
പാലക്കാട് ∙ 2022 മേയ് 3 ന് കാണാതായ താത്ക്കാലിക വനംവകുപ്പ് വാച്ചർ പി.പി. രാജനെ കണ്ടെത്താൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകി.
ആളെ കണ്ടെത്താനായിട്ടില്ലെന്ന് കണക്കാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്. ഇത്തരം ഒരു റിപ്പോർട്ട് കോടതിയിൽ നൽകിയാലും ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള ഡിഎംപിറ്റി യൂണിറ്റ് കേസന്വേഷണം തുടരുമെന്ന് സിറ്റിങ്ങിൽ ഹാജരായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കമ്മീഷനെ അറിയിച്ചു.
ലോക്കൽ, ആന്റി നക്സൽ, തണ്ടർബോൾട്ട് സേനാംഗങ്ങളും മുക്കാലി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വനപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജൻ ഉപയോഗിച്ചതായി പറയുന്ന മുണ്ടും ടോർച്ചും ഒരു ജോഡി ചെരുപ്പും രണ്ട് പാരസെറ്റമോൾ ഗുളികകളും പൊലീസ് കസ്റ്റഡിയിലുണ്ട്.
സ്ഥലത്ത് വന്യമൃഗങ്ങളുടെ കാൽപ്പാടുകൾ എന്ന് സംശയിക്കാവുന്ന വിരൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് തലേന്ന് പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ വിരൽപ്പാടുകൾ വന്യമൃഗത്തിന്റേതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നു. വെറ്റിനറി മെഡിക്കൽ ഓഫീസറെ നിയോഗിച്ച് ഇതിൽ വ്യക്തത വരുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]