കൊല്ലങ്കോട് ∙ ബവ്റിജസിൽ കയറിയ മോഷ്ടാക്കളുടെ ലക്ഷ്യം പണമല്ല, മദ്യം മാത്രം…! ഉത്രാടദിനത്തിലെ മദ്യവിൽപന കഴിഞ്ഞ് അടച്ച ബവ്റിജസ് കോർപേറഷന്റെ കൊല്ലങ്കോട് ബസ്സ്റ്റാൻഡിനു സമീപത്തു പ്രവർത്തിക്കുന്ന ഔട്ലെറ്റിന്റെ പിൻഭാഗത്തെ ചുമർ പൊളിച്ചാണു വെള്ളിയാഴ്ച പുലർച്ചെയോടെ മോഷണം നടന്നിരിക്കുന്നത്.
ചുമർ പൊളിച്ച് അകത്തുകടന്നു നടത്തിയ മോഷണത്തിൽ മോഷ്ടാക്കൾ മദ്യം മാത്രമാണ് എടുത്തത്. രണ്ടര ലക്ഷത്തോളം രൂപയുടെ മദ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നു ബവ്റിജസ് ജീവനക്കാർ പൊലീസിനു മൊഴിനൽകിയപ്പോൾ ഷോപ്പിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പറയുന്നു.
ഇന്നലെ രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണു മോഷണം നടന്നതായി അറിയുന്നതും കൊല്ലങ്കോട് പൊലീസിനെ അറിയിക്കുന്നതും.
വടക്കുഭാഗത്തായി വരുന്ന പിൻഭാഗത്തെ ചുമർ പൊളിച്ച് അകത്തുകടന്നതിനു ശേഷം ചില്ലറവിൽപന കേന്ദ്രത്തിലെയും പ്രീമിയം കൗണ്ടറിലെയും വിലകൂടിയ മദ്യമാണ് ഏറെയും കൊണ്ടുപോയിരിക്കുന്നത്. ഔട്ലെറ്റിൽ മദ്യം സൂക്ഷിച്ച ബോക്സുകളും ചാക്കിലാക്കിയും മദ്യം ചുമർ പൊളിച്ച ഭാഗത്തു കൂടി പുറത്തെത്തിച്ചിട്ടുണ്ട്.
താഴത്തെ നിലയിലാണു ചില്ലറവിൽപന കേന്ദ്രം.
പ്രീമിയം കൗണ്ടർ പ്രവർത്തിക്കുന്നതു മുകളിലത്തെ നിലയാണ്. ഇരുഭാഗത്തു നിന്നും മദ്യം എടുത്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഔട്ലെറ്റിൽ നിന്നു പുറത്തെത്തിച്ച മദ്യം സൂക്ഷിച്ചിരുന്ന ഏതാനും ചാക്കുകളും ബോക്സുകളും പുറത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ കെ.മണികണ്ഠന്റെ നേതൃത്വത്തിൽ സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതിൽ നിന്നു ചുമർ പൊളിച്ച് അകത്തുകയറിയ ആളിനെക്കുറിച്ചു വ്യക്തമായ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.
ബവ്റിജസിനു സമീപത്തുള്ള മതിലിലൂടെ അകത്തുകയറിയതിന്റെ കാലടയാളങ്ങൾ കാണുന്നുണ്ട്.പൊലീസിന്റെ വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി വിവരശേഖരണം നടത്തി.
രണ്ടരലക്ഷത്തോളം രൂപയുടെ മദ്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നു പറയുന്നുവെങ്കിലും കൃത്യമായ കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ നഷ്ടത്തിന്റെ അന്തിമ കണക്ക് ലഭിക്കുകയുള്ളുവെന്നാണ് ബവ്റിജസ് അധികൃതർ അറിയിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]