
പന്നിക്കെണിയിൽ നിന്ന് അമ്മയ്ക്ക് ഷോക്കേറ്റു; രക്ഷകരായി അയൽക്കാരിയും നാട്ടുകാരും, മകൻ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാണിയംകുളം ∙ വീടിനോടു ചേർന്നു സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് 65 വയസ്സുകാരിക്കു ഷോക്കേറ്റ് ഗുരുതര പരുക്ക്, സംഭവത്തിൽ മകൻ അറസ്റ്റിൽ. വാണിയംകുളം പനയൂർ അറാംപ്പൊറ്റ വീട്ടിൽ മാലതിക്കാണു (65) പരുക്കേറ്റത്. അയൽക്കാരിയുടെയും നാട്ടുകാരുടെയും സമയോജിത ഇടപെടലാണ് ഇവർക്കു രക്ഷയായത്. മകൻ പ്രേംകുമാർ (45) ആണ് പന്നികളെ പിടികൂടാൻ വൈദ്യുതിക്കെണി സ്ഥാപിച്ചത്. ഇന്നലെ രാവിലെ 7ന് അയൽവാസി ഷീബയാണ് മാലതി ഷോക്കേറ്റ് പിടയുന്നത് ആദ്യം കണ്ടത്. തുടർന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരായ മോഹനൻ, വിജയകുമാർ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി ഉണങ്ങിയ മരത്തടികൊണ്ട് തട്ടിമാറ്റിയാണ് വൈദ്യുതിക്കമ്പിയിൽ നിന്നുള്ള കണക്ഷൻ വിഛേദിച്ചത്.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മാലതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇടതുകയ്യിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.വീടിന്റെ പരിസരത്തുള്ള പ്ലാവിലെ ചക്ക കഴിക്കുന്നതിനായി എത്തുന്ന കാട്ടുപന്നികളെ പിടികൂടാനാണ് കെണി സ്ഥാപിച്ചതെന്നാണ് പ്രേംകുമാർ പൊലീസിനു നൽകിയ മൊഴി. വീടിനു മുന്നിലുള്ള വൈദ്യുതി പോസ്റ്റിൽ നിന്നാണ് ഇതിനായി വൈദ്യുതി കണക്ഷൻ എടുത്തിട്ടുള്ളതെന്നു പൊലീസ് കണ്ടെത്തി. 2022ൽ നടന്ന മാലമോഷണത്തിൽ ഇയാൾക്കെതിരെ ഷൊർണൂർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.ഷൊർണൂർ പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ഇൻസ്പെക്ടർ വി.രവികുമാർ, എഎസ്ഐമാരായ കെ.അനിൽകുമാർ, കെ.സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അജി, അശോകൻ എന്നിവർ അടങ്ങുന്നതാണ് അന്വേഷണ സംഘം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് എത്തുമ്പോഴും മകൻ മദ്യലഹരിയിൽ
∙ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മാലതി ജീവനു വേണ്ടി പിടയുമ്പോഴും മകൻ ഇതൊന്നും അറിയാതെ മദ്യലഹരിയിൽ ആയിരുന്നു. 9 മണിയോടെ പൊലീസ് എത്തുമ്പോൾ ഇയാൾ വീടിനകത്ത് മദ്യപിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വാതിൽ തുറന്ന് സംഭവത്തെക്കുറിച്ച് പൊലീസ് ചോദിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത് തന്നെ പ്രേംകുമാർ അറിയുന്നത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.