മലമ്പുഴ ∙ ഓണനാളുകളിൽ മലമ്പുഴയിലേക്കു സന്ദർശകരുടെ ഒഴുക്ക്. വരുമാനത്തിലും റെക്കോർഡ്.
ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലായി മലമ്പുഴ ഉദ്യാനം സന്ദർശിച്ചു മടങ്ങിയത് 43,617 പേർ. 11.45 ലക്ഷം രൂപയാണു വരുമാനം.
ഇന്നലെയാണ് ഏറ്റവും കൂടുതൽ പേർ ഉദ്യാനം സന്ദർശിച്ചത് 23,410 പേർ. 6.2 ലക്ഷം രൂപ വരുമാനം.
തിരുവോണ ദിനത്തിൽ 14,520 സന്ദർശകരെത്തി. 3.10 ലക്ഷം രൂപ വരുമാനം. സന്ദർശകരുടെ വാഹനത്തിന്റെ നിര ഉദ്യാനത്തിനു മൂന്നു കിലോമീറ്റർ അകലെ വരെ നീണ്ടു.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള മറൈൻ അക്വേറിയം, ഡിടിപിസിയുടെ കീഴിലുള്ള റോക്ക് ഗാർഡൻ, വനംവകുപ്പിനു കീഴിലുള്ള പാമ്പു വളർത്തൽകേന്ദ്രം, റോപ് വേ, ഫാന്റസി പാർക്ക് എന്നിവിടങ്ങളിലും തിരക്കുണ്ടായിരുന്നു.
ഇവിടങ്ങളിലും റെക്കോർഡ് വരുമാനമുണ്ടായി. നവീകരണം നടക്കുന്നതിനാൽ ഉദ്യാനത്തിൽ ഇത്തവണ ഓണാഘോഷമുണ്ടായിരുന്നില്ല.
പലഭാഗത്തും പൊളിച്ചിട്ടിരിക്കുകയാണ്. സന്ദർശകരെ ആകർഷിക്കാൻ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുമെന്നു ജലസേചന വകുപ്പ് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു ഉദ്യാനം നവീകരിക്കുന്നത്.
ഗതാഗതക്കുരുക്ക്
∙ മലമ്പുഴയിൽ സന്ദർശകരുടെ തിരക്ക്, തെക്കേ മലമ്പുഴ റോഡിൽ വാഹനങ്ങൾ കുടുങ്ങിയതു മൂന്നു മണിക്കൂർ. ഇന്നലെ വൈകിട്ട് മൂന്നിനാണു തെക്കേ മലമ്പുഴ റോഡിൽ ഗതാഗതക്കുരുക്കുണ്ടായത്.
ആറോടെയാണു ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനായത്. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസ് ഇല്ലാത്തതു പ്രതിസന്ധിയായി.
കച്ചവടക്കാരും നാട്ടുകാരുമാണു ഗതാഗതം നിയന്ത്രിച്ചത്.
ഉദ്യാനത്തിനു മുന്നിൽ വാഹന പാർക്കിങ് സ്ഥലമില്ലാത്തതും പ്രശ്നമായി. സന്ദർശകർ റോഡിൽ വരെ വാഹനം പാർക്ക് ചെയ്തു.
ഇതോടെ ഗതാഗതക്കുരുക്കു രൂക്ഷമായി. വാഹന പാർക്കിങ്ങിനു കൂടുതൽ സ്ഥലം കണ്ടെത്തുമെന്നു ജലസേചന വകുപ്പ് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
ബസുകളിലും വലിയ തിരക്കുണ്ടായിരുന്നു. വാഹനങ്ങളുടെ തിരക്ക് കാരണം വൈകിട്ട് ബസ് ഉദ്യാനത്തിനു രണ്ടു കിലോമീറ്റർ അകലെ എസ്പി ലൈനിൽ യാത്ര അവസാനിപ്പിക്കേണ്ടിവന്നു.
ഇന്നും തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]