
പാലക്കാട് ∙ പി.ടി – അഞ്ചാമൻ കാട്ടാനയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരവും ചികിത്സാ ദൗത്യം ആരംഭിക്കുന്നതോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു വനംവകുപ്പ്. 30നു 35നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരനായ ആനയുടെ രണ്ടു കണ്ണിനും തകരാർ സംഭവിച്ചതെങ്ങനെയന്ന് ഇതുവരെ വനംവകുപ്പിനു വ്യക്തമായിട്ടില്ല.
രോഗം കാരണമോ, റബർ ബുള്ളറ്റ് പോലുള്ള എന്തെങ്കിലും വസ്തു കണ്ണിൽ തട്ടിയോ ആനകൾക്കു കാഴ്ച നഷ്ടപ്പെടാറുണ്ട്. മദപ്പാട് ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ പിടി–അഞ്ചാമൻ തമിഴ്നാട്ടിലെ കാടുകളിലേക്കു പോകാറുണ്ട്.
കഴിഞ്ഞ വർഷം പോയി മടങ്ങിയെത്തിയപ്പോഴാണ് ഇടതു കണ്ണിനു കാഴ്ചയില്ലെന്നു കണ്ടെത്തിയത്.
ഈ വർഷം മടങ്ങിയെത്തിയപ്പോൾ വലതു കണ്ണിനും കാഴ്ചക്കുറവ് കണ്ടെത്തി. ഇതോടെയാണു ചികിത്സ നൽകാൻ തീരുമാനിച്ചത്.
തമിഴ്നാട്ടിലുണ്ടായിരുന്ന സമയത്ത് ആനയെ തുരത്താൻ ആരെങ്കിലും റബർ ബുള്ളറ്റ് തോക്കുകൊണ്ടു വെടിയുതിർത്തിട്ടുണ്ടോയെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എന്നാൽ ആനയുടെ ശരീരത്തിലെവിടെയും ബുള്ളറ്റ് കൊണ്ട
പാടുകളില്ലെന്നാണു ദൂരെ നിന്നുള്ള പരിശോധനയിൽ കണ്ടെത്തിയത്.
അടുത്തു നിരീക്ഷിച്ചാലേ കൂടുതൽ വ്യക്തത വരൂ. ചികിത്സാ ദൗത്യത്തിന്റെ ഭാഗമായി ഇതും പരിശോധിക്കും. കാട്ടാനയ്ക്കു ചികിത്സ ലഭ്യമാക്കാൻ 15 അംഗ സംഘത്തെയാണു നിയോഗിച്ചിട്ടുള്ളത്.
സഹായത്തിനായി വിക്രം, ഭരതൻ തുടങ്ങി കുങ്കിയാനകളുമുണ്ട്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ ഉൾപ്പെടെയുള്ള സംഘം പാലക്കാട്ടെത്തി.
ഇന്നു മുതൽ ആനയെ നിരീക്ഷിച്ചു തുടങ്ങും. പി.ടി.
അഞ്ചാമനു ചികിത്സ നൽകിയ ശേഷം കാട്ടിലേക്കു തിരികെ വിടണോ, അതോ വനംവകുപ്പിന്റെ ബേസ് ക്യാംപിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകണമോയെന്ന കാര്യവും സമിതി പരിശോധിക്കും.
മൂന്നു പ്ലാനുകളുമായാണു ദൗത്യം ആരംഭിക്കുക. ആനയെ മയക്കുവെടിവച്ച ശേഷം കണ്ണിന്റെ കാഴ്ച കൂട്ടാനുള്ള മരുന്നു നൽകി തിരികെ കാട്ടിലേക്കു വിടുന്നതാണ് ആദ്യ പ്ലാൻ.
സർജറി ആവശ്യമെങ്കിൽ കൂടുതൽ സമയമെടുത്ത് അതു നൽകുന്നതാണു രണ്ടാമത്തെ പ്ലാൻ. ആനയുടെ ആരോഗ്യ സ്ഥിതി മോശമാണെങ്കിൽ വിദഗ്ധ ചികിത്സയ്ക്കു വനംവകുപ്പ് ബേസ് ക്യാംപിലെത്തിക്കാനുള്ള പ്ലാനാണു മൂന്നാമത്തേത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]