
ട്രെയിനിടിച്ച് 9 കന്നുകാലികൾക്ക് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മലമ്പുഴ ഭാഗത്തെ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച് 9 കന്നുകാലികൾക്കു ദാരുണാന്ത്യം. പാലക്കാട് റെയിൽവേ ജംക്ഷനിൽ നിന്ന് 6 കിലോമീറ്റർ അകലെ കാഞ്ഞിരക്കടവ് ട്രാക്കിൽ വെള്ളിയാഴ്ച അർധരാത്രിയാണ് അപകടം. രാത്രി 12.30 മുതൽ 1.30 വരെയുള്ള സമയത്തിനിടെ മൂന്നു ട്രെയിനുകൾ ഇടിച്ചാണു കാലികൾ ചത്തത്. ഹിമസാഗർ എക്സ്പ്രസ്, കൊച്ചുവേളി– യശ്വന്ത്പുര എക്സ്പ്രസ്, ചെന്നൈ – തിരുവനന്തപുരം മെയിൽ എന്നീ ട്രെയിനുകളാണ് ഇടിച്ചത്. അപകടത്തെത്തുടർന്ന് ട്രെയിനുകൾ 30 മിനിറ്റ് വൈകിയോടി. വാരണി കാഞ്ഞിരക്കടവിലെ കർഷകനായ കെ.അനന്തകൃഷ്ണന്റെ കന്നുകാലികളാണു ചത്തത്. കറവയുള്ള മൂന്നു പശുക്കളും പ്രസവിക്കാറായ ഒരു പശുവും ഇതിൽ ഉൾപ്പെടുന്നു. 12.30ന് ഹിമസാഗർ എക്സ്പ്രസ് ഇടിച്ച് മൂന്നു കാലികൾ ചത്തു. പിന്നാലെയെത്തിയ രണ്ടു ട്രെയിനുകൾ ഇടിച്ചാണു ബാക്കിയുള്ള കാലികൾ ചത്തത്. റെയിൽവേ ട്രാക്കിലേക്കു കാലികളെ അഴിച്ചുവിട്ടെന്ന കുറ്റത്തിനു റെയിൽവേ പൊലീസ് അനന്തകൃഷ്ണനെതിരെ കേസെടുത്തു.
അതേസമയം പ്രദേശത്തുണ്ടായ കാറ്റിൽ തൊഴുത്തിന്റെ മേൽക്കൂര തകരുകയും വിരണ്ട കാലികൾ കയറുപൊട്ടിച്ച് ഓടുകയായിരുന്നുവെന്നും അനന്തകൃഷ്ണൻ പറഞ്ഞു. മിന്നലും ഉണ്ടായിരുന്നു. പിന്നീട് ഇവ റെയിൽവേ ട്രാക്കിലേക്കു കയറി. ഉയരമുള്ള മെറ്റൽക്കൂനയിലൂടെ തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല. ഹിമസാഗർ എക്സ്പ്രസ് ഇടിച്ചു മൂന്നു കാലികൾ ചത്തപ്പോൾ തന്നെ റെയിൽവേ കൃത്യമായി നടപടി സ്വീകരിച്ചിരുന്നെങ്കിൽ ബാക്കിയുള്ള കാലികളെ രക്ഷിക്കാമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മൂന്നു കാലികൾ ചത്തപ്പോൾ ബാക്കിയുള്ളവ തൊട്ടടുത്ത ട്രാക്കിൽ കയറി. ഇവയെ ഇവിടെ നിന്നു നീക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം മുതലമടയിൽ ട്രെയിനിടിച്ച് 14 പശുക്കൾ ചത്തിരുന്നു.
കാറ്റ് ‘കൊണ്ടുപോയി’, 9 ജീവനും ഒരു കുടുംബത്തിന്റെ ജീവിതവും
പാലക്കാട് ∙ ആ കർഷകന്റെ സ്വപ്നങ്ങളാണു മലമ്പുഴയിലെ റെയിൽവേ ട്രാക്കിൽ പൊലിഞ്ഞത്. മികച്ച ക്ഷീരകർഷകനുള്ള മലമ്പുഴ പഞ്ചായത്തിന്റെ പുരസ്കാരം നേടിയ കാഞ്ഞിരക്കടവ് സ്വദേശി കെ.അനന്തകൃഷ്ണന്റെയും കുടുംബത്തിന്റെയും ആകെയുള്ള വരുമാനമാർഗമാണു നിലച്ചത്. 8 ലക്ഷത്തോളം രൂപ വായ്പയെടുത്താണു പശുക്കളെ വാങ്ങിയത്. 13 പശുക്കളിൽ 9 എണ്ണവും ട്രെയിനിടിച്ചു ചത്തു. അതിൽ മൂന്നു പശുക്കൾ കറവയുള്ളതായിരുന്നു. ഒരു ദിവസം 15 ലീറ്ററോളം പാൽ കറക്കും. ഇതു സൊസൈറ്റിയിൽ കൊടുത്തു കിട്ടുന്ന വരുമാനംകൊണ്ടാണു ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബം കഴിഞ്ഞിരുന്നത്. വായ്പ തിരിച്ചടവിനുള്ള പണവും കണ്ടെത്തി. ബാക്കിയായ നാലു കാലികൾ കിടാക്കളാണ്.പണമില്ലാത്തതിനാലാണ് തൊഴുത്തിന്റെ അറ്റകുറ്റപ്പണികൾ വൈകിയത്.
പാൽ വിറ്റു കിട്ടുന്ന പണം മിച്ചംപിടിച്ച് അറ്റകുറ്റപ്പണി നടത്താനിരിക്കുകയായിരുന്നു. അതിനിടെ കഴിഞ്ഞദിവസം കാറ്റ് ആഞ്ഞുവീശിയപ്പോൾ തൊഴുത്തിന്റെ മേൽക്കൂര തകർന്നു. ഈ സമയം അനന്തകൃഷ്ണനും കുടുംബവും അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. മിന്നൽ കൂടി ആയതോടെ കാലികൾ കയർപൊട്ടിച്ചു വിരണ്ടോടി. റെയിൽവേ ട്രാക്ക് ഭാഗത്തേക്കു കാലികൾ പോകാതിരിക്കാൻ അനന്തകൃഷ്ണൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പറമ്പിലെ പല ഭാഗത്തും വേലികെട്ടി. പക്ഷേ, ഇന്നലെ ഒറ്റദിവസംകൊണ്ട് അതെല്ലാം തകിടംമറിഞ്ഞു. കാലികൾ വിരണ്ടോടി കയറിയതു റെയിൽവേ ട്രാക്കിൽ. വലിയ മെറ്റൽ കൂനകളുണ്ടായിരുന്നതിനാൽ ട്രെയിനിന്റെ ശബ്ദം കേട്ടിട്ടും ഇവയ്ക്ക് തിരിച്ചിറങ്ങാനായില്ല. രാവിലെ അനന്തകൃഷ്ണനും കുടുംബവും തിരിച്ചെത്തിയപ്പോൾ തൊഴുത്തിൽ കാലികളെ കണ്ടില്ല. ഇവയെ തിരഞ്ഞുപോയ അനന്തകൃഷ്ണൻ കണ്ടതു റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറിക്കിടക്കുന്ന പശുക്കളെയാണ്.