
കണ്ടാലും കൊണ്ടാലും അറിയാത്തവർ: കാറിൽ സാഹസികയാത്ര; 8 പേരെ പൊലീസ് പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുശ്ശേരി ∙ദേശീയപാതയിലും സർവീസ് റോഡിലും കാറിൽ അമിതവേഗത്തിലും അപകടകരമായും സാഹസികയാത്ര നടത്തിയ കാർ ഡ്രൈവർ ഉൾപ്പെടെ 8 പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.കാർ ഡ്രൈവർ കൽപാത്തി കുന്നുംപുറം സ്വദേശി മുഹമ്മദ് സാലിഹ് (20), കാറിന്റെ ഉടമ തിരുനെല്ലായ് കൊല്ലുംതൊടി വീട്ടിൽ ദിലീപ് (25), യാത്രക്കാരായ കൽപാത്തി സ്വദേശികളായ ഷെമീർ (19), അബ്ദുൽ സമദ് (20) എന്നിവരെയും പ്രായപൂർത്തിയാകാത്ത 4 വിദ്യാർഥികളെയുമാണു പൊലീസ് പിടികൂടിയത്. ഇവരിൽ വിദ്യാർഥികൾ ഒഴികെയുള്ള 4 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഞായറാഴ്ചയാണ് ഇവർ കാർ വാടകയ്ക്കെടുത്ത് എലപ്പുള്ളി, കൂട്ടുപാത, വഴി പുതുശ്ശേരി, മലമ്പുഴ കഞ്ചിക്കോട് എന്നിവിടങ്ങളിലൂടെ സാഹസികയാത്ര നടത്തിയത്. പിൻസീറ്റിലുണ്ടായിരുന്ന 4 പേരും അരക്കെട്ടു വരെയുള്ള ഭാഗം കാറിൽ നിന്നു പുറത്തേക്കിട്ടു വലിയ ശബ്ദ കോലാഹലത്തോടെയാണു യാത്ര നടത്തിയത്.
ദേശീയപാതയിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണു സാഹസികയാത്രയുടെ ദൃശ്യം പകർത്തി പൊലീസിനു കൈമാറിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമയെയും യുവാക്കളെയും കണ്ടെത്തിയത്. അപകടകരമായും അമിതവേഗത്തിലും സാഹസികമായും വാഹനം ഓടിച്ചതിനു ഡ്രൈവർ മുഹമ്മദ് സാലിഹിന്റെ ലൈസൻസ് മോട്ടർ വാഹന വകുപ്പ് റദ്ദാക്കി. കാർ പുതുശ്ശേരി കുരുടിക്കാട് നിന്നു കസ്റ്റഡിയിലെടുത്തു.
സമൂഹമാധ്യമങ്ങളിലും ദൃശ്യം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ എച്ച്.ഹർഷാദ്, എഎസ്ഐമാരായ കാദർ പാഷ, യേശുദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.സായൂജ്, ആർ.രാജീദ്, വി.പ്രശോഭ്, മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ വി.ടി.മധു, എംവിഐ വി.വിനീത്, എഎംവിഐമാരായ എം.പി.ദീപക്, ദേവീദാസൻ, അനന്തഗോപാൽ എന്നിവർ സംയുക്തമായാണു കേസ് അന്വേഷിച്ചത്.
പരിശോധനയുമായി പൊലീസും മോട്ടർ വാഹന വകുപ്പും
ദേശീയപാതകളിലും മറ്റു റോഡുകളിലൂടെയും സാഹസികമായ യാത്ര നടത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക പട്രോളിങ് ടീമിനെ നിയോഗിച്ചെന്നു കസബ പൊലീസ്. ഇത്തരത്തിൽ പിടികൂടുന്ന വാഹനത്തിനും ഉടമസ്ഥനും ഓടിച്ചയാൾക്കുമെതിരെ കർശന നിയമ നടപടിയുണ്ടാകും. ഇതിനോടകം ഒട്ടേറെ വാഹനങ്ങൾ പ്രത്യേക ടീം കസ്റ്റഡിയിലെടുത്തു പിഴ ചുമത്തിയിട്ടുണ്ട്. മോട്ടർ വാഹന വകുപ്പും ദേശീയപാതയിൽ ഇത്തരം പരിശോധനയ്ക്കു പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.