
പാലക്കാട്∙ ജില്ലയിൽ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കാൻ കർശന നിർദേശം നൽകി ജില്ലാ പൊലീസ് മേധാവി അജിത്കുമാർ. നഗരത്തിൽ പട്രോളിങ് കാര്യക്ഷമമല്ലെന്ന മനോരമ വാർത്തയെ തുടർന്നാണു നടപടി. ഓരോ സ്റ്റേഷൻ പരിധിയിലും ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 2 മൊബൈൽ പട്രോളിങ് ടീമുകളും ഒരു ബൈക്ക് പട്രോളും ഏർപ്പെടുത്തുന്നതിനൊപ്പം മഫ്തിയിലും പൊലീസ് നിരീക്ഷണം ശക്തമാക്കും.
നഗരപരിധിയിൽ 4 മൊബൈൽ പട്രോൾ വാഹനങ്ങളും 2 ബൈക്ക് പട്രോളും നിരീക്ഷണത്തിനുണ്ടാകും.
അതിർത്തി മേഖലകളിൽ രാത്രികാല സ്റ്റേഷൻ പട്രോളിങ് കൂടാതെ സ്പെഷൽ ചെക്കിങ് ടീമിന്റെയും നിരീക്ഷണമുണ്ടാകും. ഓരോ മേഖലയിലെയും പട്രോളിങ്ങിനു ഡിവൈഎസ്പി മേൽനോട്ടം വഹിക്കും. പിങ്ക് പൊലീസിന്റെ പട്രോളിങ്ങിലെ വീഴ്ചയിൽ ജില്ലാ പൊലീസ് മേധാവി എഎസ്പിയോടു റിപ്പോർട്ട് തേടി. തുടർന്നുള്ള ദിവസങ്ങളിലെ പട്രോളിങ് നിരീക്ഷിക്കാനും നിർദേശം നൽകി. പട്രോളിങ് നടത്തേണ്ട
വിവിധ പോയിന്റുകൾ രേഖപ്പെടുത്തി നൽകുന്നതോടൊപ്പം ഇവിടങ്ങളിൽ ഉച്ചയ്ക്ക് മുൻപും ശേഷവുമുള്ള പിങ്ക് പൊലീസിന്റെ നിരീക്ഷണം ഉറപ്പാക്കും.
സ്കൂളുകൾ തുടങ്ങുമ്പോഴും വിടുമ്പോഴും അവിടെ നിർബന്ധമായും പൊലീസിന്റെ സാന്നിധ്യമുണ്ടായിരിക്കണമെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. നഗരസഭയുടെ കീഴിലുള്ള 55 നിരീക്ഷണ ക്യാമറകൾ പ്രവർത്തിപ്പിക്കാൻ സഹായം തേടി പൊലീസ് നഗരസഭാധ്യക്ഷയ്ക്കു കത്തു നൽകും. നഗരത്തിലെ വെളിച്ചക്കുറവുള്ള ഭാഗങ്ങൾ കണ്ടെത്തി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കും.
“പൊലീസ് പട്രോളിങ് കർശനമാക്കും
പൊലീസ്, പിങ്ക് പൊലീസ് പട്രോളിങ് കർശനമാക്കും. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ സംശയാസ്പദമായി ഒന്നുമില്ലെന്നു ടോർച്ച് തെളിയിച്ചു നോക്കി ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
റോഡിൽ അലഞ്ഞുതിരിയുന്നവരുടെ കണക്കു ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കലക്ടറുമായി ആലോചിച്ചു തീരുമാനിക്കും.”
അജിത് കുമാർ, ജില്ലാ പൊലീസ് മേധാവി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]