
പാലക്കാട് ∙ നഗരത്തിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താൻ കെഎസ്ഇബിയുടെ അനുമതി തേടാൻ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നു കരാർ ഏറ്റെടുത്ത ഏജൻസി അറിയിച്ചു. കേടായ തെരുവു വിളക്കുകൾ പോസ്റ്റിൽ നിന്നു താഴെ ഇറക്കി ശരിയാക്കണം.
വൈദ്യുതി ലൈൻ ഓഫ് ചെയ്തശേഷമേ ഈ പ്രവൃത്തികൾ നടത്താനാകൂ. അതു കെഎസ്ഇബിയാണു ചെയ്യേണ്ടത്.
ഇക്കാര്യം കെഎസ്ഇബിയെ രേഖാമൂലം അറിയിക്കാൻ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ഏജൻസി അറിയിച്ചു.
മഴക്കാലത്തിനു മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങളുണ്ടാകുമെന്നു കരാറുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. ലൈറ്റുകൾക്കു ചുറ്റുമുള്ള വള്ളിപ്പടർപ്പുകളും ഷോർട്ട് സർക്യൂട്ടിനു കാരണമാകും.
നഗരത്തിലെ ഒട്ടേറെ തെരുവുവിളക്കുകൾ കേടായതായി നഗരസഭ അധികൃതർ സമ്മതിക്കുന്നു. കരാറുകാർ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണു പ്രശ്നമെന്നാണു നഗരസഭ അധികൃതരുടെ ആരോപണം.
അതേ സമയം, വീഴ്ച കരാറുകാരുടെ തലയിൽ കെട്ടിവയ്ക്കാനാണു നഗരസഭയുടെ ശ്രമമെന്നു പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
നഗരസഭയ്ക്കു കത്ത് നൽകും
നഗരത്തിലെ വെളിച്ചക്കുറവ് വാഹനാപകടങ്ങൾക്കും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും കാരണമാകുമെന്നും ഇതു പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു നഗരസഭയ്ക്കു കത്തു നൽകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നഗരത്തിലെ പലയിടത്തും തെരുവുവിളക്കുകൾ കത്തുന്നില്ലെന്നു പൊലീസ് പറയുന്നു.
കലക്ടറേറ്റിനു സമീപത്തും ടൗൺ റെയിൽവേ സ്റ്റേഷനു സമീപത്തുള്ള പാലത്തിന്റെ സർവീസ് റോഡിലും വെളിച്ചക്കുറവു കാരണം വാഹനാപകടങ്ങളുമുണ്ടായിട്ടുണ്ട്. ഇവിടെ തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
കഴിഞ്ഞ ദിവസം തെരുവു നായയെ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരനു പരുക്കേറ്റിരുന്നു. വെളിച്ചക്കുറവുള്ള ഇടങ്ങളിൽ രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]