
വാണിയംകുളം ∙ കനത്ത മഴയിൽ കുത്തിയൊലിച്ചെത്തിയ മഴവെള്ളം ഉരുൾപൊട്ടലാണെന്ന ആശങ്കയിൽ നാട്ടുകാർ മണിക്കൂറുകളോളം ഭീതിയിലായി. ഇന്നലെ രാവിലെ 11 മണിയോടെ പനയൂർ ഇളങ്കുളത്തിലെ വീട്ടിൽ ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സമീപത്ത് നിന്ന് ഉച്ചത്തിൽ ശബ്ദം കേട്ടത്.
ഉടനെ സൗമ്യ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഉടൻതന്നെ സമീപവാസികളോടു വീട്ടിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. ഇത് കേട്ടതും മറ്റ് 2 വീട്ടുകാരും പുറത്തേക്ക് ഇറങ്ങിയോടി.
അൽപ നേരം കഴിഞ്ഞതും സമീപത്തെ വെള്ളച്ചാലിൽ നിന്നു ദിശ മാറി വീട്ടിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുന്ന കാഴ്ചയാണ് കണ്ടത്.
ആശങ്ക തീർത്തത് തഹസിൽദാർ
ഉച്ചയോടെ തഹസിൽദാരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചപ്പോഴാണ് ഉരുൾപൊട്ടലോ മലവെള്ളപ്പാച്ചിലോ അല്ലെന്നു സ്ഥിരീകരിച്ചത്. മലമുകളിലെ വെള്ളം ഒഴുകിവരുന്ന വെള്ളച്ചാലിന്റെ ഒരു വശത്തെ സംരക്ഷണ ഭിത്തി തകർന്നതിനാൽ അവിടെ നിന്നു ഗതിമാറി വെള്ളം കുത്തിയൊലിച്ച് വീടുകളിലേക്ക് ഇറങ്ങിയതാണെന്നു തഹസിൽദാർ സി.എം. അബ്ദുൽ മജീദ് പറഞ്ഞു.
ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്ക നീങ്ങിയത്.
3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
വാണിയംകുളം പനയൂർ ഇളംകുളം ഭാഗത്ത് ശക്തമായി മലവെള്ളം ഒലിച്ചു വന്ന പ്രദേശത്തെ 3 കുടുംബങ്ങളോട് 2 ദിവസം ബന്ധുവീടുകളിലേക്ക് മാറി താമസിക്കണമെന്ന് തഹസിൽദാരുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസർ അറിയിച്ചു. ചോല പള്ളിയാലിൽ ഹരി, നിർമല, പ്രേമ എന്നിവരുടെ കുടുംബങ്ങളാണ് ഇപ്പോൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുള്ളത്.
സംരക്ഷണം ഒരുക്കണം: ബിജെപി
മഴവെള്ളം ഗതിമാറി ഒഴുകിയതിൽ പ്രദേശത്തെ 7 കുടുംബങ്ങൾ ഭീതിയോടെ ജീവിക്കുകയാണ്. ഏതുനിമിഷവും വലിയ ദുരന്തം സംഭവിക്കാനുള്ള സാഹചര്യത്തിൽ ഇവിടത്തെ ജനങ്ങൾക്കായി അടിയന്തര പുനരധിവാസവും ആവശ്യമായ സംരക്ഷണ നടപടികളും ലഭ്യമാക്കാൻ പഞ്ചായത്ത് ഭരണസമിതിയും ബന്ധപ്പെട്ട
മറ്റ് വകുപ്പുകളും നടപടി എടുക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ പാലക്കാട് മേഖല സെക്രട്ടറി എ.പി. പ്രസാദ്, ഷൊർണൂർ മണ്ഡലം ജനറൽ സെക്രട്ടറി പി.
ജയരാജ്, മണ്ഡലം നേതാവ് ടി. ബാബു, ഏരിയ പ്രസിഡന്റ് പി.
സുനിൽകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]