
നന്ദി പറഞ്ഞപ്പോൾ മോദി ചിരിച്ചു, അർഥമറിയാമെന്നു പിണറായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കേന്ദ്രവും സംസ്ഥാനവും വികസനകാര്യത്തിൽ ഒരുമിച്ചു നീങ്ങിയതിന്റെ തെളിവാണു വിഴിഞ്ഞം പദ്ധതിയെന്നു പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നന്ദി പറഞ്ഞെങ്കിലും വലിയൊരു ചിരിയായിരുന്നു മറുപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറുപടി ചിരിയിൽ ഒതുക്കിയതെന്താണെന്ന് അറിയാമെന്നും മുഖ്യമന്ത്രി.
സംസ്ഥാനം മുന്നോട്ടു പോകേണ്ടത് ഒറ്റയ്ക്കല്ല, കേന്ദ്രത്തിനും പങ്കു വഹിക്കാനുണ്ട്. അത്തരമൊരു പങ്കു ലഭിച്ചില്ലെന്നതു കേരളത്തെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്നതാണെന്നു സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുമ്പോൾ പിണറായി പറഞ്ഞു. സഹായിക്കാൻ ബാധ്യതപ്പെട്ടവർ പലപ്പോഴും ശത്രുതാ മനോഭാവത്തോടെ പെരുമാറിയപ്പോഴും പിടിച്ചുനിന്നതു തനതു വരുമാനം വർധിപ്പിച്ചതു കൊണ്ടു മാത്രമാണ്.
പ്രളയം, കോവിഡ് പോലെ പ്രതിസന്ധിയുള്ള കാലമാണെങ്കിലും ജനങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണു വരുമാനം വർധിപ്പിച്ചത്. സംസ്ഥാനത്തിന്റെ വരുമാനമെന്നാൽ കേന്ദ്രസഹായവും കൂടി ഉൾപ്പെടുന്നതാണ്. എന്നാൽ, കേന്ദ്രപങ്കാളിത്തത്തോടെ നടത്തേണ്ട പല പദ്ധതികളിലും അവരുടെ വിഹിതം കുറയുകയും സംസ്ഥാനവിഹിതം കൂട്ടേണ്ടി വരികയും ചെയ്യുന്നു. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള ചെലവിന്റെ 70% കേരളമാണു വഹിച്ചത്. ഈ സാമ്പത്തികവർഷം 75 ശതമാനമായി ഉയരും.
വല്ലാത്ത തോതിൽ കേരളത്തിൽ കടം വർധിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. യാഥാർഥ്യമാകില്ല എന്നു കരുതിയതു പലതും നടക്കുന്നു. 600 കോടി രൂപ ചെലവിൽ 3 സയൻസ് പാർക്കുകൾ യാഥാർഥ്യമാക്കുമെന്നും ഇതോടെ കേരളം ആധുനിക വിജ്ഞാന ഉൽപാദന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായിരുന്നു.
സിപിഐയിൽ അച്ചടക്ക നടപടി നേരിടുന്ന കെ.ഇ.ഇസ്മായിൽ, കോൺഗ്രസിൽ നിന്നു പുറത്തുപോയ എ.വി.ഗോപിനാഥ് പോലെയുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങളും മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ബീന ആർ.ചന്ദ്രൻ, കവി പി.ടി.നരേന്ദ്രമേനോൻ ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരും മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തു. സമയപരിമിതി മൂലം വളരെ കുറച്ചുപേർക്കാണ് സംസാരിക്കാൻ കഴിഞ്ഞത്. എ.വി.ഗോപിനാഥ് പതിവു പോലെ ഇത്തവണയും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി.
വന്യമൃഗശല്യം പരിഹരിക്കുക, അധ്യാപക–വിദ്യാർഥി ആനുപാതത്തിൽ വ്യത്യാസം വരുത്തുക, ഡിഫൻസ് പാർക്ക് പൂർണ സജ്ജമാക്കുക, അട്ടപ്പാടിയിലെ ഭൂമി കൃഷിയോഗ്യമാക്കുക, പറമ്പിക്കുളം–ആളിയാർ പദ്ധതി കരാർ പുതുക്കുക, നെല്ലുസംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക, നിർമാണസാമഗ്രികളുടെ വിതരണത്തിൽ സഹകരണമേഖലയെ ഫലപ്രദമായി ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.