കൂറ്റനാട് ∙ നാലു വർഷം കൊണ്ടു സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിൽ വൻ കുതിപ്പാണു സാധ്യമാക്കിയതെന്നു പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി പട്ടാമ്പി റോഡ് നവീകരണ പ്രവൃത്തി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ അടിസ്ഥാന വികസനത്തിനു വേഗം കൂട്ടുന്നതിൽ കിഫ്ബി ഫണ്ട് പ്രധാന പങ്ക് വഹിച്ചു. സംസ്ഥാനത്ത് പശ്ചാത്തല വികസന മേഖലയിൽ സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് വരികയാണ്.
15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുമെന്നതു യാഥാർഥ്യമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റോഡ് നവീകരണത്തിനായി ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ച മണ്ഡലം തൃത്താലയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 255 റോഡുകൾക്കായി 330 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണു തൃത്താല മണ്ഡലത്തിൽ നടക്കുന്നത്.
ചാലിശ്ശേരി – പട്ടാമ്പി റോഡ് നവീകരണവും കൂറ്റനാട് ജംക്ഷൻ വികസനവും പൂർത്തീകരിക്കുന്നതോടെ തൃത്താലയുടെ മുഖഛായ മാറുമെന്നു മന്ത്രി പറഞ്ഞു.
ചാലിശ്ശേരി തണത്തറ പാലം മുതൽ പട്ടാമ്പി പാലം വരെയുള്ള 13.7 കിലോമീറ്റർ നീളത്തിലുള്ള റോഡാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ്സിൽ നിന്നും 63.79 കോടി രൂപ വിനിയോഗിച്ചാണു നവീകരണം നടത്തുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിനാണു നിർവഹണച്ചുമതല.
നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും വീതി കൂട്ടും. കൂടാതെ 28 കലുങ്കുകൾ പുതുക്കിപ്പണിയും.
ആവശ്യമായ സ്ഥലങ്ങളിലെല്ലാം അഴുക്കുചാലുകൾ സ്ഥാപിക്കുന്നുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ബസ് ബേകളും ഒരുക്കും.
റോഡിന്റെ നിർമാണം പൂർത്തീകരിച്ച് 2026 ഫെബ്രുവരിയിൽ നാടിനു സമർപ്പിക്കാനാണു പദ്ധതി ലക്ഷ്യമിടുന്നത്.
എക്സിക്യൂട്ടീവ് എൻജിനീയർ സി.റിജോ റിന്ന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.ബാലചന്ദ്രൻ, പി.കെ.ജയ, ഷറഫുദ്ദീൻ കളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ, അനു വിനോദ്, കെഎസ്ടിപി ചീഫ് എൻജിനീയർ ഐസക് വർഗീസ്, കുറ്റിപ്പുറം ഡിവിഷൻ അസി.എക്സി എൻജിനീയർ പി.കെ.രബീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]