ഷൊർണൂർ ∙ ഷൊർണൂർ നഗരസഭ 31ാം വാർഡ് അന്തിമഹാകാളൻചിറ കോൺഗ്രസ് കൗൺസിലർ സി.സന്ധ്യ കൗൺസിലർ സ്ഥാനം രാജിവച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് ഗൗരവമായ നടപടി സ്വീകരിക്കാത്തതിലും തന്റെ വാർഡിനോടുള്ള വി.കെ.ശ്രീകണ്ഠൻ എംപിയുടെ അവഗണനയിലും പ്രതിഷേധിച്ചാണു രാജി എന്ന് സി.സന്ധ്യ പറഞ്ഞു. ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിക്കുന്ന നിലപാടാണു കോൺഗ്രസ് എടുത്തത്.
ഇത് അംഗീകരിക്കാനാകില്ല. കൂടാതെ വി.കെ.ശ്രീകണ്ഠൻ എംപി ഫണ്ട് നൽകാതെ തന്റെ വാർഡിനെ പൂർണമായും അവഗണിക്കുകയാണ്.
നഗരസഭയിലെ കോൺഗ്രസിന്റെ മറ്റു വാർഡുകൾക്ക് ഹൈമാസ്റ്റ് ലൈറ്റ് നൽകിയിട്ടും 31ാം വാർഡിനു മാത്രം തുക അനുവദിച്ചില്ല. ഇതാണു രാജിയിലേക്കു നയിച്ചതെന്നു സി.സന്ധ്യ പറഞ്ഞു.
10 വർഷമായി ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലറാണ് സന്ധ്യ.
2015ലെ തിരഞ്ഞെടുപ്പിൽ 135 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു സന്ധ്യ വിജയിച്ചത്. പിന്നീട് 2020ലെ തിരഞ്ഞെടുപ്പിലും അതേ വാർഡിൽ നിന്ന് 452 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, സന്ധ്യ കോൺഗ്രസ് അംഗത്വം രാജിവച്ചതായുള്ള കത്തു കോൺഗ്രസ് നേതൃത്വത്തിനു ലഭിച്ചിട്ടില്ലെന്നു നേതാക്കൾ വ്യക്തമാക്കി.
33 അംഗങ്ങളുള്ള ഷൊർണൂർ നഗരസഭയിൽ 17 സിപിഎം, 9 ബിജെപി, 6 കോൺഗ്രസ്, ഒരു എസ്ഡിപിഐ എന്നിങ്ങനെയാണു സീറ്റ് നില. സന്ധ്യയുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 5 ആയി.
സിപിഎം ജോലി വാഗ്ദാനം ചെയ്തുവെന്ന് കോൺഗ്രസ്
സിപിഎം സന്ധ്യയ്ക്ക് ജോലി വാഗ്ദാനം നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ്.
2 മാസം പിന്നിട്ടാൽ കൗൺസിലറുടെ 5 വർഷം കഴിയും എന്നും എന്നാൽ അടുത്ത ഭരണസമിതിയിൽ സന്ധ്യയ്ക്ക് സിപിഎം ജോലി നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആ പ്രലോഭനത്തിൽ സന്ധ്യ വീണതാണന്നുമാണ് കോൺഗ്രസ് പറയുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി പാർട്ടി പരിപാടികളിൽ സന്ധ്യ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ 5 വർഷം നല്ല രീതിയിൽ വാർഡിൽ വികസനം കൊണ്ടു വന്നെങ്കിലും ഈ ഭരണസമിതിയിൽ വലിയ വികസന നേട്ടങ്ങൾ വാർഡിൽ കാഴ്ച വയ്ക്കാൻ സന്ധ്യയ്ക്കു കഴിഞ്ഞിട്ടില്ല എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
സന്ധ്യയുടെ രാജി കാരണം വാർഡ് കോൺഗ്രസിന് നഷ്ടപ്പെടില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഈ വിഷയം ബാധിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ കോൺഗ്രസിൽ നിന്നു നിരവധി പേർ പാർട്ടിവിട്ട് സിപിഎമ്മിലേക്കു വരാറുണ്ട്, ഇവർക്ക് ജോലി നൽകേണ്ടത് പാർട്ടിയുടെ പണിയല്ല.
അതിനാൽ കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സിപിഎം വ്യക്തമാക്കി.
3 വർഷത്തിനുള്ളിൽ 2 രാജി;കോൺഗ്രസിന് ക്ഷീണം
നഗരസഭയിൽ നിലവിൽ കോൺഗ്രസ് മൂന്നാമതാണ്. 9 അംഗബലമുള്ള ബിജെപിയാണ് രണ്ടാമത്.
2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 7 അംഗങ്ങൾ കോൺഗ്രസിന് ഉണ്ടായിരുന്നു. 2023 ഏപ്രിലിലാണ് കോൺഗ്രസിൽ നിന്നു വിജയിച്ച ഷൊർണൂർ വിജയൻ പാർട്ടി അംഗത്വം രാജിവച്ചത്.
പാർട്ടിയിൽ അവഗണന നേരിട്ടുവെന്നു പറഞ്ഞായിരുന്നു ഷൊർണൂർ വിജയന്റെ രാജി. കാലാവധി പൂർത്തിയാക്കുന്നതിനു മാസങ്ങൾക്ക് മുൻപ് സി.സന്ധ്യയും രാജിവച്ചു.
ഒരു ഭരണ കാലാവധി പൂർത്തിയാക്കും മുൻപ് 2 കോൺഗ്രസ് കൗൺസിലർമാരാണ് പാർട്ടി വിട്ടത്. നിലവിൽ 5 കൗൺസിലർമാരാണ് കോൺഗ്രസിന് നഗരസഭയിലുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]