പാലക്കാട് ∙ തന്നെ ബിജെപിയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും വളഞ്ഞിട്ടാക്രമിച്ചപ്പോൾ ചേർത്തുപിടിച്ചത് കേരളമാണെന്ന് രാഹുൽഗാന്ധി. അക്കാലത്ത് എൽഡിഎഫും ഒപ്പംനിന്നു.
പ്രതിസന്ധി നേരിട്ട കാലഘട്ടത്തിൽ 5 വർഷം വയനാടിന്റെ എംപിയായി.
കേരളത്തോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കേരളം ഒരിക്കലും അഹങ്കാരവും ധാർഷ്ട്യവും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്.വിജയരാഘവൻ, അഭിവന്ദ്യനായ സീനിയർ ലീഡർ
∙ ജില്ലയിലെ കോൺഗ്രസ് തറവാടിന്റെ കാരണവർ വി.എസ്.വിജയരാഘവൻ ‘അഭിവന്ദ്യനായ സീനിയർ ലീഡറാണെന്ന്’ ഓർമിപ്പിച്ച് രാഹുൽ ഗാന്ധി.
കാലിലെ പരുക്ക് അവഗണിച്ച് കോൺഗ്രസിന്റെ സമ്മേളനത്തിനെത്തിയ വിഎസിനോട് ആരോഗ്യകാര്യങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, സോണിയ ഗാന്ധി എന്നിവർക്കൊപ്പം രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള വിഎസിന്റെ ലോക്സഭാ കാലഘട്ടത്തെക്കുറിച്ചു ചൂണ്ടിക്കാണിച്ചപ്പോൾ എല്ലാം തനിക്കറിയാമെന്നു പറഞ്ഞ് സംസാരിച്ച ശേഷമാണു രാഹുൽ മടങ്ങിയത്.
മോദിക്കും പിണറായിക്കും രാജാവെന്ന ഭാവം
പാലക്കാട് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ‘രാജാവെന്ന’ ഭാവമാണെന്നും ഇവരുടെ ധാർഷ്ട്യത്തെ കേരളം അംഗീകരിക്കില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.
പാലക്കാട് കോട്ടമൈതാനത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പങ്കാളികളാണ് ഇരുവരും.
മണിപ്പൂരിനെ കത്തിയെരിക്കുകയും ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുന്നതിനു കൂട്ടുനിൽക്കുകയും ചെയ്ത ബിജെപിയുമായാണു സിപിഎമ്മിനു ബന്ധമുള്ളത്. ഇടതുപക്ഷം ഇപ്പോൾ പിന്തുടരുന്നത് മുതലാളിത്ത നയങ്ങളാണ്.
സിപിഎമ്മിന്റെ പഴയ പല മന്ത്രിമാരും നേതാക്കളുമെല്ലാം ആ രാഷ്ട്രീയം വിട്ടു. സിപിഎമ്മിൽ ‘ഇടതുപക്ഷം’ ഇല്ലെന്നാണ് അവർ പറയുന്നത്.
പിണറായിയുടെ അഹങ്കാരം സഹിക്കാത്തതാണു മറ്റൊരു കാരണം.
പ്രത്യയശാസ്ത്രപരമായി ബിജെപിയുടെ ഏറ്റവും വലിയ എതിരാളി കോൺഗ്രസാണ്. ബിജെപിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ ഞാൻ വേട്ടയാടപ്പെട്ടു.
ഇഡി 55 മണിക്കൂർ ചോദ്യംചെയ്തു. ഔദ്യോഗിക വസതിയിൽ നിന്നു കുടിയിറക്കി.
ബിജെപി അനുകൂല മാധ്യമങ്ങൾ അപമാനിച്ചു. പക്ഷേ, നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എങ്ങനെയാണോ കെണിയിലാക്കിയിരിക്കുന്നത്, അതേപോലെയാണു പിണറായി വിജയനെ മോദി ട്രാപ്പ് ചെയ്തിരിക്കുന്നത്.
മോദിയുടെ പ്രതിഛായയെ ബാധിക്കുന്ന ‘എപ്സ്റ്റീൻ ഫയലിലെ’ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുമെന്നതിനാൽ ട്രംപ് എന്ത് പറഞ്ഞാലും മോദി തിരിച്ചു പറയില്ല. ബിജെപിയുടെ സാമ്പത്തിക സ്രോതസ്സായ അദാനിക്കെതിരെ അമേരിക്കയിൽ കേസുണ്ട്.
ഇതുപോലെ നരേന്ദ്രമോദി പിണറായി വിജയനെയും ബ്ലാക്മെയിൽ ചെയ്യുന്നുവെന്നും അതിനാലാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ ഒന്നും പറയാത്തതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം അധ്യക്ഷനായി. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, നേതാക്കളായ വി.എസ്.വിജയരാഘവൻ, വി.സി.കബീർ, സി.പി.മുഹമ്മദ്, പി.ബാലഗോപാൽ, പി.വി.രാജേഷ്, വി.രാമചന്ദ്രൻ.
സി.ബാലൻ, ടി.എച്ച്.ഫിറോസ് ബാബു, പി.എൻ.മുരളീധരൻ, സ്ഥാനാർഥികളായ എൻ.ഷംസുദ്ദീൻ, എ.തങ്കപ്പൻ, കെ.എ.തുളസി, പി.ഹരിഗോവിന്ദൻ, സുമേഷ് അച്യുതൻ, രമേഷ് പിഷാരടി, കെ.സി.സുബ്രഹ്മണ്യൻ, കെ.എം.ഫെബിൻ, ടി.പി.ഷാജി, എ.സുരേഷ് എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

