നെന്മാറ∙ പോത്തുണ്ടി ഡാം ഉദ്യാനത്തിൽ എത്തുന്ന സന്ദർശകരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഇല്ലെന്നു പരാതി. അവധി നാളുകളിലാണ് കൂടുതൽ പ്രശ്നം.
നെല്ലിയാമ്പതി സഞ്ചാരികളുടെ ഇടത്താവളമായ പോത്തുണ്ടി ഡാം വഴി വരുന്ന പലരും ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഉദ്യാനത്തിൽ കയറാതെ മടങ്ങുകയാണ്.
ഓണാവധി നാളുകളിൽ ഉദ്യാനത്തിനു മുന്നിലെത്തിയ സന്ദർശകരുടെ തിരക്കു കാരണം റോഡിൽ 2 കിലോമീറ്ററോളം ദൂരം വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. പൂജാ അവധി നാളുകളിലും തിരക്ക് ആവർത്തിച്ചതോടെ ബദൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
ഉദ്യാനത്തിനു മുന്നിലൂടെ നെന്മാറയിലേക്കുള്ള റോഡ് കൂടാതെ ഡാമിന്റെ വടക്കു ഭാഗത്തേക്കു പോകുന്ന പാത കൂടി തുറന്നുകൊടുത്താൽ വലിയ പരാതി ഒഴിവാകുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇൗ ഭാഗത്ത് പാർക്കിങ് സംവിധാനം ഒരുക്കാതെ വന്നതോടെ ഒട്ടേറെ സഞ്ചാരികൾ പോത്തുണ്ടി ഡാം ഉദ്യാനത്തിൽ കയറാതെ പോയതായി പറയുന്നു.
അവധി നാളുകളിൽ ആറായിരത്തോളം പേർ ഉദ്യാനം സന്ദർശിക്കാറുണ്ട്. ഗതാഗതക്കുരുക്ക് പതിവായതോടെ പ്രദേശവാസികളും നെല്ലിയാമ്പതി യാത്രക്കാരും വലയുന്നതായി പരാതിയുണ്ട്.
ഉദ്യാനത്തിനു പുറമേ നിറഞ്ഞുനിൽക്കുന്ന ഡാം കാണാൻ വീതി കുറവായ കോണിപ്പടി കയറി അണക്കെട്ടിലേക്കു പോകുന്ന വിനോദസഞ്ചാരികളുടെ തിരക്കും പതിവാണ്.
മഴ കുറയുന്നതോടെ സഞ്ചാരികളുടെ വരവ് കൂടാനുള്ള സാധ്യത മുന്നിൽ കണ്ട് വികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഫീസ് നൽകി ഉദ്യാനത്തിൽ പ്രവേശിക്കുന്നവർക്ക് മെച്ചപ്പെട്ട
അടിസ്ഥാന സൗകര്യം ഒരുക്കാൻ ഡിടിപിസി തയാറാകണമെന്ന ആവശ്യം ശക്തമാണ്. ടൂറിസം വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ വന്നതോടെ നെല്ലിയാമ്പതി പുലയമ്പാറ കവല, സീതാർകുണ്ട് റോഡ്, കാരപ്പാറ റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് പതിവാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]