
പാലക്കാട് ജില്ലയിൽ രാജ്യ സുരക്ഷാ മുൻകരുതൽ: മലമ്പുഴ ഉൾപ്പെടെ 9 അണക്കെട്ടുകൾ പൊലീസ് കാവലിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കേന്ദ്ര സർക്കാരിന്റെ രാജ്യ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ അണക്കെട്ടുകളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മലമ്പുഴ, വാളയാർ, കാഞ്ഞിരപ്പുഴ, മംഗലംഡാം, പോത്തുണ്ടി, ശിരുവാണി, പറമ്പിക്കുളം, മീങ്കര, ചുള്ളിയാർ ഡാമുകളിലാണു പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. ഡാമിന്റെ പല ഭാഗങ്ങളിലും ഇന്നലെ പൊലീസ് പരിശോധന നടത്തി. കഞ്ചിക്കോട് ഉൾപ്പെടെ ജില്ലയിലെ കെഎസ്ഇബിയുടെ പവർ സ്റ്റേഷനുകളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിക്കുന്നതു വരെ സുരക്ഷ തുടരും. ഡാമുകളുടെ വൃഷ്ടി പ്രദേശത്തും കെഎസ്ഇബി പവർ സ്റ്റേഷനുകൾക്കു സമീപത്തും ഡ്രോൺ പറത്തുന്നതിനു വിലക്ക് ഏർപ്പെടുത്തി.
അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പ് കേന്ദ്രം നടത്തിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി എല്ലാ ഇൻസ്പെക്ടർമാർക്കും നിർദേശം നൽകി. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു ഡാമുകളുടെ സുരക്ഷ വിലയിരുത്തും. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധനയ്ക്കു റെയിൽവേ സുരക്ഷാ സേനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.
മോക്ഡ്രിൽ ഇന്ന്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദശ പ്രകാരമുള്ള മോക്ഡ്രിൽ ഇന്നു ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും. വൈകിട്ട് 4ന് സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിലാണു മോക്ഡ്രിൽ. അഗ്നിരക്ഷാസേന, പൊലീസ്, റവന്യു, ദുരന്ത നിവാരണ അതോറിറ്റി ടീം ഉൾപ്പെടെ വകുപ്പുകൾ ചേർന്നാണു മോക്ഡ്രിൽ നടക്കുക. വൈകിട്ട് നാലിനു സൈറൺ മുഴങ്ങും. പിന്നീട് അടിയന്തര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് ഉദ്യോഗസ്ഥർ ക്ലാസെടുക്കും. ജനങ്ങൾക്കു മുന്നറിയിപ്പ് നൽകാൻ ആവശ്യമെങ്കിൽ ആരാധനാലയങ്ങളുടെ അനൗൺസ്മെന്റ് സംവിധാനം ഉപയോഗിക്കുമെന്നും ഇതു സംബന്ധിച്ച് അവർക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും കലക്ടർ ജി.പ്രിയങ്ക അറിയിച്ചു.