
പാലക്കാടിന് മനസ്സു നിറയെ കെഎസ്ആർടിസി ബസുകൾ; എംപിയും എംഎൽഎയും ചോദിച്ചു, മന്ത്രി അനുവദിച്ചു
പാലക്കാട് ∙കോഴിക്കോട്–പാലക്കാട് കെഎസ്ആർടിസി എസി പ്രീമിയം സൂപ്പർഫാസ്റ്റ്, മൈസൂരുവിലേക്കു സൂപ്പർ ഡീലക്സ് ബസ് സർവീസുകൾ ശുഭയാത്ര ആരംഭിച്ചു. ഏറെക്കാലമായി പാലക്കാടിന്റെ ആവശ്യമായ ബെംഗളൂരു ബസ് സർവീസിന് അനുമതിയുടെ പച്ചക്കൊടി.
ഒപ്പം ജില്ലയ്ക്കു പുതിയ ബസും. പാലക്കാട്ടു നിന്നു രാത്രി ഗുരുവായൂരിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കും.
പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കോഴിക്കോട്ടേക്കുള്ള പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സർവീസ് ഫ്ലാഗ്ഓഫ് ചെയ്ത ശേഷം ബസിനുള്ളിലിരിക്കുന്ന മന്ത്രി കെ.ബി.ഗണേഷ് കുമാർ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, വി.കെ.ശ്രീകണ്ഠൻ എംപി തുടങ്ങിയവർ സമീപം.
ചിത്രം: മനോരമ
പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ പുതിയ ഇന്ധനപ്പമ്പ് ഉടൻ നിർമാണം തുടങ്ങും. ഇതിനായി നിലവിലെ ശുചിമുറി പൊളിച്ച് സംസ്ഥാനാന്തര ബസ് ടെർമിനൽ ഭാഗത്തേക്കു മാറ്റും.
മണ്ണമ്പറ്റ വിടിബി കോളജ്, ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളജ് വഴി കെഎസ്ആർടിസി ബസ് സർവീസ് പരിഗണനാ പട്ടികയിൽ.വി.െക.ശ്രീകണ്ഠൻ എംപിയും, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ചോദിച്ചതെല്ലാം മന്ത്രി കെ.ബി.ഗണേഷ്കുമാർ പാലക്കാടിനായി അനുവദിച്ചു. പാലക്കാട്ടു നിന്ന് ഒരു ചെന്നൈ ബസ് സർവീസ് കൂടി കിട്ടിയാൽ തങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കാമെന്നു ജനപ്രതിനിധികൾ.
ബസ് സർവീസുകൾ അനുവദിക്കാം ലാഭകരമായും യാത്രക്കാർക്ക് ഉപകാരപ്രദമായും നടത്തണമെന്നു മന്ത്രി.
പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശീതീകരിച്ച വിശ്രമ മുറിയുടെയും പുതിയ സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ. ചിത്രം: മനോരമ
ഇങ്ങനെ നടപ്പാക്കിയതും ഉടൻ നടപ്പാക്കുന്നതുമായ ഉറപ്പുകളുടെ ശീതളിമയിലായിരുന്നു പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ശീതികരിച്ച വിശ്രമമുറിയുടെയും പുതിയ ബസ് സർവീസുകളുടെയും ഉദ്ഘാടനം.
വിവോ കമ്പനിയുടെ സഹകരണത്തോടെയാണു യാത്രക്കാർക്കു തുക നൽകി ഉപയോഗിക്കാവുന്ന വിശ്രമമുറി സജ്ജമാക്കിയിട്ടുള്ളത്. ഒരു മണിക്കൂറിനു 20 രൂപയാണു നിരക്ക്.
തുടർന്നുള്ള മണിക്കൂറിനു 10 രൂപയും.കെഎസ്ആർടിസി യാഡ് നവീകരണത്തിന് അടുത്ത ആഴ്ച തന്നെ തുക അനുവദിക്കുമെന്നു വി.കെ.ശ്രീകണ്ഠൻ എംപി അറിയിച്ചു. കെഎസ്ആർടിസിയിൽ സോളർ വൈദ്യുതിയിലേക്കു മാറണമെന്നും അദ്ദേഹം പറഞ്ഞു.
ശുചിമുറി സംവിധാനം സജ്ജമാക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഹായം ഉറപ്പു നൽകി.കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രമോദ് ശങ്കർ, നഗരസഭാംഗം ഇ.ഫൈറോജ, വിവോ ബിസിനസ് ഓപ്പറേഷൻ ഹെഡ് പ്രസാദ് മുള്ളനാറമ്പത്ത്, പ്രതിനിധികളായ പി.എസ്.സുധീർ, ലിബിൻ തോമസ്, ആർടിഒ സി.യു.മുജീബ്, കെഎസ്ആർടിസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സി.വി.ജോർജ്, എടിഒ എം.വി.അനസ്, നോർത്ത് സോൺ ചീഫ് ട്രാഫിക് ഓഫിസർ വി.മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു. പൊലീസ് എയ്ഡ് പോസ്റ്റിനു സൗകര്യപ്രദമായ മുറി അനുവദിക്കാനും മന്ത്രി നിർദേശിച്ചു.
ബിജെപി പ്രതിഷേധം; കാര്യമറിഞ്ഞു വേണ്ടേ ഇതൊക്കെയെന്നു മന്ത്രി
കെഎസ്ആർടിസിയിൽ ഉദ്ഘാടനത്തിനിടെ മന്ത്രി കെ.ബി.ഗണേഷ്കുമാറിനു നേരെ ബിജെപിയുടെ പ്രതിഷേധം, കരിങ്കൊടി.
വേദിയിലേക്കു തള്ളിക്കയറാൻ ശ്രമിച്ച ബിജെപി നേതാവിനെ അടുത്തു വിളിച്ച മന്ത്രി എന്തിനാണു പ്രതിഷേധമെന്നു ചോദിച്ചു. ശുചിമുറി, എസി മുറിക്ക് ചാർജ് ഈടാക്കരുത്, ഇന്ധനപ്പമ്പ് സ്ഥാപിച്ചില്ല, കെട്ടിട
നമ്പർ ഇല്ല, പൊലീസ് എയ്ഡ് പോസ്റ്റിന് മുറി അനുവദിച്ചില്ല എന്നീ കാരണങ്ങളായിരുന്നു പ്രതിഷേധം. കെട്ടിട
നമ്പർ അനുവദിക്കാത്തതു നഗരസഭയെന്നും നിങ്ങൾ അവിടേക്കാണു പ്രതിഷേധം നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം നഗരസഭാധ്യക്ഷയെ താൻ നേരിട്ടു വിളിച്ചു സംസാരിച്ചിരുന്നു.
കടകളുടെ പ്രശ്നമാണു നഗരസഭ ഉന്നയിക്കുന്നത്. അതു കോടതിയിലായിരുന്നു.
നടപടിയെടുക്കും. അഞ്ചു വർഷത്തിനിടെ ആദ്യമായി ഒന്നാം തീയതി കെഎസ്ആർടിസിയിൽ ശമ്പളം കൊടുത്ത മന്ത്രിയാണ്.
അതിന്റെ ചില ബുദ്ധിമുട്ടുകൾ ചിലർക്കു കാണും റഫറണ്ടത്തിന്റെ സമയമല്ലേ എന്നും മന്ത്രി പറഞ്ഞു. ആയിരക്കണക്കിനു യാത്രക്കാർ എത്തുന്ന സ്റ്റാൻഡിൽ കെട്ടിട
നമ്പർ ഇല്ലെങ്കിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നഷ്ടപരിഹാരത്തെപ്പോലും ബാധിക്കും. ഇതു നഗരസഭയ്ക്കു മനസ്സിലാകുന്നില്ലേ എന്നും മന്ത്രി പ്രതികരിച്ചു.
ഇവിടെ പ്രതിഷേധിച്ചവർ നഗരസഭയിലേക്കാണു മാർച്ച് നടത്തേണ്ടതെന്നു വി.കെ.ശ്രീകണ്ഠൻ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനു ബിജെപി മണ്ഡലം പ്രസിഡന്റ് എം.ശശികുമാർ, ജനറൽ സെക്രട്ടറി ആർ.ജെ.മിലൻ, അശോക് പുത്തൂർ, നവീൻ വടക്കന്തറ, വലിയപാടം കണ്ണൻ, വി.ശരവണൻ എന്നിവർ നേതൃത്വം നൽകി.
അനധികൃത നിർമാണം, അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രം ഇല്ല തുടങ്ങിയ കാരണങ്ങളാലാണു കെട്ടിട നമ്പർ നിഷേധിച്ചതെന്നും നിയമപ്രകാരമുള്ള അനുമതികൾ ഹാജരാക്കിയാൽ 24 മണിക്കൂറിനകം കെട്ടിട
നമ്പർ അനുവദിക്കുമെന്നും നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ പ്രതികരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]