പാലക്കാട് ∙ എവിടെയാണു സർ റെഡിയായത്… കേരളത്തിലെ റോഡെല്ലാം റെഡിയായെന്ന പരസ്യവുമായി കെഎസ്ആർടിസി ബസ് പാലക്കാട് – പൊള്ളാച്ചി സംസ്ഥാനാന്തര പാതയിലൂടെ സർവീസ് നടത്തുന്നുണ്ട്. ഇതേ റോഡിലെ കുഴിയിൽ വീണാണ് കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ മരിച്ചത്.
കുഴിയിൽ വീണുള്ള അപകടങ്ങൾ വർധിച്ചിട്ടും എന്താണ് ഈ റോഡ് റെഡിയാക്കാത്തത് എന്നാണ് നാട്ടുകാരുടെ ചോദ്യം. തകർന്ന റോഡ് നന്നാക്കാൻ നടപടി വൈകുന്ന ഓരോ നിമിഷവും ജനങ്ങളുടെ ജീവനു ഭീഷണി തുടരുകയാണ്. പാലക്കാട്– പൊള്ളാച്ചി പാതയിൽ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള 12 കിലോമീറ്റർ റോഡിൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ മാത്രം 11 ജീവനുകളാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസത്തെ അപകടത്തിലും പ്രധാന വില്ലൻ റോഡിലെ കുഴി തന്നെയാണ്. 2 വർഷം മുൻപ് റോഡ് നന്നാക്കാൻ കരാർ എടുത്തയാൾ പണി ചെയ്യാതെ വന്നതോടെ കരാറുകാരനെ നീക്കുകയും കരാർ റദ്ദാക്കുകയും ചെയ്തു.പുതിയ ടെൻഡർ ക്ഷണിച്ച് പണി തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുമ്പോഴും ഈ റോഡിലുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപനം വന്നാൽ റോഡ് നവീകരണം വീണ്ടും മാസങ്ങൾ നീണ്ടുപോകാനുള്ള സാധ്യതയും കൂടുതലാണ്. കരാറുകാരനെതിരെയും റോഡ് നവീകരിക്കാൻ ചുമതലയേറ്റ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പൊതുജനങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം നൽകാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കുഴിൽ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നി; യുവാവിനു മുകളിലൂടെ ലോറി കയറിയിറങ്ങി
കൊഴിഞ്ഞാമ്പാറ ∙ പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയിൽ യുവാവിനു ദാരുണാന്ത്യം.
കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ തെന്നിവീണ ബൈക്കിൽ നിന്നു തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.കൊടുമ്പ് സ്വദേശി എജിഎം എയുപി സ്കൂളിനു സമീപം താമസിക്കുന്ന ലക്ഷ്മണന്റെ മകൻ ശങ്കർ (29) ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ പാലക്കാട് – പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ കൊഴിഞ്ഞാമ്പാറ അത്തിക്കോട് കുളത്തിനു സമീപത്തായിരുന്നു അപകടം.
തമിഴ്നാട് ചാവടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശങ്കർ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ശങ്കർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ശാന്തിയാണ് അമ്മ.
സഹോദരി; അശ്വതി.തുടർച്ചയായി അപകടങ്ങളും മരണങ്ങളുമുണ്ടായിട്ടും റോഡ് നന്നാക്കാൻ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് 5 മുതൽ അത്തിക്കോട് ജംക്ഷനിൽ ജനകീയ സമരസമിതി സംസ്ഥാനാന്തര പാത ഉപരോധിച്ചു. രണ്ടു മണിക്കൂർ ഗതാഗതം സ്തംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

