
വാളയാർ ∙ കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ (പാലക്കാട് ടസ്കർ) കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടി ചികിത്സിക്കാനുള്ള ദൗത്യത്തിനായി വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ ഇന്നെത്തും. ദൗത്യത്തിന്റെ മുന്നൊരുക്കങ്ങൾക്കായി ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും ഇന്നു ചേരും. പി.ടി–അഞ്ചാമൻ കാട്ടാനയെ നിരീക്ഷിക്കാനായി രൂപീകരിച്ച പ്രത്യേക സമിതിയിലെയും വിദഗ്ധ സംഘത്തിലെയും മുഴുവൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഈ യോഗത്തിലാകും തുടർ നടപടികളിൽ തീരുമാനമെടുക്കുക.
ആനയെ എപ്പോൾ, എവിടെ വച്ച് വെടിവച്ചു പിടികൂടണമെന്നും എപ്രകാരം ചികിത്സ മുന്നോട്ടു കൊണ്ടു പോകണമെന്നതിലും അന്തിമ തീരുമാനമുണ്ടാകും.
ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പി.ടി.അഞ്ചാമൻ കാട്ടാനയെ അടുത്ത് നിരീക്ഷിച്ച് ആരോഗ്യം ഉറപ്പാക്കിയ ശേഷമാകും ദൗത്യത്തിലേക്ക് കടക്കുക. ദൗത്യത്തിനായി പ്രത്യേക പരിശീലനം നേടിയ വയനാട്ടിൽ നിന്നുള്ള 10 അംഗ സംഘവും ഇന്നലെ രാത്രിയോടെ മലമ്പുഴയിൽ എത്തിയിട്ടുണ്ട്. നിലവിൽ മലമ്പുഴ മാന്തുരുത്തി കാട്ടിലാണ് പി.ടി അഞ്ചാമനുള്ളത്.
ആനയെ രാത്രിയും പകലും നിരീക്ഷിക്കുന്നുണ്ട്.
ആനയ്ക്കു മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ദൗത്യത്തിനായുള്ള എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞെന്നും വനംവകുപ്പ് അറിയിച്ചു. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ധോണിയിലെ പി.ടി.ഏഴാമൻ കാട്ടാനയെ പിടികൂടാനുള്ള സംഘത്തെ നയിച്ചതു ഡോ.അരുൺ സക്കറിയയായിരുന്നു.
മണിക്കൂറുകൾ നീണ്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണു അദ്ദേഹം അന്നു മടങ്ങിയത്.
അന്ന് ദൗത്യസംഘത്തിലുണ്ടായിരുന്ന കുങ്കിയാനകളായ ഭരതനെയും വിക്രമിനെയും കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിച്ചു. മലമ്പുഴ പുല്ലങ്കുന്നിലാണു ഇവർക്കു വിശ്രമകേന്ദ്രം ഒരുക്കിയിട്ടുള്ളത്.
പി.ടി.അഞ്ചാമന്റെ ഇടതു കണ്ണിനു നേരത്തെ കാഴ്ച നഷ്ടപ്പെട്ടു. വലതു കണ്ണിനും കാഴ്ചക്കുറവ് കണ്ടെത്തിയതിനെ തുടർന്നാണു ചികിത്സ തീരുമാനിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]