
റെയിൽവേ ഗേറ്റ് സിഗ്നലിന് തകരാർ; ലക്കിടിയിൽ ഗതാഗതം നിലച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലക്കിടി ∙ ശക്തമായ മിന്നലിൽ റെയിൽവേ ഗേറ്റിന്റെ സിഗ്നൽ സംവിധാനം തകരാറിലായതോടെ ലക്കിടി – തിരുവില്വാമല റോഡിൽ 5 മണിക്കൂർ ഗതാഗതം നിലച്ചു. ഇന്നലെ പുലർച്ചെ മൂന്നരയ്ക്കാണു സംഭവം. ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഓട്ടമാറ്റിക് സംവിധാനമായതിനാൽ സിഗ്നൽ നിലച്ചതോടെ ഗേറ്റ് തുറക്കാൻ കഴിയാതെയായി. ഗേറ്റ് കീപ്പർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതോടെ ഇതുവഴി വന്ന ട്രെയിനുകൾ ഗേറ്റിനു സമീപം പിടിച്ചിട്ടു.
പുലർച്ചെ ഐവർമഠത്തിലേക്കും ജോലി ആവശ്യത്തിനായും വന്നവർ വഴിയിൽ കുടുങ്ങി. ഷൊർണൂർ, പാലക്കാട് നിന്നുള്ള എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാരെത്തിയാണു സിഗ്നൽ സംവിധാനത്തിലെ തകരാർ പരിഹരിച്ചത്. യാത്രക്കാരുമായി വന്ന വാഹനങ്ങൾ ഗേറ്റിന്റെ ഇരുഭാഗത്തും യാത്ര അവസാനിപ്പിച്ചു മടങ്ങേണ്ടിവന്നു. മറ്റുള്ളവർ മങ്കര കാളികാവ്, മായന്നൂർ വഴി യാത്ര തുടർന്നു. രാവിലെ 8.20ന് ആണ് സിഗ്നൽ സംവിധാനം പുനഃസ്ഥാപിച്ച് റോഡ് ഗതാഗതം ആരംഭിച്ചത്.
റെയിൽവേ മേൽപാലം: കാത്തിരിപ്പ് തുടരുന്നു 2020 ബജറ്റിൽ 20 കോടി; എന്നിട്ടും ഫലമില്ല
ലക്കിടി ∙ പാലക്കാട് – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടിയിൽ ഭാരതപ്പുഴയോരത്ത് റെയിൽവേ മേൽപാലത്തിനായി കാത്തിരിപ്പ് തുടർക്കഥയാകുന്നു. റെയിൽവേ ഗേറ്റ് തകരാറിലാകുമ്പോഴാണ് യാത്രാദുരിതം ആളുകൾ തിരിച്ചറിയുന്നത്. കേരളത്തിൽ 27 മേൽപാലങ്ങളുടെ നിർമാണത്തിന് സംസ്ഥാന സർക്കാർ അനുവദി നൽകിയപ്പോഴും പട്ടികയിൽ ഇടം പിടിക്കാത്ത സ്ഥലമായിരുന്നു ലക്കിടി.
പിന്നീട് നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെ നിരന്തര ആവശ്യത്തെ തുടർന്നു 2020ൽ സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയെങ്കിലും നടപടിയായില്ല.ഗേറ്റ് തകരാറിലാകുന്നതോടെ ഇതുവഴി വാഹനങ്ങളുടെ നീണ്ടനിരയാണ്. എൺപതിൽ അധികം ട്രെയിനുകൾ കടന്നുപോകുന്നതിനായി അടച്ചിടുമ്പോഴും കുരുക്ക് പതിവായി മാറുന്നു. തിരുവില്വാമല ക്ഷേത്രം, ഐവർമഠം, സ്വകാര്യ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലേക്കു പോകുന്നവർ പലപ്പോഴും പെരുവഴിയിലകും. ബലക്ഷയം വന്ന പാലത്തിലൂടെ അമിത ഭാരവുമായി പോകുന്ന വാഹനങ്ങളും ഒട്ടേറെയാണ്.