൂർണമായും പ്രവർത്തനസജ്ജമായിട്ടില്ല.
പഴയ കെട്ടിടത്തിൽ നിന്നുള്ള സാധനസാമഗ്രികൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. കംപ്യൂട്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഇന്നലെ ജീവനക്കാർ എഴുതിയാണ് ഒപി ടിക്കറ്റ് നൽകിയത്.
അതുകൊണ്ടുതന്നെ ചികിത്സ തേടയെത്തിയവർ പതിവിലും കൂടുതൽ സമയം വരി നിൽക്കേണ്ടിവന്നു. കാഷ്വാലിറ്റിയുടെ പ്രവർത്തനം ഘട്ടംഘട്ടമായി മാറ്റാനാണ് തീരുമാനം.
കെട്ടിടത്തിന്റെ നിർമാണച്ചുമതലയുള്ള ‘ഹൈറ്റ്സ്’ അധികൃതർ താൽക്കാലിക പ്രവർത്തനാനുമതി നൽകിയതോടെ ഞായറാഴ്ചയാണ് പഴയ കെട്ടിടത്തിൽ നിന്ന് ഒപി തുടങ്ങുന്നതിന് ആവശ്യമായ കസേരകളും മറ്റുപകരണങ്ങളും പുതിയ കെട്ടിടത്തിലേക്കു മാറ്റിയത്.
അതേസമയം, പുതിയ കെട്ടിടത്തിൽ ജനറേറ്റർ കമ്മിഷൻ ചെയ്തു കിട്ടിയിട്ടില്ല. എക്സ്റേ, സിടി സ്കാൻ പോലുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രത്യേക അനുമതിയും ലഭിക്കേണ്ടതുണ്ടെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് എൻ.അനിൽകുമാർ പറഞ്ഞു.
പുതിയ കെട്ടിടം പൂർണമായും പ്രവർത്തനസജ്ജമാകണമെങ്കിൽ കെട്ടിടം പൂർണമായി കൈമാറിക്കിട്ടുന്നതോടൊപ്പം പുതിയ ജീവനക്കാരുടെ നിയമനവും ഉണ്ടാകണമെന്നും സൂപ്രണ്ട് പറഞ്ഞു. പുതിയ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ഉടൻ ഉണ്ടാകുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]