
ലക്കിടി ∙ മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കലക്കത്ത് ഭവനത്തോടു സാംസ്കാരിക വകുപ്പും ധനവകുപ്പും കാണിക്കുന്ന അനാസ്ഥ സ്മാരകത്തിലെത്തുന്നവർക്കെല്ലാം കാണാം. കലക്കത്ത് ഭവനത്തിന്റെ ശോച്യാവസ്ഥ ആരെയും അത്ഭുതപ്പെടുത്തും.
ഭാഷാ സ്നേഹികളായ ഒട്ടേറെ പേരാണു പ്രതിദിനം സ്മാരകത്തിൽ എത്തുന്നത്. അറ്റകുറ്റപ്പണിക്കായി സ്മാരകം ഭരണസമിതി അടച്ചിട്ടിരിക്കുകയാണ്.
എന്നാൽ അറ്റകുറ്റപ്പണിക്ക് ധനവകുപ്പ് തുക നൽകിയിട്ടില്ല. സ്മാരകത്തിലെത്തുന്നവർ പുറത്തു നിന്നു കണ്ടു മടങ്ങേണ്ട
സ്ഥിതിയാണ്.
2024ൽ ബജറ്റിലെ 1.96 കോടി രൂപ ഇതുവരെ അനുവദിച്ചില്ല. ഭരണസമിതി നൽകിയ നിവേദനത്തെ തുടർന്നാണു കെട്ടിടം നവീകരിക്കാൻ തുക വകയിരുത്തിയത്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണത്തിനായി എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ആശങ്കയോടെയാണു സ്മാരകം പ്രവർത്തിച്ചത്. ഇത്തവണ മഴ വർധിച്ചതോടെ അപകട സാധ്യത മുന്നിൽക്കണ്ടു ജന്മഗൃഹത്തിലേക്കു പ്രവേശനം തടയുകയായിരുന്നു.
5 ലക്ഷം രൂപയുടെ സ്ഥിരം ഗ്രാൻഡിലാണ് കുഞ്ചൻസ്മാരകം പ്രവർത്തിക്കുന്നത്.
ജീവനക്കാരുടെ ശമ്പളം, കെട്ടിടത്തിന്റെ നവീകരണം, ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ, കലാപഠനം എന്നിവയെല്ലാം ഈ ഫണ്ടിൽ നിന്നു നടത്തേണ്ട സ്ഥിതിയാണ്.
മുൻ വർഷങ്ങളിൽ ധനവകുപ്പ് ഭരണസമിതിയുടെ ആവശ്യം പരിഗണിച്ചു സ്പെഷൽ ഗ്രാൻഡ് അനുവദിച്ചിരുന്നു.
ഏതാനും വർഷമായി ഗ്രാൻഡ് അനുവദിക്കുന്നതിലും കാലതാമസമാണ്. കഴിഞ്ഞ വർഷം 16 മാസത്തെ ശമ്പളം കുടിശികയായതോടെ ജീവനക്കാർ സ്മാരകം അടച്ചിട്ടു പ്രതിഷേധിച്ചിരുന്നു. തുടർന്നു ശമ്പളം ഗഡുക്കളായി അനുവദിച്ച് പ്രശ്നം പരിഹരിച്ചു.
കഴിഞ്ഞ വർഷം 5 ലക്ഷം രൂപ ഗ്രാൻഡ് മാത്രമാണു ലഭിച്ചത്. 10 ലക്ഷം രൂപ അധികമായി അനുവദിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
ഈ വർഷത്തെ ഗ്രാൻഡും നൽകിയിട്ടില്ല.
5 ലക്ഷം രൂപ 4 ഗഡുക്കളായാണു സാധാരണ നൽകിയിരുന്നത്.ജീവനക്കാർക്കു ജനുവരി വരെ മാത്രമാണു ശമ്പളം നൽകിയിട്ടുള്ളത്. അധ്യാപകരടക്കം 8 പേർ സ്മാരകത്തിൽ ജോലി ചെയ്യുന്നുണ്ട്.
400 വർഷം പഴക്കമുള്ള കെട്ടിടം ചോർച്ചയിലാണ്. മണ്ണും ഉമിയും ചേർത്ത മിശ്രിതത്തിൽ നിർമിച്ചതാണു കെട്ടിടം.
മേൽക്കൂര തകർന്നതോടെ വെള്ളം ചുമരിലേക്കും ഒലിച്ചിറങ്ങുന്നു.
സർക്കാർ ഏറ്റെടുത്തത് 1976ൽ
1976 സെപ്റ്റംബർ 1നാണ് കലക്കത്ത് ഭവനവും അതോടൊപ്പമുള്ള 56 സെന്റ് സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. കലക്കത്ത് ഭവനം, പത്തായപ്പുര, പടിപ്പുര എന്നിവയാണ് ഏറ്റെടുത്തത്. 1981 മുതൽ സർക്കാരിന്റെ നേതൃത്വത്തിൽ സ്മാരകം സംരക്ഷിക്കാൻ നടപടി തുടങ്ങി.
പത്തായപ്പുര വീണതു വാർത്തയായതിനെ തുടർന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്.
കലക്കത്ത് ഭവനത്തിന്റെ രൂപഭാവങ്ങൾക്കും നിറങ്ങൾക്കും യാതൊരു മാറ്റവും വരുത്തരുതെന്നും തനിമ നിലനിർത്തണമെന്നും അദ്ദേഹത്തിന്റെ നിഷ്കർഷ ഉണ്ടായിരുന്നു.
സ്മാരകത്തിന്റെ ഭരണം അതതുകാലത്ത് സംസ്ഥാന ഭരണകൂടമാണു നടത്തുന്നത്. 3 വർഷത്തെ കാലാവധിയിൽ പ്രവർത്തിക്കുന്ന കമ്മിറ്റി ആദ്യകാലത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചിരുന്നു. മേയ് 5ന് കുഞ്ചൻ ദിനം, നവരാത്രി വിദ്യാരംഭം എന്നിവ വർണാഭമായി നടത്തിയിരുന്നു. പിന്നീട് ഓട്ടൻതുള്ളൽ, സംസ്കൃതം ക്ലാസുകളും സ്മാരകത്തിൽ നടത്തിയിരുന്നു.
2008ൽ രൂപീകരിച്ച ഭരണസമിതിയാണു കുഞ്ചൻ സ്മാരക കലാപീഠം ആരംഭിച്ചത്. നിലവിൽ ഓട്ടൻതുള്ളൽ, മൃദംഗം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നിവയിൽ പഠനം നടന്നു വരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]