കോയമ്പത്തൂർ ∙ നഗരസുരക്ഷയെ ചോദ്യം ചെയ്ത് കോളജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ 3 പ്രതികളെയും സിറ്റി പൊലീസ് വെടിവച്ചു വീഴ്ത്തി പിടികൂടി. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന പ്രതികൾ അരിവാൾ കൊണ്ട് ആക്രമിച്ചപ്പോൾ കാൽമുട്ടിൽ വെടിവച്ചു എന്നാണു പൊലീസ് പറയുന്നത്.ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ സ്വദേശികളായ സഹോദരങ്ങൾ ടി.കറുപ്പസ്വാമി (സതീഷ് – 30), ടി.കാളീശ്വരൻ (20), ബന്ധു മധുര ജില്ലയിലെ കറുപ്പായൂരണി സ്വദേശി എം.തവസി (ഗുണ – 21) എന്നിവരാണു പിടിയിലായത്.കോയമ്പത്തൂർ – മേട്ടുപ്പാളയം പാതയിലെ വെള്ളക്കിണർ റോഡിൽ പട്ടത്ത് അരസിയമ്മൻ ക്ഷേത്രവഴിയിലെ ചതുപ്പിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികൾ.
തിങ്കൾ രാത്രി 10.40നു രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സന്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ പീളമേട് ഇൻസ്പെക്ടർ അർജുൻ കുമാറിന്റെയും ശരവണംപട്ടി ഇൻസ്പെക്ടർ ജ്ഞാനശേഖരന്റെയും നേതൃത്വത്തിൽ സ്ഥലം വളഞ്ഞു. രണ്ടു സംഘമായി നീങ്ങിയ പൊലീസ് പ്രതികളോടു കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അരിവാൾ കൊണ്ടു പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖരന്റെ ഇടതു കയ്യിൽ വെട്ടേറ്റതോടെ 2 ഇൻസ്പെക്ടർമാരും ചേർന്നു പ്രതികളെ കാലിൽ വെടിവച്ചു വീഴ്ത്തി.
കറുപ്പസ്വാമിയുടെയും കാളീശ്വരന്റെയും രണ്ടു മുട്ടുകളും തകർന്നു.
ഗുണയുടെ ഒരു കാൽമുട്ടിലാണു വെടിയേറ്റത്.പ്രതികളെയും കയ്യിൽ വെട്ടേറ്റ പൊലീസുകാരനെയും പന്ത്രണ്ടരയോടെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. പ്രതികളുടെ ജീവൻ രക്ഷിച്ചെങ്കിലും ഇനി നടക്കാനുള്ള സാധ്യത കുറവാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.
ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ചു പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു.
ഹീനമായ കുറ്റകൃത്യത്തെ അപലപിക്കാൻ ശക്തമായ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കയായിരുന്ന വിദ്യാർഥിനിയെ അതിക്രൂരമായി ആക്രമിച്ചു റെയിൽവേ ട്രാക്കിനു സമീപം തള്ളിയതു ഞായറാഴ്ചയാണ്.
പിടിയിലായവരിൽ കൊലപാതക കേസ് പ്രതികളും
അറസ്റ്റിലായവർ പീഡനക്കേസിലെ പ്രതികളാണെന്നു സിറ്റി പൊലീസ് കമ്മിഷണർ എ.ശരവണസുന്ദറാണ് മാധ്യമങ്ങളെ അറിയിച്ചത്. കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളാണു സഹോദരങ്ങളായ കറുപ്പസ്വാമിയും കാളീശ്വരനും.
20 വയസ്സുള്ള കാളീശ്വരനെതിരെ 7 കേസുകളുണ്ട്.
ഇവർ ജാമ്യത്തിലിറങ്ങി സൂലൂർ വെള്ളാനപ്പട്ടിന്നൂർ, മാണിക്യം നഗർ എന്നിവിടങ്ങളിൽ താമസിച്ചു കെട്ടിടനിർമാണ ജോലി ചെയ്തു വരികയായിരുന്നു.കോടതിയിൽ കൃത്യമായി ഹാജരായിരുന്നതിനാൽ പൊലീസും നിരീക്ഷണം കുറച്ചതാണ് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാൻ കാരണം. ബന്ധുവായ ഗുണ ഒരു മാസം മുൻപാണ് കാളീശ്വരന്റെ കൂടെ താമസം തുടങ്ങി കെട്ടിട ജോലികൾ ചെയ്തു തുടങ്ങിയത്.
ഇയാൾക്കെതിരെ മറ്റു ക്രിമിനൽ കേസുകൾ ഒന്നുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

