
കാമുകനെ കൊലപ്പെടുത്തിയ സംഭവം: 4 പേർ കൂടി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോയമ്പത്തൂർ ∙ ദുബായിൽ ട്രാവൽസ് നടത്തിപ്പുകാരനായ യുവാവിനെ കോയമ്പത്തൂരിലെത്തിച്ച് കോഴിക്കറിയിൽ ഉറക്കഗുളിക നൽകി കാമുകിയും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകി ശാരദയുടെ അമ്മ ഗാന്ധിമാ നഗറിലെ ഗോമതി (53), മകൾ നിലാ (33), ബന്ധു ഈറോഡ് ശിവഗിരി സ്വദേശി സ്വാതി (26), ഒന്നാംപ്രതി കീഴടങ്ങിയ ത്യാഗരാജന്റെ സുഹൃത്തും തിരുനെൽവേലിയിലെ ഗുണ്ടാ സംഘത്തിലെ അംഗവുമായ പുതിയവൻ (കുട്ടിതങ്കം – 48) എന്നിവരെയാണ് പീളമേട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കൊലയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രമായ കാമുകി ശാരദ (35) ഏപ്രിൽ 22ന് ദുബായിൽ നിന്നു തനിച്ച് കോയമ്പത്തൂരിൽ എത്തിയിരുന്നു. ഗോമതിയും ത്യാഗരാജനും അടങ്ങുന്ന കുടുംബാംഗങ്ങൾ അതേ ദിവസം ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ ശിഖാമണിയെ സ്വീകരിച്ച് വീട്ടിലെത്തിച്ചു. രണ്ടു ദിവസത്തോളം നഗരത്തിൽ പലയിടങ്ങളിലും കറങ്ങി ഏപ്രിൽ 24ന് രാത്രിയാണ് മദ്യത്തിലും കോഴിക്കറിയിലും ഉറക്ക ഗുളികകൾ ചേർത്തു നൽകിയത്.
അബോധവസ്ഥയിലായ ശിഖാമണിയെ യുവതിയും ത്യാഗരാജനും ചേർന്ന് കൊലപ്പെടുത്തി. പിറ്റേന്ന് കാറിൽ കരൂർ പരമത്തിയിൽ മൃതദേഹം ഉപേക്ഷിച്ച് തിരുച്ചിറപ്പള്ളിയിൽ നിന്നും ദുബായിലേക്ക് വിമാനം കയറിയെങ്കിലും ഏപ്രിൽ 28ന് ശാരദ വീണ്ടും കോയമ്പത്തൂരിലേക്ക് തന്നെ തിരിച്ചെത്തി.കരൂർ പരമത്തിയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് കരൂർ സർക്കാർ മെഡിക്കൽ കോളജിൽ സൂക്ഷിച്ച ശേഷം 28ന് പോസ്റ്റ്മോർട്ടം ചെയ്തു കരൂർ കോർപറേഷൻ ശ്മശാനത്തിൽ അടക്കം ചെയ്തു.
വ്യാഴാഴ്ച ത്യാഗരാജൻ കോടതിയിൽ കീഴടങ്ങിയപ്പോഴാണ് കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ പീളമേട് പൊലീസിന് കണ്ടെത്താനായത്. ശിഖാമണിയുടെ ഭാര്യയുടെ പരാതിയിൽ സംശയങ്ങൾ കാരണമാണ് അന്വേഷണം പ്രതികളിലേക്ക് നീണ്ടത്.ഇതിനിടെ ശനിയാഴ്ച രാവിലെ ശിഖാമണിയുടെ മൃതദേഹം കരൂർ കോർപറേഷൻ ശ്മശാനത്തിൽ നിന്നു പുറത്തെടുത്ത് റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തി.
ഉച്ചയ്ക്ക് ഒരു മണിയോടെ ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം സ്വദേശമായ തിരുവാരൂരിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.ദുബായിൽ റിസപ്ഷനിസ്റ്റായ ശാരദയുമായുള്ള പണമിടപാടാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു. ശാരദയെ മാത്രമാണ് ഇനി പിടികൂടാനുള്ളത്.