കോയമ്പത്തൂർ ∙ കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത 3 പ്രതികൾക്ക് ആടു മേയ്ക്കുന്നയാളെ കൊലപ്പെടുത്തിയ കേസിലും ബന്ധമുണ്ടെന്ന് പൊലീസ്. ബലാത്സംഗം നടന്ന നവംബർ രണ്ടിന് സൂലൂർ കുരുമ്പപാളയം സ്വദേശി ദേവരാജ് (55) ചെരയംപാളയം ഭാഗത്ത് 150 ആടുകളെ മേയാനായി വിട്ടിരുന്നു.
അന്നു തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ കോവിൽപാളയം പൊലീസിൽ പരാതി നൽകി. മഴയായതു കാരണം ആട്ടിൻപറ്റങ്ങളുമായി വരാത്തതാണെന്നു കരുതി കാത്തിരുന്നെങ്കിലും നവംബർ 6ന് മർദനമേറ്റു മരിച്ച നിലയിൽ ചെരയംപാളയം കുറ്റിക്കാട്ടിൽ ജഡം കണ്ടെത്തുകയായിരുന്നു.
റൂറൽ പൊലീസിന്റെ അന്വേഷണം നടന്നുവരികയാണെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല.
നിലവിൽ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോവിൽപാളയം പൊലീസ് പരിധിയിൽ ആടു മേയ്ക്കുകയായിരുന്ന ദേവരാജനെ കൊലപ്പെടുത്തിയ സംഭവത്തിലും ബലാത്സംഗക്കേസ് പ്രതികൾക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയത്. ആടു മേയ്ക്കാനായി എത്തിയ സ്ഥലത്ത് മദ്യപിക്കുന്നതു കണ്ടു വിരട്ടിയതിനെ തുടർന്നാണ് 3 പേരും ചേർന്ന് ഇയാളെ മർദിച്ച് അവശനാക്കി ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
ഇവിടെ നിന്നു വരുന്ന വഴിയാണ് കോവിൽ പാളയത്തെ ബേക്കറിക്കു മുന്നിൽ നിർത്തിയിട്ട ഇരുചക്ര വാഹനവുമായി മൂന്നുപേരും നഗരത്തിലേക്ക് കടന്നത്.
തുടർന്നു മദ്യപാനത്തിനിടെയാണ് എയർപോർട്ടിനു സമീപം കാറിൽ സുഹൃത്തുമായി സംസാരിക്കുകയായിരുന്ന പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തതെന്നു പൊലീസ് പറയുന്നു.
ഗുരുതരമായി പരുക്കേറ്റ് ദിവസങ്ങളോളം കിടന്നതാണ് ദേവരാജിന്റെ മരണകാരണം. ഈ കേസിൽ പ്രതികളെ കോവിൽപാളയം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അറിയുന്നു.
ഒരേ ദിവസം മൂന്നു സ്ഥലത്തായി നടന്ന സംഭവങ്ങളിൽ പ്രതികൾക്കുള്ള ബന്ധം കണ്ടെത്തി മറ്റൊരു കുറ്റപത്രം കൂടി സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
കാൽമുട്ടിനു വെടിയേറ്റ പ്രതികൾ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ
കോയമ്പത്തൂർ ∙ എയർപോർട്ടിനു സമീപം കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും സുഹൃത്തിനെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് കൃത്യം ഒരു മാസം തികയുന്ന ദിവസമായ ഡിസംബർ രണ്ടിനാണ് പീളമേട് പൊലീസ് കോയമ്പത്തൂർ അഡീഷനൽ മഹിളാ കോടതിയിൽ കുറ്റപത്രം നൽകിയത്.
50 പേജുള്ള കുറ്റപത്രത്തിൽ സംഘം ചേർന്നുള്ള ബലാത്സംഗം, കൊലക്കുറ്റം, കവർച്ച, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ ഭാരതീയ ന്യായസംഹിത പ്രകാരം 13 വകുപ്പുകൾ ചുമത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥരായ പീളമേട് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.അർജുൻ കുമാർ, അന്വേഷണ സംഘത്തെ സഹായിക്കാനായി ഉള്ള പ്രത്യേക വനിതാ ഇൻസ്പെക്ടർ എസ്.ലത ഉൾപ്പെടെയുള്ളവർ ചേർന്ന് കുറ്റപത്രം നൽകിയത്.
നവംബർ രണ്ടിന് രാത്രി 10.30നും മൂന്നിന് പുലർച്ചെ 4നും ഇടയിൽ നടന്ന ക്രൂരകൃത്യത്തിലെ പ്രതികളായ ടി.കറുപ്പസ്വാമി (സതീഷ് -30), സഹോദരനായ ടി.കാളീശ്വരൻ (കാർത്തിക് -21), ബന്ധു ഗുണ ( തവസി- 20) എന്നിവരെ സംഭവം നടന്ന് 24 മണിക്കൂറിനകം പൊലീസ് വെടിവച്ച് കീഴ്പെടുത്തിയിരുന്നു.
കാൽമുട്ടിനു വെടിയേറ്റ മൂന്നു പ്രതികളും നിലവിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സംഭവം നടന്നപ്പോൾ തന്നെ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ച് പ്രതികൾക്ക് കനത്ത ശിക്ഷ വാങ്ങി നൽകുമെന്ന് അറിയിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

