
ഈ കണ്ണീരിന് ആര് സമാധാനം പറയും…? വീട്ടമ്മയുടെ ജീവനെടുത്തത് റോഡിലെ കുഴി
കൊഴിഞ്ഞാമ്പാറ ∙ ജനങ്ങളുടെ സമരങ്ങൾ ഫലം കണ്ടില്ല… അധികാരികളുടെ ഉറപ്പും പാലിക്കപ്പെട്ടില്ല…. തകർന്ന റോഡിലെ കുഴിയിൽപ്പെട്ട് ഒരു ജീവൻകൂടി നഷ്ടമായി.
ഇന്നലെ മരിച്ച പഴണിയാർപാളയം സ്വദേശിനി ജയന്തി മാർട്ടിൻ ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനിടെ തകർന്ന റോഡിലെ കുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത് നാലുപേർക്ക്. ഈ കുടുംബങ്ങളുടെ കണ്ണീരിന് ഇനിയാരു സമാധാനം പറയും?…. പാലക്കാട്- പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള 12 കിലോമീറ്റർ റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
അപകടം പതിവായതോടെ ഒട്ടേറെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഡിസംബർ 12നു റോഡ് നന്നാക്കാൻ കരാർ ഒപ്പിട്ടിരുന്നു. മൂന്നര കോടി രൂപയ്ക്കു ഭരണാനുമതി ലഭിച്ച പ്രവൃത്തി 3.30 കോടി രൂപയ്ക്കാണ് കരാർ എടുത്തത്.
നാലുമാസം കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാമെന്ന നിബന്ധനയിൽ കരാർ എടുത്തതല്ലാതെ പണി നടത്തിയില്ല. വിവിധ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും പലതവണ റോഡ് ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്തിരുന്നു.അപ്പോഴെല്ലാം താൽക്കാലികമായി റോഡിലെ കുഴിയടച്ച് പ്രശ്നം അവസാനിപ്പിക്കുകയാണ് അധികൃതർ ചെയ്തത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ താൽക്കാലികമായി നികത്തിയ കുഴികൾ ദിവസങ്ങൾക്കകം പഴയരൂപത്തിലായി. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥയിൽ ഒട്ടേറെ കുടുംബങ്ങൾക്കാണ് ഉറ്റവരെ നഷ്ടമായത്.
റോഡ് നന്നാക്കാമെന്ന അധികാരികളുടെ വാക്ക് പാഴായതോടെ റോഡിലെ കുഴി കാരണം വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ. കരാർ ഒപ്പിട്ടിട്ടും പണി നടത്താത്തതിനാൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനും മറ്റൊരാൾക്ക് കരാർ നൽകാനും തീരുമാനമായതായി അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]