
ദേശീയപാതയോരത്തെ വീട്ടിൽ മോഷണം: 45 പവൻ കവർന്നു; വീട്ടുകാർ അറിയുന്നത് പൊലീസ് എത്തിയപ്പോൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
വടക്കഞ്ചേരി ∙ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയോരത്ത് ചുവട്ടുപാടത്തെ വീട്ടിൽ നിന്നു 45 പവൻ സ്വർണം കവർന്നു. വീട്ടുകാർ മോഷണം നടന്നത് അറിയുന്നത് പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ. ചുവട്ടുപാടം പാർവതി നിവാസിൽ പ്രസാദിന്റെ വീട്ടിലാണു മോഷണം നടന്നത്.സമീപവാസി ജോ ജോസഫിന്റെ വീട്ടിലെ സിസിടിവി ക്യാമറ കേടാക്കിയെന്ന പരാതിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ പൊലീസ് അന്വേഷണത്തിന് എത്തിയിരുന്നു. കണ്ണൂരിലുള്ള ജോ ജോസഫ് തന്റെ ഫോണിൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കിട്ടാതായതോടെയാണു വീട്ടുകാരെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. പൊലീസ് പരിശോധനയിൽ ജോ ജോസഫിന്റെ വീട്ടിലെ ക്യാമറയിൽ നിന്നു മോഷ്ടാവ് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ കിട്ടി. ഇതോടെയാണു പ്രസാദിന്റെ വീട്ടിലും അന്വേഷണം നടത്തിയത്. പ്രസാദിന്റെ വീട് പരിശോധിച്ചപ്പോൾ ഇവിടെയുണ്ടായിരുന്ന ക്യാമറയും തകർത്ത നിലയിൽ കണ്ടു.
പിന്നീടു പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചു വീട്ടുകാർ നടത്തിയ പരിശോധനയിലാണു ടെറസിനു മുകളിലെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി. സംഭവ സമയത്ത് പ്രസാദും ഭാര്യയും ഇവരുടെ മാതാപിതാക്കളും രണ്ടു മക്കളും ബന്ധുവായ കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നു.പ്രസാദിന്റെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണു സ്വർണം നഷ്ടപ്പെട്ടത്. സ്വർണാഭരണങ്ങൾ ലോക്കറിലാണു സൂക്ഷിച്ചിരുന്നത്. എന്നാൽ അവിടെത്തന്നെ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചു തുറന്നാണ് മോഷണം നടത്തിയിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു. വടക്കഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.പി.ബെന്നിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തു പരിശോധന നടത്തി. ഒരു വർഷം മുൻപ് ഈ വീടിനു സമീപമുള്ള ചുവട്ടുപാടം രാജുവിന്റെ വീട്ടിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള 6 അംഗ സംഘം 43 പവൻ സ്വർണം കവർന്നിരുന്നു. വീട്ടുകാരെ ബന്ധിയാക്കിയാണു മോഷണം നടത്തിയത്. അന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ എല്ലാ പ്രതികളെയും പിടികൂടിയിരുന്നു.