
ലക്കിടി ∙ കിള്ളിക്കുറുശ്ശിമംഗലത്തെ മഹാകവി കുഞ്ചൻ നമ്പ്യാർ സ്മാരകത്തോടു സർക്കാർ തുടരുന്ന അവഗണനയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ട്. ചോർന്നൊലിക്കുന്ന ചരിത്രസ്മാരകം മാത്രമല്ല, സ്മാരകത്തിലെ ജീവനക്കാരുടെ അവസ്ഥയും ഏറെ പരിതാപകരമാണ്.
ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ആദ്യമല്ല. സ്മാരകത്തിലെ മച്ചിൽ കെടാവിളക്കിൽ പകരുന്ന എണ്ണയ്ക്കു പോലും വകയില്ലാത്ത കാലം മുൻപുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജീവനക്കാരും അധ്യാപകരും പണിമുടക്കിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്.
2 വർഷം മുൻപു സ്മാരകം സന്ദർശിച്ച മന്ത്രി സജി ചെറിയാൻ സ്മാരകം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. ജില്ലയിൽ നിന്നുള്ള മന്ത്രി എം.ബി.
രാജേഷിന്റെ ഉറപ്പും പാഴായി.
തകർച്ചാഭീഷണിയിൽ സ്മാരകത്തിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയ ശേഷം നിലവിലെ ഭരണസമിതി സാസ്കാരിക വകുപ്പിനും മറ്റും സ്മാരകത്തിന്റെ അടിയന്തര സാഹചര്യം അറിയിച്ചിരുന്നു. ഉടൻ നടപടിയെന്ന പതിവു പല്ലവി മാത്രമാണ് ഇതുവരെയും ഉണ്ടായത്.
സ്മാരകം അടച്ചിട്ട് 3 ആഴ്ചകൾ പിന്നിടുമ്പോഴും ഭരണസമിതിക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നതും വസ്തുതയാണ്. മുൻ ഭരണസമിതി സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നു തിരിച്ചറിഞ്ഞു സ്വയം പടിയിറങ്ങിയതും ഇവിടെ കണ്ടതാണ്.
നിലവിലെ ഭരണസമിതിയിൽ ഒറ്റപ്പാലം എംഎൽഎ കെ.പ്രേംകുമാർ അടക്കം ഭരണകക്ഷിയിലെ പ്രമുഖർ ഉണ്ടായിട്ടും നടപടി വൈകുകയാണെന്ന ആരോപണം വ്യാപകമാണ്.
ജില്ലയിലെ പല സ്മാരകങ്ങൾക്കും തുക വാരിക്കോരി നൽകുമ്പോഴാണ് സർക്കാർ ഏറ്റെടുത്ത് അരനൂറ്റാണ്ടായ ചരിത്രസ്മാരകത്തോട് അവഗണന തുടരുന്നത്. കഴിഞ്ഞവർഷം തുള്ളൽ കലാകാരന്മാരുടെ സംഘടനയായ ഓൾ കേരള തുള്ളൽ ആർട്ടിസ്റ്റ് അസോസിയേഷൻ നടത്തിയ സമരവും കലാകേരളം സാക്ഷിയാണ്.
2008ൽ ആരംഭിച്ച കുഞ്ചൻ സ്മാരക കലാപീഠത്തിൽ 6 അധ്യാപകർക്കും സ്മാരകത്തിലെ ഒരു സ്ഥിരം ജീവനക്കാരനും ഒരു പാർട് ടൈം ജീവനക്കാരിക്കും 6 മാസത്തെ ശമ്പളം ലഭിക്കാനുണ്ട്. ജനുവരി മാസത്തെ ശമ്പളം കഴിഞ്ഞ മാസമാണു നൽകിയത്.
തുള്ളൽ, മൃദംഗം, ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം വിഭാഗങ്ങളിലായി 200ൽ പരം പേർ കലാപഠനം നടത്തിവരുന്നുണ്ട്.
4 വർഷത്തെ കോഴ്സിൽ തുള്ളൽ പഠനം സൗജന്യമായും മറ്റു കലാ വിഭാഗങ്ങൾക്കു ഫീസും ഈടാക്കുന്നു. സ്മാരകത്തിന് സന്ദർശക ഫീസ് ഏർപ്പെടുത്തിയിരുന്നു.
ഈ വരുമാനം ഉപയോഗിച്ചാണ് സ്മാരകത്തിന്റെ വൈദ്യുതി ബില്ലും മറ്റു ചെലവുകളും നടത്തിയിരുന്നത്. ഗ്രാൻഡ് വർധിപ്പിക്കാതെ രക്ഷയില്ലെന്നു ഭരണാധികാരികൾക്കും അറിയാമെങ്കിലും നടപടി വൈകുകയാണ്.
5 ലക്ഷം രൂപ മാത്രമാണ് സ്മാരകത്തിന്റെ ഗ്രാൻഡ്. കുഞ്ചൻദിനവും കുഞ്ചൻ അവാർഡ് നൽകലും നിറം മങ്ങിക്കഴിഞ്ഞു.
വർഷങ്ങൾക്കു മുൻപു നടന്നിരുന്ന കുഞ്ചൻദിനം സാംസ്കാരിക പ്രവർത്തകർക്ക് ഇപ്പോൾ ഓർമ മാത്രമാണ്.
ചിതൽ തട്ടാൻ പോലും കഴിയാത്ത സ്ഥിതി
കുഞ്ചൻ നമ്പ്യാരുടെ സ്മരണകൾ നിറഞ്ഞ ചരിത്രസ്മാരകം ചിതൽ തട്ടാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
മേൽക്കൂര ഇളകിക്കഴിഞ്ഞു, ചുമരുകൾ പലയിടത്തും വിണ്ടുകീറി, മേൽക്കൂരയിലെ ഓടുകൾ വീഴുന്ന സ്ഥിതിയായി. ജനലുകൾ എല്ലാം ചിതലരിച്ചു, മുറ്റം മുഴുവൻ കാടുമൂടി.
മച്ചിനകത്ത് കെടാവിളക്കിൽ എണ്ണ പകരാൻ മാത്രമാണു നിലവിൽ പ്രവേശിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സ്മാരകത്തിലേക്കു പ്രവേശനം തടഞ്ഞിരിക്കുന്നത്.
കലാപഠനത്തിനായി അവധിദിവസങ്ങളിൽ കുട്ടികൾ എത്തുന്നുണ്ടെങ്കിലും പഠനം നടക്കുന്നത് നാട്യശാലയിലാണ്. നവീകരിച്ച നാട്യശാലയിലും ചോർച്ചയുണ്ടെന്നു പഠിതാക്കൾ പറഞ്ഞു.
കുഞ്ചൻസ്മാരകം കേന്ദ്ര സാംസ്കാരിക വകുപ്പിനെ ഏൽപിക്കണം: ബിജെപി
കിള്ളിക്കുറുശ്ശിമംഗലത്ത് സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ കഴിയുന്ന മഹാകവി കുഞ്ചൻ നമ്പ്യാർ സ്മാരകം കേന്ദ്ര സാംസ്കാരിക വകുപ്പിനെ ഏൽപിക്കണമെന്നു സ്മാരകം സന്ദർശിച്ച ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ പറഞ്ഞു.
കവിത്രയങ്ങളിൽ ഒരാളായ കുഞ്ചൻ നമ്പ്യാരുടെ ജന്മ സ്ഥലത്തോടും സ്മാരകത്തോടും സംസ്ഥാന സർക്കാരും സാംസ്കാരിക വകുപ്പും കടുത്ത അനീതിയാണ് കാട്ടുന്നത്.
ഈ സ്മാരകം സംരക്ഷിക്കാൻ കഴിയാത്ത സാംസ്കാരിക വകുപ്പ് ജന്മഗൃഹവും സ്മാരകവും കേന്ദ്ര സർക്കാരിനെ ഏൽപിക്കാൻ തയാറാകണമെന്നും ഈ വിഷയത്തിൽ കേന്ദ്ര ഇടപെടലിനു ബിജെപി മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ ജനറൽ സെക്രട്ടറി ടി.ശങ്കരൻകുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് രശ്മി ബൈജു, ട്രഷറർ എം.സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് സുമേഷ് ചീരാത്തൊടി, ജനറൽ സെക്രട്ടറി കെ.പി.കൃഷ്ണകുമാർ, ഏരിയ പ്രസിഡന്റ് കെ.രമേശ്ബാബു എന്നിവർ കൂടെയുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]