
വടക്കഞ്ചേരി∙ വാളയാർ–വടക്കഞ്ചേരി നാലു വരി പാതയിൽ മംഗലം പുഴയ്ക്ക് കുറുകെ നിർമിച്ച മംഗലം പാലം കുത്തിപ്പൊളിച്ചു. ബലക്ഷയത്തെ തുടർന്നാണ് പാലത്തിന്റെ ജോയിന്റുകൾ ചേരുന്ന ഭാഗം കുത്തിപ്പൊളിച്ചു തുടങ്ങിയത്.
ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വലതു പാതയിലൂടെ വഴി തിരിച്ചു വിട്ടാണ് നിർമാണം നടത്തുന്നത്. മാസങ്ങൾക്ക് മുൻപ് പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാലത്തിന്റെ നാലിടത്ത് പൊളിച്ച് പുതിയ കമ്പികൾ പാകി ബലപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ പാലം പൊളിച്ചത്.
പാലത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ കുലുക്കവും ജോയിന്റുകളിൽ വിള്ളലും അനുഭവപ്പെട്ടതോടെയാണ് പാലത്തിന്റെ ടാറിങ് അടർത്തി മാറ്റി ബലപ്പെടുത്തുന്നത്. ഇത് സാധാരണ പാലങ്ങളിൽ ചെയ്യാറുള്ള പ്രവൃത്തിയാണെന്നാണ് നിർമാണക്കമ്പനിയും ദേശീയപാത അതോറിറ്റിയും പറയുന്നത്.
തുടർച്ചയായി വാഹനങ്ങൾ പോകുമ്പോൾ ജോയിന്റുകൾ വികസിച്ച് വിണ്ടുമാറുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കും.
അതുവരെ മംഗലം പാലം ഭാഗത്ത് ഒറ്റ വരിയായി വാഹനങ്ങൾ കടത്തി വിടുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
എന്നാൽ വടക്കഞ്ചേരി മേൽപാലത്തിൽ 78 തവണയാണ് കുത്തിപ്പൊളിക്കൽ നടത്തിയിരിക്കുന്നത്. ഇപ്പോഴും കമ്പികൾ ചില ഭാഗത്ത് റോഡിന് മുകളിൽ കാണാം.
പാലക്കാട് ഭാഗത്തേക്കുള്ള പാലത്തിന്റെ 4 ഭാഗങ്ങൾ കുത്തിപ്പൊളിച്ച് കോൺക്രീറ്റിങ് പൂർത്തിയാക്കി. കുതിരാൻ തുരങ്കത്തിന് മുൻപിലെ പാലവും ഒട്ടേറെ തവണ പൊളിച്ചു.
പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
മംഗലം–ഗോവിന്ദാപുരം പാതയിലെ മംഗലം പാലവും പരിശോധിക്കണം
∙ ഭാരം വഹിച്ചുകൊണ്ടുള്ള വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന മംഗലം–ഗോവിന്ദാപുരം സംസ്ഥാനപാതയിലെ മംഗലം പഴയപാലം പൊളിച്ച് നിർമിച്ച പുതിയ പാലത്തിനു ബലക്ഷയമുണ്ടെന്നും പരിശോധിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.1934ൽ ബ്രിട്ടിഷ് സർക്കാർ നിർമിച്ചതാണ് പഴയ പാലം. ബലക്ഷയത്തെ തുടർന്ന് പുതിയ പാലം നിർമിച്ചു.
ഇപ്പോൾ പാലത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനപാത വഴിയുള്ള നൂറുകണക്കിന് ചരക്ക് വാഹനങ്ങളാണ് ദിവസേന പാലത്തിലൂടെ കടന്നുപോകുന്നത്. സംസ്ഥാനപാതയിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള ഏക വഴി കൂടിയാണിത്.
ഈ പാലത്തിന്റെ സുരക്ഷയും പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]