പാലക്കാട് ∙ നാലാം ക്ലാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്ററിട്ട ശേഷം പഴുപ്പു കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ മറച്ച് ആരോഗ്യവകുപ്പ്.
ഒടിഞ്ഞ കയ്യിൽ ചോരയൊലിച്ചുള്ള മുറിവുകളോടെയാണു കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചതെന്നു രക്ഷിതാക്കൾ പറയുമ്പോൾ അത്തരമൊരു മുറിവിനെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലില്ല.മുറിവു വേണ്ടതുപോലെ പരിചരിക്കാതെ പ്ലാസ്റ്ററിട്ടതു കാരണമാകാം പഴുപ്പുണ്ടായതെന്ന ആരോപണം നിലനിൽക്കെയാണ് ആരോഗ്യവകുപ്പ് ഇക്കാര്യം മറച്ചുവയ്ക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വിനോദിനിക്ക് ഇപ്പോഴും നല്ല വേദനയുണ്ടെന്നു രക്ഷിതാക്കളായ വിനോദും പ്രസീദയും പറഞ്ഞു. രക്തക്കുറവു കണ്ടതിനാൽ ഇന്നലെ രാത്രി രക്തം നൽകേണ്ടിവന്നു.ജില്ലാ ആശുപത്രിയുടെ ഭാഗത്തു വീഴ്ചയില്ലെന്ന രീതിയിലാണു ഡോക്ടർമാർ നൽകിയ റിപ്പോർട്ടുകൾ.
സംഭവം നടന്നയുടൻ പാലക്കാട് ഡിഎംഒ നിയോഗിച്ച അന്വേഷണസംഘത്തിനു പുറമേ ഇന്നലെ പാലക്കാട് ഗവ.മെഡിക്കൽ കോളജിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും ഡോക്ടർമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലും ആശുപത്രിയുടെ ഭാഗത്തു വീഴ്ചയില്ലെന്നു പറയുന്നു.
വീഴ്ചയിൽ പരുക്കേറ്റ് സെപ്റ്റംബർ 24നാണു കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എക്സ്റേയെടുത്തു പ്ലാസ്റ്റർ ഇട്ട
ശേഷം നടത്തിയ പരിശോധനയിൽ രക്തപ്രവാഹത്തിനോ ഞരമ്പുകൾക്കോ തകരാർ കണ്ടില്ലെന്നും തൊട്ടടുത്ത ദിവസം വരാൻ നിർദേശിച്ചതായും ജില്ലാ ആശുപത്രി അധികൃതർ പറയുന്നു. അടുത്ത ദിവസത്തെ പരിശോധനയിലും പ്രശ്നങ്ങൾ കണ്ടെത്തിയില്ല.
പ്ലാസ്റ്ററിട്ട കയ്യിൽ നിന്നു ദുർഗന്ധം വമിച്ചു രൂക്ഷമായ അവസ്ഥയിലാണ് 30നു വീണ്ടും ആശുപത്രിയിലെത്തുന്നത്.
അതേസമയം, തങ്ങളുടെ പക്കലെത്തുമ്പോൾ കയ്യിലേക്കുള്ള രക്തയോട്ടം നിലച്ച അവസ്ഥയിലായിരുന്നുവെന്നും ജീവൻ അപകടത്തിലാകുന്ന സ്ഥിതി ഒഴിവാക്കാൻ പഴുപ്പുള്ള ഭാഗം മുറിച്ചുമാറ്റുകയേ മാർഗമുണ്ടായിരുന്നുള്ളൂവെന്നും കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നു.
കയ്യിലെ മുറിവ് ഉണങ്ങിയ ശേഷം പ്ലാസ്റ്റിക് സർജറി വിഭാഗം തുടർചികിത്സ നൽകുമെന്നും അവർ പറയുന്നു.കുഞ്ഞിന്റെ കയ്യിലെ ചോരയൊലിക്കുന്ന മുറിവിനെക്കുറിച്ചു ചികിത്സാ രേഖകളിലും ഇല്ലാത്തതിനെക്കുറിച്ച് ആരോഗ്യവകുപ്പു കൃത്യമായ മറുപടി നൽകുന്നില്ല.
പ്രതിഷേധിച്ച് ബിജെപിയും യുവമോർച്ചയും
പാലക്കാട് ∙ ചികിത്സപ്പിഴവിനെത്തുടർന്നു നാലാം ക്ലാസ് വിദ്യാർഥിനിയുടെ വലതുകൈ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടിവന്ന സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാരെ സർവീസിൽ നിന്നു പുറത്താക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ഇതേ ആവശ്യം ഉന്നയിച്ച് യുവമോർച്ച ജില്ലാ മെഡിക്കൽ ഓഫിസ് ഉപരോധിച്ചു. ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കേസ് എടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ആശുപത്രിയിലേക്കു നടത്തിയ മാർച്ച് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു.
ഡോക്ടർമാരെ സർവീസിൽ നിന്നു പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ആരോഗ്യകേരളം രോഗികളുടെ ജീവനും അവയവങ്ങളും എടുക്കുന്ന സ്ഥിതിയാണെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ അമൃതാനന്ദ ബാബു അധ്യക്ഷനായി. ബിജെപി നെന്മാറ മണ്ഡലം പ്രസിഡന്റ് എൽ.നിർമൽകുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഞ്ജിത്ത്, പഞ്ചായത്ത് അംഗം സി.അംബുജാക്ഷൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ മെഡിക്കൽ ഓഫിസ് ഉപരോധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അപൂർവമായി സംഭവിക്കാവുന്ന ചികിത്സാ സങ്കീർണത: കെജിഎംഒഎ
പാലക്കാട് ∙ വീണു പരുക്കേറ്റു ചികിത്സ നേടിയ പെൺകുട്ടിയുടെ മുട്ടിനു താഴെ കൈ മുറിച്ചുമാറ്റേണ്ടി വന്നതു അപൂർവമായി സംഭവിക്കാവുന്ന ചികിത്സാ സങ്കീർണത മൂലമാണെന്നു കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.
പി.ജി.മനോജും ജില്ലാ സെക്രട്ടറി ഡോ. വൈശാഖ് ബാലനും അഭിപ്രായപ്പെട്ടു.
സാധ്യമായ പരമാവധി ചികിത്സ കുട്ടിക്കു ലഭ്യമാക്കിയിട്ടുണ്ട്.
രോഗിയുടെ പരിചരണത്തിൽ മെഡിക്കൽ ടീമും ആശുപത്രിയും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഒരു ചികിത്സപ്പിഴവും സംഭവിച്ചിട്ടില്ല. സമഗ്രവും വിദഗ്ധവുമായ എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നു. കുട്ടിക്കു നൽകിയ ചികിത്സയെക്കുറിച്ചും കൈ മുറിച്ചു നീക്കേണ്ട
സാഹചര്യത്തിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളാണ് നടക്കുന്നത്. കുട്ടി ആശുപത്രിയിൽ എത്തിയപ്പോഴെല്ലാം വിദഗ്ധ ചികിത്സയാണു നൽകിയതെന്നും സംഘടന പറഞ്ഞു.
കയ്യിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നില്ല
കുട്ടിയുടെ കയ്യിലേക്കുള്ള രക്തയോട്ടം ആദ്യ ദിവസങ്ങളിൽ നിലച്ചിരുന്നില്ലെന്ന് ഡിഎംഒ നിയോഗിച്ച രണ്ടാമത്തെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട്.
ഗവ. മെഡിക്കൽ കോളജ് ഓർത്തോ വിഭാഗം അസി.പ്രഫസർ ഡോ.
കെ.എം.സിജു, ഒറ്റപ്പാലം താലൂക്ക് ആശുപത്രി ജൂനിയർ കൺസൽറ്റന്റ് ഡോ. കെ.ടി.ജൗഹർ എന്നിവരാണ് റിപ്പോർട്ട് നൽകിയത്.
എല്ലു പൊട്ടിയ ദിവസവും പിറ്റേന്നും നടത്തിയ പരിശോധനയിൽ രക്തയോട്ടം നിലച്ചതു കണ്ടെത്തിയില്ല. 30ന് വന്നപ്പോഴാണ് രക്തയോട്ടം നിലച്ചതായി കണ്ടെത്തിയത്.
വിനോദിനിയുടെ കുടുംബത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി
പാലക്കാട് ∙ വീണു പരുക്കേറ്റതിനെ തുടർന്നു കൈകൾ മുറിച്ചുമാറ്റേണ്ടി വന്ന നാലാംക്ലാസ് വിദ്യാർഥിനി വിനോദിനിയുടെ കുടുംബം നേരിടുന്നതു കടുത്ത സാമ്പത്തിക പ്രതിസന്ധി. കൂലിപ്പണിയെടുത്താണ് രക്ഷിതാക്കളായ വിനോദും പ്രസീതയും കുടുംബം പോറ്റുന്നത്.
മകൾ കോഴിക്കോട് ചികിത്സയിലായതിനാൽ അതും നിലച്ചു. വിനോദിനിയെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.
ജില്ലാ ആശുപത്രിയുടെ ഭാഗത്തു ഗുരുതര വീഴ്ചയാണുണ്ടായത്.
ഒന്നും സംഭവിച്ചില്ല എന്നു പറയാൻ വ്യഗ്രത കാണിക്കരുത്. രാഷ്ട്രീയമായല്ല വിഷയത്തെ കാണുന്നത്.
സത്യം പുറത്തുകൊണ്ടുവരണം. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനും പറയാനും മന്ത്രി ഉൾപ്പെടെയുള്ളവർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിന് ഒപ്പമാണ് ഷാഫി ആശുപത്രിയിലെത്തിയത്.പട്ടികവിഭാഗത്തിൽ നിർധന കുടുംബത്തിൽ ഉൾപ്പെടുന്ന വിനോദിനിയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ സഹായം നൽകാൻ തയാറാകണമെന്നാവശ്യപ്പെട്ട് കെ.ബാബു എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകി.
ചികിത്സപ്പിഴവ് ഉണ്ടായോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]