വാളയാർ ∙ വനംവകുപ്പ് വാളയാറിൽനിന്നു പിടികൂടിയ ഈനാംപേച്ചിയെ കേരളത്തിലേക്ക് എത്തിച്ചത് ആഭിചാരക്രിയകൾക്കും ദുർമന്ത്രവാദത്തിനും ഉപയോഗിക്കാൻ വേണ്ടിയായിരുന്നെന്നു വിവരം. ഇത്തരം ആവശ്യത്തിനായി തമിഴ്നാട് അയ്യമലയിൽ നിന്നാണ് ഇതിനെ പിടികൂടി കേരളത്തിലെത്തിച്ചത്.
വില പറഞ്ഞുറപ്പിച്ചതിനു ശേഷം സംസ്ഥാന അതിർത്തിയിൽവച്ചു കൈമാറാനുള്ള ശ്രമത്തിനിടെയാണ് കോയമ്പത്തൂർ ചാവടി പുതുപ്പതി സ്വദേശി ആനന്ദ്കുമാറിനെ (29) വനംവകുപ്പ് സംഘം ഈനാംപേച്ചിയുമായി അറസ്റ്റ് ചെയ്തത്.
16 കിലോയുള്ള ഈനാംപേച്ചിക്കു ലക്ഷങ്ങളാണ് വിലപറഞ്ഞതെന്നാണ് വിവരം. ഈനാംപേച്ചിയെ തദ്ദേശീയ മരുന്നുകൾക്കും മറ്റുമായി രഹസ്യമായി കൈമാറ്റം ചെയ്യാറുണ്ട്.
ഈനാംപേച്ചിയുടെ ശൽക്കങ്ങൾ മരുന്നിനും ആഭരണ നിർമാണത്തിനും ഉപയോഗിക്കാറുണ്ട്. ഇത്തരം ആവശ്യങ്ങൾക്കാണോ എത്തിച്ചതെന്നും അന്വേഷിക്കുമെന്ന് വനംവകുപ്പ് പറഞ്ഞു.
ആനന്ദ്കുമാർ പിടിയിലായതോടെ സംഘത്തിലുണ്ടായിരുന്ന 2 തമിഴ്നാട് സ്വദേശികൾ സ്ഥലത്തുനിന്നു കടന്നുകളഞ്ഞിരുന്നു.
ഇവരെക്കുറിച്ചു വിവരം ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും വനംവകുപ്പ് പറഞ്ഞു. ഈനാംപേച്ചിയെ കൈവശം വച്ചു പ്രത്യേക പൂജകളും മറ്റു നടത്തി ഭാഗ്യകടാക്ഷവും ധനയോഗവും കൈവരുമെന്നു വിശ്വസിപ്പിച്ചാണ് ആനന്ദ്കുമാർ ഇതു കൈമാറാനായി വാളയാറിലെത്തിയത്.
ഇത് ആർക്കാണ് കൈമാറുന്നതെന്നു സംബന്ധിച്ചും വനംവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.
ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന വംശനാശം സംഭവിച്ചു വരുന്ന ഈനാംപേച്ചിയെ വേട്ടയാടി പിടികൂടി വിൽപനയ്ക്കെത്തിച്ചതിനാണ് നിലവിൽ പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്.പ്രവീണിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം.
ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ അനിൽ എം.തടത്തിൽ, സെക്ഷൻ ഫോറസ്റ്റർ എൻ.സുധീപ്, ബീറ്റ് ഫോറസ്റ്റർമാരായ വി.ഉണ്ണിക്കൃഷ്ണൻ, പി.ബാബുരാജ്, സി.രാജേഷ്കുമാർ, എൻ.ഷോബി എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]